മോൺടെക്രിസ്റ്റോ ആനിമൽ പാർക്ക് വീണ്ടും തുറക്കുന്നതിനെതിരെ മൃഗക്ഷേമ സംഘടനകൾ

മോണ്ടെക്രിസ്റ്റോ അനിമൽ പാർക്ക് വീണ്ടും തുറക്കുന്നത് തടയണമെന്ന് ആവശ്യവുമായി മൃഗക്ഷേമ സംഘടനകൾ. സെപ്റ്റംബർ 5, 6 തീയതികളിൽ മോൺടെക്രിസ്റ്റോ ആനിമൽ പാർക്ക് വീണ്ടും തുറക്കുന്നത്. പാർക്കിന് സാധുവായ പ്രവർത്തന ലൈസൻസ് ഉണ്ടെന്ന് സർക്കാർ ഇതുവരെ പരസ്യമായി സ്ഥിരീകരിച്ചിട്ടില്ലെന്നും സംഘടനകൾ ചൂണ്ടിക്കാട്ടി.
“അന്വേഷണ പ്രഖ്യാപനങ്ങളും നടപടികളുടെ വാഗ്ദാനങ്ങളും മാത്രം നടപ്പാക്കലാകുന്നില്ല, കർശനമായ ശിക്ഷാനടപടികളില്ലാതെ ഒരു നിയമം തുടർച്ചയായി ലംഘിക്കപ്പെടുമ്പോൾ, അത് കടലാസിലെഴുതിയ മഷി മാത്രമായി മാറും.” സംഘടനകൾ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
പാർക്കിന്റെ മുൻകാല നിയമലംഘനങ്ങൾ കണക്കിലെടുത്താണ് സംഘടനകൾ ആശങ്ക ഉന്നയിക്കുന്നത്. അനധികൃതമായി വന്യമൃഗങ്ങളെ പാർപ്പിച്ചു, മൃഗങ്ങളെ രജിസ്റ്റർ ചെയ്യുന്നതിൽ വീഴ്ച വരുത്തി, അവയോട് ക്രൂരത കാണിച്ചു എന്നീ കുറ്റങ്ങൾക്ക് 2021-ൽ പാർക്ക് ഉടമയ്ക്ക് 22,000 യൂറോ പിഴ ചുമത്തിയിരുന്നു.
2008 മുതൽ അനധികൃതമായി നിർമ്മിച്ച കെട്ടിടങ്ങൾക്ക് 1.8 മില്യൺ യൂറോ പിഴയും പ്ലാനിംഗ് സംഭാവനകളും അടച്ചതിനെത്തുടർന്ന്, കഴിഞ്ഞ വേനൽക്കാലത്ത് പ്ലാനിംഗ് അതോറിറ്റി ഇവിടെ വികസനാനുമതി നൽകിയിരുന്നു. എന്നാൽ, പ്ലാനിംഗ് പെർമിറ്റ് ലഭിച്ചു എന്നത് മൃഗക്ഷേമ ലംഘനങ്ങൾ ഇല്ലാതാക്കുന്നില്ലെന്നും ശരിയായ പ്രവർത്തന ലൈസൻസിന് പകരമാവില്ലെന്നും സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു.
2025-ൽ ‘വൂച്ചി ആൽ ആനിമാലി’ (Vuċi għall-Annimali) എന്ന സംഘടന നടത്തിയ സന്ദർശനത്തിൽ സുരക്ഷാ വീഴ്ചകളും മൃഗക്ഷേമ ആശങ്കകളും രേഖപ്പെടുത്തിയിരുന്നു. അപകടകാരികളായ മൃഗങ്ങളെ വേണ്ടത്ര സുരക്ഷയില്ലാതെ പാർപ്പിച്ചിരിക്കുന്നതായും, സന്ദർശകർ കടുവയുടെ കൂട്ടിന് വളരെ അടുത്തേക്ക് പോകുന്നതായും അവർ കണ്ടെത്തുകയുണ്ടായി. ഇതിനെത്തുടർന്ന് പൊലീസിൽ പരാതി നൽകുകയും, 2025 ഓഗസ്റ്റിൽ അനധികൃത മൃഗപ്രദർശനം നടക്കുന്നുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പൊലീസും മൃഗക്ഷേമ ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു.
2025 ഒക്ടോബറിൽ മോൺടെക്രിസ്റ്റോയിൽ നടന്ന ഒരു പരിപാടിയിൽ നിയമം പൂർണ്ണമായും ലംഘിച്ച് സർക്കസ് പ്രകടനങ്ങൾ ഉൾപ്പെടുത്തിയതായി അനിമൽ റൈറ്റ്സ് മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ഇതിന്റെ അനുമതി റദ്ദാക്കുകയും നിയമനടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തെങ്കിലും, അന്വേഷണത്തിന്റെ പൊരുൾ എന്തായെന്ന് പൊതുജനങ്ങളെ ഇതുവരെ അറിയിച്ചിട്ടില്ല.
പാർക്ക് തുറക്കുന്നതിന് മുൻപായി സ്ഥാപനത്തിന്റെ പൂർണ്ണമായ ലൈസൻസ് വിവരങ്ങൾ, മൃഗങ്ങളുടെ പട്ടിക, മുൻകാല പരിശോധനാ റിപ്പോർട്ടുകൾ എന്നിവ പരസ്യപ്പെടുത്തണമെന്ന് എം.എസ്.പി.സി.എ (MSPCA), ആനിമൽ അലയൻസ്, ഗോസോ എസ്.പി.സി.എ (Gozo SPCA) എന്നിവയുൾപ്പെടുന്ന മൃഗക്ഷേമ സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടു.



