മാൾട്ടാ വാർത്തകൾ

മാൾട്ടയെയും ഗോസോയെയും ഭൂഗർഭ ഘടനയെക്കുറിച്ച് പുതിയ പഠനഫലം പ്രസിദ്ധീകരിച്ച് ഗവേഷകർ

മാൾട്ടയ്ക്കും ഇറ്റലിയിലെ പന്തെല്ലേറിയ ദ്വീപിനുമിടയിൽ കടലിനടിയിൽ ചുറ്റുമുള്ള സമുദ്രനിരപ്പിൽ നിന്ന് 200 മീറ്റർ ഉയരത്തിൽ ഉയർന്നുനിൽക്കുന്ന ഭീമൻ ഭൂഘടന ശാസ്ത്രജ്ഞർ കണ്ടെത്തി. മധ്യ മെഡിറ്ററേനിയൻ മേഖലയിൽ ഭൂമിയുടെ ടെക്റ്റോണിക് ഫലകങ്ങൾ തമ്മിലുള്ള ചലനത്തിന് പുതിയ തെളിവുകൾ നൽകുന്നതാണ് ഈ കണ്ടെത്തൽ.

മാൾട്ടയിൽ നിന്ന് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ 60 മുതൽ 80 കിലോമീറ്റർ വരെ അകലെയാണ് ഈ ഭൂഘടന സ്ഥിതി ചെയ്യുന്നത്. 26 കിലോമീറ്റർ നീളവും 4.6 കിലോമീറ്റർ വീതിയുമുള്ള ഈ ഘടന സമുദ്രനിരപ്പിൽ നിന്ന് 1,400 മുതൽ 1,750 മീറ്റർ വരെ ആഴത്തിലാണ് കണ്ടെത്തിയത്. മാൾട്ട ഗ്രാബെൻ (Malta Graben) എന്നറിയപ്പെടുന്ന കടലിനടിയിലെ വിള്ളൽ താഴ്‌വരയുടെ വടക്കൻ മേഖലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

ഭൂമിയുടെ പുറംപാളിയിലെ ഭാഗങ്ങൾ പരസ്പരം അകന്നുമാറി താഴേക്ക് പതിച്ചതിനെത്തുടർന്ന് കടലിനടിയിൽ രൂപപ്പെട്ട ആഴമേറിയ താഴ്‌വരയാണ് മാൾട്ട ഗ്രാബെൻ.

ടെക്റ്റോണിക് ഫലകങ്ങളുടെ ചലനവും മാൾട്ട ഗ്രാബെനും: ആഫ്രിക്ക-യൂറോപ്പ് ഭൂചലനങ്ങളും സിസിലി ചാനലിലെ സമീപകാല ടെക്റ്റോണിക് മാറ്റങ്ങളും എന്ന തലക്കെട്ടിൽ ‘ടെക്റ്റോണോഫിസിക്‌സ് (Tectonophysics) എന്ന ശാസ്ത്ര ജേണലിലാണ് പഠനഫലങ്ങൾ പ്രസിദ്ധീകരിച്ചത്.

ഇറ്റലിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോഫിസിക്സ് ആൻഡ് വോൾക്കനോളജി, പാർമ സർവകലാശാല എന്നിവിടങ്ങളിലെ നിക്കോളോ കിസിനിയുടെ നേതൃത്വത്തിലായിരുന്നു ഗവേഷണം. ഇറ്റലിയിലെയും ഫ്രാൻസിലെയും വിവിധ ഗവേഷണ സ്ഥാപനങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരും സംഘത്തിലുണ്ടായിരുന്നു.

