അന്തർദേശീയം

മിസിസിപ്പി നദിയിൽ ടാങ്കർ നിയന്ത്രണംവിട്ട് റിവർ ക്രൂയിസ് കപ്പലിൽ ഇടിച്ചു; 32 പേർക്ക് പരിക്ക്

വാഷിങ്ടൺ ഡിസി : ന്യൂ ഓർലിയൻസ് പോർട്ടിന് സമീപം മിസിസിപ്പി നദിയിൽ നിയന്ത്രണം വിട്ട ടാങ്കർ കപ്പൽ നിർത്തിയിട്ടിരുന്ന റിവർ ക്രൂയിസ് കപ്പലിൽ ഇടിച്ച് അപകടം. ഇടിയുടെ ആഘാതത്തിൽ ക്രൂയിസ് കപ്പൽ മറിഞ്ഞ് യാത്രക്കാർ വെള്ളത്തിൽ വീണു. 32 പേരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം. വെള്ളിയാഴ്ച നടന്ന അപകടത്തിൽപെട്ട ക്രൂയിസ് കപ്പലിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി കണ്ടെത്താനായതായി അധികൃതർ അറിയിച്ചു.

അറ്റ്‌ലാന്റിക് അസ്ഫാൽറ്റ് (Atlantic Asphalt) എന്ന ടാങ്കർ കപ്പലും അമേരിക്കൻ ക്രൂയിസ് ലൈൻസ് പ്രവർത്തിപ്പിക്കുന്ന അമേരിക്കൻ ഹെറിറ്റേജ് (American Heritage) എന്ന റിവർബോട്ടുമാണ് അപകടത്തിൽപ്പെട്ടത്. പ്രാദേശിക സമയം ഉച്ചയ്ക്ക് 12:30-ഓടെ, ടാങ്കർ യാത്രാ കപ്പലിന്റെ ഡോക്കിങ് പോയിന്റിന് സമീപത്തുവെച്ച് ഇടിക്കുകയായിരുന്നുവെന്ന് പോർട്ട് അധികൃതർ അറിയിച്ചു.

അപകടത്തിന് മുമ്പ് ടാങ്കറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടിരുന്നതായി ന്യൂ ഓർലിയൻസ് മേയർ ഹെലീന മൊറേനോ പറഞ്ഞു. അപകടസമയത്ത് 190-ഓളം ആളുകളാണ് കപ്പലിൽ ഉണ്ടായിരുന്നതെന്നും അവർ വ്യക്തമാക്കി. ആശുപത്രിയിൽ ചികിത്സയിലുള്ള 32 പേരിൽ ആരുടെയും പരിക്ക് ഗുരുതരമല്ല. രക്ഷാപ്രവർത്തനത്തിന് സഹായിച്ച രണ്ട് പോലീസ് ഉദ്യോഗസ്ഥരും ആശുപത്രിയിലായവരിൽ ഉൾപ്പെടുന്നു.

നദിയിൽ ഏകദേശം രണ്ട് മണിക്കൂറോളം നിർത്തിയിട്ടിരുന്ന അമേരിക്കൻ ഹെറിറ്റേജിൽ നിന്ന് യാത്രക്കാർ പുറത്തേക്ക് ഇറങ്ങുന്നതിനിടെയാണ് കൂട്ടിയിടിയുണ്ടായത്. കപ്പൽ വശത്തേക്ക് ചരിഞ്ഞു വീഴുന്നതിന് മുമ്പ് 87-ഓളം പേരെ ഒഴിപ്പിക്കാൻ രക്ഷാപ്രവർത്തകർക്കായി. അപകടത്തിന്റെ വലിപ്പം കണക്കിലെടുക്കുമ്പോൾ ഇത് അസാധാരണമായ ഒരു രക്ഷപ്പെടലാണെന്ന് ലൂസിയാന ഗവർണർ ജെഫ് ലാൻഡ്രി വിശേഷിപ്പിച്ചു.

‘ഇതൊരു അത്ഭുതമാണ്. മിസിസിപ്പിയിലെ യഥാർത്ഥ അത്ഭുതം,’ എന്നാണ് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞത്. MarineTraffic.com എന്ന വെസൽ-ട്രാക്കിങ് വെബ്സൈറ്റ് നൽകുന്ന വിവരമനുസരിച്ച്, അറ്റ്ലാന്റിക് അസ്ഫാൽറ്റ് ടാങ്കർ ഫ്രഞ്ച് ക്വാർട്ടർ പിന്നിട്ട് മിസിസിപ്പി നദിയിലൂടെ മുകളിലേക്ക് സഞ്ചരിക്കവെ, ഒരു പാലത്തിനടിയിലൂടെ കടന്നുപോകുമ്പോഴാണ് നിർത്തിയിട്ടിരുന്ന ക്രൂയിസ് ബോട്ടിൽ ഇടിച്ചത്.

മാർഷൽ ദ്വീപുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഈ ടാങ്കർ കപ്പലിന് 525 അടി നീളവും 77 അടി വീതിയുമുണ്ട്. 2015-ൽ നിർമ്മിച്ച പാഡിൽ-വീൽ റിവർബോട്ടാണ് അമേരിക്കൻ ഹെറിറ്റേജ്. ഇതിൽ 150 യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുണ്ടെന്ന് അമേരിക്കൻ ക്രൂയിസ് ലൈൻസ് വ്യക്തമാക്കുന്നു. രക്ഷാപ്രവർത്തകരുടെ സഹായത്തോടെ യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചതായി ക്രൂയിസ് ഓപ്പറേറ്റർ സ്ഥിരീകരിച്ചു.

ഇതിലെ യാത്രക്കാർക്ക് താമസസൗകര്യവും സഹായവും നൽകിയിട്ടുണ്ടെന്ന് ക്രൂയിസ് ഓപ്പറേറ്റർ അറിയിച്ചു. ‘അതിഥികളെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. ഉൾപ്പെട്ട എല്ലാവരുടെയും കാര്യത്തിൽ ഞങ്ങൾ വളരെയധികം ആശങ്കാകുലരാണ്’ – കമ്പനി പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.

ടാങ്കർ യാത്രാ കപ്പലിൽ ഇടിക്കാനുണ്ടായ സാഹചര്യം കണ്ടെത്താൻ യുഎസ് കോസ്റ്റ് ഗാർഡും നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും (NTSB) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തെത്തുടർന്ന് അടിയന്തര രക്ഷാപ്രവർത്തനങ്ങൾ നടന്നതിനാൽ മിസിസിപ്പി നദിയിലൂടെയുള്ള കപ്പൽ ഗതാഗതം താത്കാലികമായി നിർത്തിവെച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button