ഗെയിമിംഗ് മേഖലയിൽ തൊഴിലുകൾക്ക് ഭീഷണിയായി എ.ഐ; 14 തൊഴിൽ മേഖലകളിൽ ജോലി നഷ്ടപ്പെടാൻ സാധ്യത

ഗെയിമിങ് വ്യവസായത്തിൽ കാസിനോ റിവ്യൂകൾ എഴുതുക, കളിക്കാരുടെ സംശയങ്ങൾക്ക് മറുപടി നൽകുക, ഉപഭോക്താക്കളുടെ രേഖകൾ പരിശോധിക്കുക തുടങ്ങിയ ജോലികൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഏറ്റെടുത്തേക്കാമെന്ന് പഠന റിപ്പോർട്ട്.
മാൾട്ട ആസ്ഥാനമായി പ്രവർത്തിക്കുന്ന എഐ, ഓട്ടോമേഷൻ കമ്പനിയായ എയ്ജൻസി (Aigentcy) നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ഗെയിമിങ് വ്യവസായത്തിലെ തിരഞ്ഞെടുത്ത 15 തൊഴിൽ മേഖലകളിൽ 14 എണ്ണവും എഐയുടെ കടന്നുകയറ്റത്തിന് ഉയർന്ന തോതിൽ വിധേയമാകാൻ സാധ്യതയുള്ളവയാണെന്നാണ് പഠനം വിലയിരുത്തുന്നത്.
ഗെയിമിങ് മേഖലയിലെ കണ്ടന്റ് റൈറ്റർമാരുടെ കൂട്ടപ്പിരിച്ചുവിടലുകളെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് പഠനം നടത്താൻ പ്രേരിപ്പിച്ചതെന്ന് എയ്ജൻസി ഡയറക്ടർ സൈമൺ ബൊണെല്ലോ പറഞ്ഞു. ഒരേ ജോലി ചെയ്യുന്ന കൂടുതൽ ആളുകളെ നിയമിക്കാതെ തന്നെ ഒരു വ്യവസായത്തിന് വളരാൻ കഴിയുമെന്നും വരുമാനം വർധിക്കുന്നുണ്ടെങ്കിലും ചില ജീവനക്കാർക്ക് തൊഴിൽമാറ്റം വലിയ വെല്ലുവിളിയായേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എയ്ജൻസിയുടെ വിലയിരുത്തലിൽ കാസിനോ കണ്ടന്റ് റൈറ്റർമാരാണ് എഐയുടെ കടന്നുകയറ്റത്തിന് ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗം. 100ൽ 67 പോയിന്റാണ് ഇവർക്ക് ലഭിച്ചത്. കസ്റ്റമർ സപ്പോർട്ട് ഏജന്റുമാർക്ക് 65 പോയിന്റും എസ്ഇഒ സ്പെഷ്യലിസ്റ്റുകൾക്കും കെവൈസി (KYC) അനലിസ്റ്റുകൾക്കും 64 പോയിന്റുമാണ് ലഭിച്ചത്. എന്നാൽ ലൈവ് കാസിനോ ഡീലർമാർക്ക് 28 പോയിന്റ് മാത്രമാണ് ലഭിച്ചത്.
ഉപഭോക്തൃ സേവന മേഖലയിൽ സാങ്കേതികവിദ്യയ്ക്ക് ശരിയായ തീരുമാനമെടുക്കാൻ കഴിയാത്ത സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ മനുഷ്യരുടെ സാന്നിധ്യം തുടർന്നും ആവശ്യമാണെന്ന് എയ്ജൻസിയുടെ എഐ ആൻഡ് ഓട്ടോമേഷൻ വിഭാഗം മേധാവി പ്രസാദ് സുബ്രഹ്മണ്യ പറഞ്ഞു.
ഉപഭോക്താക്കളുമായി മനുഷ്യർക്കുള്ള ബന്ധം ഇപ്പോഴും അനിവാര്യമാണെന്നും ഉപഭോക്തൃ സേവനത്തിനായി കമ്പനികൾക്ക് പൂർണമായും ബോട്ടുകളെ ആശ്രയിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
തൊഴിൽ മേഖലകളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ
എഐക്ക് മികച്ച വ്യാകരണശുദ്ധിയോടെ ഉള്ളടക്കം തയ്യാറാക്കാൻ കഴിയുമെങ്കിലും അത് അർഥവത്താണോ എന്ന് ഉറപ്പാക്കാൻ മനുഷ്യരുടെ പരിശോധന ആവശ്യമാണെന്ന് ബൊണെല്ലോ പറഞ്ഞു. ഉപഭോക്താക്കൾക്ക് എന്താണ് വേണ്ടതെന്നും ഏതൊക്കെ ഉൽപ്പന്നങ്ങളാണ് വികസിപ്പിക്കേണ്ടതെന്നും തീരുമാനിക്കാൻ ജീവനക്കാർ ആവശ്യമായി വരുമെന്നും സുബ്രഹ്മണ്യ ചൂണ്ടിക്കാട്ടി.