കടലിനടിയിലെ അവശിഷ്ടക്കൂമ്പാരമല്ല

സമുദ്രത്തിന്റെ അടിത്തട്ടിന്റെ ആഴവും രൂപവും അളക്കുന്ന ബാത്തിമെട്രിക് സർവേകളും ശബ്ദതരംഗങ്ങൾ ഉപയോഗിച്ച് കടലിനടിയിലെ ഭൂഗർഭ പാളികൾ പരിശോധിക്കുന്ന സീസ്മിക് റിഫ്ലക്ഷൻ പ്രൊഫൈലുകളും സംയോജിപ്പിച്ചാണ് ഗവേഷകർ ഈ ഭൂഘടനയുടെ രൂപം കണ്ടെത്തിയത്.

നേരത്തെയുള്ള പഠനങ്ങളിൽ, സമുദ്രത്തിനടിയിലൂടെയുള്ള ജലപ്രവാഹങ്ങൾ കൊണ്ടുവന്ന അവശിഷ്ടങ്ങൾ അടിഞ്ഞുകൂടി രൂപപ്പെട്ടതാകാം ഈ ഉയർന്ന പ്രദേശമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ സീസ്മിക് പരിശോധനയിൽ, അതിന് താഴെയുള്ള പാറപ്പാളികൾ തന്നെ മുകളിലേക്ക് വളഞ്ഞും വിള്ളലുകൾ രൂപപ്പെട്ടും കിടക്കുന്നതായി കണ്ടെത്തി. ഇതോടെ, വെറും അവശിഷ്ടക്കൂമ്പാരമല്ല, മറിച്ച് സവിശേഷമായ ഭൂഗർഭ ഘടനയാണിതെന്ന് വ്യക്തമായി.

‘പോസിറ്റീവ് സ്ട്രക്ചറൽ ഇൻവേർഷൻ’ (Positive Structural Inversion) എന്നറിയപ്പെടുന്ന ഭൂഗർഭ പ്രക്രിയയാണ് ഇതിന് കാരണമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. ഭൂമിയുടെ പുറംപാളി വലിഞ്ഞ് അകന്നുമാറിയ കാലത്ത് രൂപപ്പെട്ട വിള്ളലുകൾ പിന്നീട് സമ്മർദത്തിന്റെ ഫലമായി വീണ്ടും സജീവമാകുകയും ഭൂഗർഭ പാളികളെ മുകളിലേക്ക് തള്ളുകയും ചെയ്യുന്ന പ്രക്രിയയാണിത്.

ഭൂമിയുടെ പുറംപാളി വലിഞ്ഞ് അകന്നതിന്റെ ഫലമായാണ് മാൾട്ട ഗ്രാബെൻ ആദ്യം രൂപപ്പെട്ടത്. എന്നാൽ പിന്നീട് ആഫ്രിക്കൻ, യൂറേഷ്യൻ ടെക്റ്റോണിക് ഫലകങ്ങൾ തമ്മിലുള്ള ചലനം ഈ കടലിനടിയിലെ ഘടനയിൽ മാറ്റങ്ങൾ വരുത്തി.

ആഫ്രിക്കൻ ഫലകം പ്രതിവർഷം ഏകദേശം അഞ്ച് മില്ലിമീറ്റർ വേഗത്തിൽ വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ യൂറോപ്പിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇത് മധ്യ മെഡിറ്ററേനിയൻ മേഖലയിൽ ഭൂഗർഭ സമ്മർദം സൃഷ്ടിക്കുകയും വിവിധ വിള്ളൽ സംവിധാനങ്ങളിൽ സങ്കീർണമായ ചലനങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു.

മാൾട്ടയുടെയും ഗോസോയുടെയും ഭൂഘടനയ്ക്ക് പിന്നിൽ ഒരേ വിള്ളൽ സംവിധാനം

മാൾട്ട ഗ്രാബെനും മാൾട്ട-ഗോസോ ബേസിനും തമ്മിലുള്ള ഭൂഗർഭ ബന്ധമാണ് പഠനത്തിലെ പ്രധാന കണ്ടെത്തലുകളിലൊന്ന്. മാൾട്ടയെയും ഗോസോയെയും വേർതിരിക്കുന്ന കടലിനടിയിലെ ആഴമേറിയ താഴ്ന്ന പ്രദേശമാണ് മാൾട്ട-ഗോസോ ബേസിൻ.