ഉപഭോക്താക്കളുടെ തിരിച്ചറിയൽ വിവരങ്ങൾ പരിശോധിക്കുന്ന കെവൈസി അനലിസ്റ്റുകളുടെ ജോലികളിലും എഐക്ക് വലിയ പങ്കുവഹിക്കാനാകും. തിരിച്ചറിയൽ രേഖകൾ പരിശോധിക്കുക, ഉപരോധ പട്ടികകളുമായി വിവരങ്ങൾ ഒത്തുനോക്കുക, പണത്തിന്റെ ഉറവിടം സംബന്ധിച്ച രേഖകൾ വിലയിരുത്തുക തുടങ്ങിയവയാണ് ഇവരുടെ പ്രധാന ജോലികൾ.
കേസ് സംബന്ധിച്ച കുറിപ്പുകളും ആവശ്യമായ രേഖകൾ സമർപ്പിക്കാനുള്ള അറിയിപ്പുകളും തയ്യാറാക്കുന്നതിന് എഐയുടെ സഹായം ഉപയോഗിക്കാമെന്നാണ് എയ്ജൻസിയുടെ വിലയിരുത്തൽ. എന്നാൽ അപകടസാധ്യത വിലയിരുത്തുന്നതും തുടർനടപടികൾ തീരുമാനിക്കുന്നതും ജീവനക്കാർ തന്നെ നിർവഹിക്കേണ്ടിവരും.
പഠനത്തിൽ ഉൾപ്പെടുത്തിയ 15 ഗെയിമിങ് തൊഴിൽ മേഖലകളുടെ ശരാശരി എഐ സാധ്യതാ സ്കോർ 57.9 ശതമാനമാണ്. രാജ്യത്തെ വിവിധ തൊഴിൽ മേഖലകളുടെ ശരാശരി 38.8 ശതമാനമായിരിക്കെയാണ് ഇത്. എന്നാൽ ഓരോ തൊഴിൽ വിഭാഗത്തിലും എത്ര ജീവനക്കാരുണ്ടെന്ന കണക്ക് ലഭ്യമല്ലാത്തതിനാൽ എല്ലാ വിഭാഗങ്ങൾക്കും ഒരേ പ്രാധാന്യം നൽകിയാണ് പഠനം നടത്തിയത്. അതിനാൽ ഗെയിമിങ് മേഖലയിലെ മൊത്തം ജീവനക്കാരിൽ എത്രപേർക്ക് എഐയുടെ സ്വാധീനമുണ്ടാകുമെന്ന് ഈ ശരാശരി കൃത്യമായി വ്യക്തമാക്കുന്നില്ല.
എഐ ഉപയോഗം വ്യാപകമാകുന്നു
മാൾട്ടയിലെ എത്ര കമ്പനികൾ എഐ ഉപയോഗം ആരംഭിച്ചുവെന്ന ചോദ്യത്തിന് കൃത്യമായ കണക്ക് നൽകാൻ ബൊണെല്ലോ തയ്യാറായില്ല. എന്നാൽ ഏതെങ്കിലും തരത്തിൽ എല്ലാ കമ്പനികളും എഐ ഉപയോഗിക്കുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.
ഇമെയിലുകൾ തയ്യാറാക്കുക, സ്പ്രെഡ്ഷീറ്റുകളിൽ പ്രവർത്തിക്കുക തുടങ്ങിയ ദൈനംദിന ആവശ്യങ്ങൾക്കായി ChatGPT ഉപയോഗിക്കുന്നതാണ് ഏറ്റവും സാധാരണമായ രീതി.
എഐ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് ആസൂത്രണം ചെയ്യുന്നതിനായി ചില കമ്പനികൾ എയ്ജൻസിയെ സമീപിച്ചപ്പോൾ, പരാജയപ്പെട്ട പരീക്ഷണങ്ങൾക്ക് ശേഷമാണ് മറ്റു ചിലർ സഹായം തേടിയത്. ചില സാഹചര്യങ്ങളിൽ ഓട്ടോമേഷൻ സാമ്പത്തികമായി പ്രയോജനകരമാകില്ലെന്ന ഉപദേശവും കമ്പനി നൽകിയിട്ടുണ്ട്.
മാൾട്ട ഗെയിമിങ് അതോറിറ്റിയുടെ (MGA) 2025ലെ വാർഷിക റിപ്പോർട്ടിലും എഐ ഉപയോഗത്തെക്കുറിച്ച് പരാമർശമുണ്ട്. ഗെയിമിങ് കമ്പനികൾ സമർപ്പിക്കുന്ന ഇൻഡസ്ട്രി പെർഫോമൻസ് റിപ്പോർട്ടുകൾ പരിശോധിക്കാൻ മെഷീൻ ലേണിങ് മാതൃകയും ക്രിമിനൽ പശ്ചാത്തല പരിശോധനയ്ക്കായി വിവരങ്ങൾ കണ്ടെത്തുന്ന എഐ സംവിധാനവും അതോറിറ്റി ഉപയോഗിക്കുന്നുണ്ട്. എന്നാൽ എഐ കണ്ടെത്തുന്ന വിവരങ്ങൾ ജീവനക്കാർ പരിശോധിക്കുന്നതിനാൽ മനുഷ്യരുടെ മേൽനോട്ടം തുടരുന്നുണ്ട്.
യുഎൻഎൽവിയുടെ ഇന്റർനാഷണൽ ഗെയിമിങ് ഇൻസ്റ്റിറ്റ്യൂട്ടും കെപിഎംജിയും ചേർന്ന് നടത്തിയ ‘സ്റ്റേറ്റ് ഓഫ് എഐ ഇൻ ഗെയിമിങ് 2026’ പഠനത്തിൽ പങ്കെടുത്ത 83 ചൂതാട്ട കമ്പനികളിൽ സാങ്കേതികവിദ്യാ ഉപയോഗത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകിയ 81 കമ്പനികളിൽ 81.5 ശതമാനവും ജനറേറ്റീവ് എഐ ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു.
മാൾട്ടയിൽ നാലിലൊന്ന് തൊഴിലാളികൾ എഐയുടെ സ്വാധീനപരിധിയിൽ
എയ്ജൻസിയുടെ വിപുലമായ തൊഴിൽ പഠനമനുസരിച്ച്, വിലയിരുത്തലിന് വിധേയമായ 3,20,500 തൊഴിലാളികളിൽ 77,600 പേർക്ക്, അതായത് 24.2 ശതമാനം പേർക്ക്, എഐയുടെ സ്വാധീനം ഉയർന്ന തോതിൽ അനുഭവപ്പെടാൻ സാധ്യതയുണ്ട്. 50 അല്ലെങ്കിൽ അതിലധികം പോയിന്റ് ലഭിച്ച ഏഴ് തൊഴിൽ വിഭാഗങ്ങളിലാണ് ഇവർ ഉൾപ്പെടുന്നത്.
കസ്റ്റമർ സർവീസ് ക്ലർക്കുമാർക്കാണ് ഏറ്റവും ഉയർന്ന സ്കോർ (65.8). ജനറൽ, കീബോർഡ് ക്ലർക്കുമാർക്ക് 62.6 പോയിന്റും ഐസിടി പ്രൊഫഷണലുകൾക്ക് 59.2 പോയിന്റുമാണ് ലഭിച്ചത്.
ബിസിനസ്, അഡ്മിനിസ്ട്രേഷൻ അസോസിയേറ്റ് പ്രൊഫഷണലുകൾക്ക് 58.8 പോയിന്റും പ്രൊഫഷണലുകൾക്ക് 58.3 പോയിന്റും ഐസിടി ടെക്നീഷ്യൻമാർക്ക് 57.4 പോയിന്റും കണക്കുകൾ രേഖപ്പെടുത്തി. സംഖ്യാ വിവരങ്ങളും രേഖകളും കൈകാര്യം ചെയ്യുന്ന ക്ലർക്കുമാർക്ക് 50.7 പോയിന്റാണ് ലഭിച്ചത്.
ഈ ഏഴ് തൊഴിൽ വിഭാഗങ്ങളിലെ ഉയർന്ന എഐ സാധ്യതയുള്ള ജീവനക്കാരിൽ ഏകദേശം പകുതിയോളം പേർ ബിസിനസ്, അഡ്മിനിസ്ട്രേഷൻ മേഖലകളിലാണ് ജോലി ചെയ്യുന്നത്. ഈ രണ്ട് വിഭാഗങ്ങളിലായി 37,700 ജീവനക്കാരുണ്ട്.