വ്യത്യസ്ത വിള്ളൽ മേഖലകളിലായി രൂപപ്പെട്ടതാണെങ്കിലും ഈ രണ്ട് ഭൂഘടനകളും ഒരേ പ്രാദേശിക ടെക്റ്റോണിക് സംവിധാനത്തിന്റെ ഭാഗമാണെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. ഭൂമിയുടെ പുറംപാളി വലത്തോട്ട് പാർശ്വചലനം നടത്തുന്നതിനൊപ്പം വലിഞ്ഞ് അകന്നുമാറുന്ന രീതിയിലുള്ള ചലനമാണിത്. ‘ഡെക്സ്ട്രൽ ട്രാൻസ്ടെൻഷൻ’ (Dextral Transtension) എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്.

മാൾട്ടീസ് ദ്വീപുകളുടെ ഭൂഗർഭ ഘടനയെ പ്രധാനമായും രണ്ട് കാലഘട്ടങ്ങളിലുണ്ടായ വിള്ളൽ സംവിധാനങ്ങളാണ് സ്വാധീനിച്ചിരിക്കുന്നത്.

ഏകദേശം 23 മുതൽ 16 ദശലക്ഷം വർഷങ്ങൾക്ക് മുമ്പുള്ള ആദ്യകാല മയോസീൻ ഘട്ടത്തിൽ രൂപപ്പെട്ടതാണ് പഴയ വിള്ളൽ സംവിധാനം. കിഴക്ക്-വടക്കുകിഴക്ക് മുതൽ പടിഞ്ഞാറ്-തെക്കുപടിഞ്ഞാറ് ദിശയിലേക്കാണ് ഈ വിള്ളലുകൾ വ്യാപിച്ചിരിക്കുന്നത്. ദ്വീപുകളുടെ ഭൂഗർഭ ഘടനയിൽ കാണപ്പെടുന്ന ഉയർന്നതും താഴ്ന്നതുമായ പാറപ്പാളികൾ രൂപപ്പെടുന്നതിൽ ഇവയ്ക്ക് പ്രധാന പങ്കുണ്ട്.

ഏകദേശം 11.6 മുതൽ 3.3 ദശലക്ഷം വർഷങ്ങൾക്ക് മുമ്പുള്ള അവസാന മയോസീൻ മുതൽ ആദ്യകാല പ്ലിയോസീൻ ഘട്ടം വരെയുള്ള കാലയളവിലാണ് രണ്ടാമത്തെ, കൂടുതൽ പുതിയ വിള്ളൽ സംവിധാനം രൂപപ്പെട്ടത്. വടക്കുപടിഞ്ഞാറ് മുതൽ തെക്കുകിഴക്ക് ദിശയിലേക്കാണ് ഇവ വ്യാപിക്കുന്നത്. ഭൂമിയുടെ പുറംപാളി വലിഞ്ഞ് അകന്നുമാറുന്നതിനൊപ്പം വിള്ളലുകളിലൂടെ പാർശ്വചലനങ്ങളും ഈ ഘട്ടത്തിൽ ഉണ്ടായി. മാൾട്ട-ഗോസോ ബേസിൻ രൂപപ്പെടാൻ കാരണമായത് ഈ പുതിയ വിള്ളൽ സംവിധാനമാണെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.