അതേസമയം, ശാസ്ത്ര-എൻജിനീയറിങ് മേഖലകളിലെ പ്രൊഫഷണലുകൾക്ക് 49.8 പോയിന്റും നിയമ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രൊഫഷണലുകൾക്ക് 46.1 പോയിന്റും അധ്യാപകർക്ക് 42.6 പോയിന്റും ആരോഗ്യ മേഖലയിലെ ജീവനക്കാർക്ക് 38 പോയിന്റുമാണ് ലഭിച്ചത്.
അമേരിക്കയിലെ തൊഴിൽ മേഖലകളുടെ ജോലിവിവരണങ്ങൾ എഐ മാതൃക ഉപയോഗിച്ച് വിലയിരുത്തുകയും മറ്റ് പഠനങ്ങളിലെ വിവരങ്ങളുമായി സംയോജിപ്പിക്കുകയും ചെയ്താണ് എയ്ജൻസി ഈ വിശകലനം നടത്തിയത്. തുടർന്ന് ഈ തൊഴിൽ വിഭാഗങ്ങളെ മാൾട്ടയിലെ 2025ലെ 15 മുതൽ 64 വയസ്സുവരെയുള്ളവരുടെ തൊഴിൽ കണക്കുകളുമായി താരതമ്യം ചെയ്തു.
അമേരിക്കയിലെയും മാൾട്ടയിലെയും സമാന തൊഴിൽ മേഖലകളിൽ ഏകദേശം ഒരേ തരത്തിലുള്ള ജോലികളാണ് നടക്കുന്നതെന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കണക്കുകൾ തയ്യാറാക്കിയത്.
എന്നാൽ ഈ കണക്കുകൾ എഐയുടെ സ്വാധീനസാധ്യതയാണ് സൂചിപ്പിക്കുന്നത്. തൊഴിൽ നഷ്ടപ്പെടുന്നവരുടെ കൃത്യമായ എണ്ണമോ ഭാവിയിൽ സംഭവിക്കാനിരിക്കുന്ന പിരിച്ചുവിടലുകളോ അല്ല ഇത്. ഭൗതിക റോബോട്ടുകളുടെ ഉപയോഗവും പഠനത്തിൽ പരിഗണിച്ചിട്ടില്ല.
യുവതലമുറയെ തൊഴിൽമാറ്റത്തിന് സജ്ജമാക്കണം
കമ്പനികൾക്ക് എഐ നടപ്പാക്കാൻ സഹായിക്കുന്ന എയ്ജൻസിയുടെ വാണിജ്യ പ്രവർത്തനങ്ങളിൽ നിന്നാണ് ഈ പഠനം രൂപംകൊണ്ടതെന്ന് ബൊണെല്ലോ പറഞ്ഞു. അതേസമയം, പഠനത്തിലൂടെ തൊഴിലാളികൾക്ക് ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കാനും ലക്ഷ്യമിടുന്നതായി അദ്ദേഹം വ്യക്തമാക്കി.
എഐയുടെ വരവോടെ തുടക്കക്കാരായ ജീവനക്കാർക്ക് നൽകിയിരുന്ന പല ജോലികളും മാറിയേക്കാമെങ്കിലും ജൂനിയർ ജീവനക്കാരിൽ കമ്പനികൾ നിക്ഷേപം തുടരേണ്ടതുണ്ടെന്ന് ബൊണെല്ലോ അഭിപ്രായപ്പെട്ടു. ഭാവിയിൽ പരിചയസമ്പന്നരായ ജീവനക്കാരെ ആവശ്യമുള്ളതിനാൽ പുതിയ തലമുറയ്ക്ക് പരിശീലനവും തൊഴിൽപരിചയവും നൽകുന്നത് കമ്പനികൾ തുടരണമെന്നും അദ്ദേഹം പറഞ്ഞു.
എഐയുടെ വളർച്ചയ്ക്കനുസരിച്ച് വിദ്യാഭ്യാസ മേഖലയിലും മാറ്റങ്ങൾ അനിവാര്യമാണെന്ന് ബൊണെല്ലോയും സുബ്രഹ്മണ്യയും ചൂണ്ടിക്കാട്ടി. തൊഴിൽ വിപണിയിലേക്ക് പ്രവേശിക്കുന്ന ബിരുദധാരികൾക്ക് കാലത്തിനനുസരിച്ചുള്ള കഴിവുകൾ ഉറപ്പാക്കണം. എഐ എങ്ങനെ പ്രവർത്തിക്കുന്നു, അത് തങ്ങളുടെ ഭാവി തൊഴിൽമേഖലകളെ എങ്ങനെ ബാധിക്കാം തുടങ്ങിയ കാര്യങ്ങളിൽ യുവാക്കൾക്ക് വ്യക്തമായ അറിവ് നൽകണമെന്നും ഇരുവരും അഭിപ്രായപ്പെട്ടു.