പ്രദേശത്ത് രേഖപ്പെടുത്തിയ ഭൂകമ്പങ്ങളുടെ വിവരങ്ങളും ഭൂമിയുടെ പുറംപാളി വലത്തോട്ട് പാർശ്വചലനം നടത്തുന്നതിനൊപ്പം വികസിക്കുന്നതായും സ്ഥിരീകരിക്കുന്നു. മാൾട്ട ഗ്രാബെനും മാൾട്ട-ഗോസോ ബേസിനും വിശാലമായ ഒരേ ഭൂഗർഭ ചലനമേഖലയുടെ പരസ്പരം ബന്ധപ്പെട്ട ഭാഗങ്ങളാണെന്ന വാദത്തിന് ഇത് പിന്തുണ നൽകുന്നു.

ഈ പ്രാദേശിക ഭൂഗർഭ ചലനങ്ങളുടെ പ്രധാന പ്രതിഫലനമാണ് മാൾട്ട ഗ്രാബെൻ. അതേസമയം, താരതമ്യേന ചെറിയ മാൾട്ട-ഗോസോ ബേസിൻ ഇതേ സംവിധാനത്തിന്റെ പുറംഭാഗത്തുള്ള ഘടനയാണെന്നും ഗവേഷകർ വിശദീകരിക്കുന്നു.

മാൾട്ടയുടെ ഭൂഗർഭ ഘടനയെക്കുറിച്ച് പുതിയ അറിവ്

മാൾട്ടീസ് ദ്വീപുകളുടെയും ചുറ്റുമുള്ള സമുദ്രഭാഗങ്ങളുടെയും ഭൂഗർഭ ഘടനയെ രൂപപ്പെടുത്തുന്ന ശക്തികളെക്കുറിച്ച് കൂടുതൽ വ്യക്തമായ ധാരണ നൽകുന്നതാണ് പുതിയ കണ്ടെത്തൽ. ആഫ്രിക്കൻ, യൂറേഷ്യൻ ഫലകങ്ങൾ തമ്മിലുള്ള പ്രതിപ്രവർത്തനം ഈ മേഖലയിൽ സങ്കീർണമായ ഭൂഗർഭ ചലനങ്ങൾക്ക് കാരണമാകുന്നുണ്ട്.

ഭൂഗർഭ വിള്ളലുകൾ എങ്ങനെ ചലിക്കുന്നു, അവ വീണ്ടും സജീവമാകുന്നത് എങ്ങനെയാണ് തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കുന്നത് മേഖലയുടെ ഭൂകമ്പ സാധ്യതകളും ഭൂഗർഭ അപകടസാധ്യതകളും വിലയിരുത്തുന്നതിന് നിർണായകമാണ്.

സിസിലി ചാനലിന്റെ ഭൂഗർഭ പരിണാമത്തെക്കുറിച്ചും ഭൂമിയുടെ പുറംപാളിയിലെ ആഴത്തിലുള്ള വിള്ളലുകളിലൂടെ മാഗ്മ നീങ്ങുന്നതിൽ അവ വഹിക്കുന്ന പങ്കിനെക്കുറിച്ചും പഠനം കൂടുതൽ അറിവ് നൽകുന്നു.

കടലിനടിയിലെ ഭൂഘടനയിൽ ഗണ്യമായ രൂപമാറ്റങ്ങൾ കണ്ടെത്തിയിരിക്കുന്നത് മറ്റൊരു പ്രധാന കാര്യത്തിലും പ്രസക്തമാണ്. ടെലികോം കേബിളുകളും വൈദ്യുതി ബന്ധിപ്പിക്കുന്ന സമുദ്രാന്തർ കണക്ഷനുകളും ഉൾപ്പെടെയുള്ള നിർണായക അടിസ്ഥാന സൗകര്യങ്ങൾ കടന്നുപോകുന്ന മേഖലയാണിത്. അതിനാൽ ഇത്തരം ഭൂഗർഭ ചലനങ്ങൾ സമുദ്രാന്തർ അടിസ്ഥാന സൗകര്യങ്ങളുടെ സ്ഥിരതയെ എങ്ങനെ ബാധിക്കുമെന്നത് വിലയിരുത്തുന്നതിനും പഠനം സഹായകമാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button