അന്തർദേശീയം

നഷ്ടപരിഹാരം നൽകിയില്ല; ചൈനയിൽ സർക്കാർ കെട്ടിടം ബുൾഡോസർ ഉപയോഗിച്ച് തകർത്ത് 47 -കാരൻ

ബെയ്‌ജിങ് : ചൈനയിൽ സർക്കാർ കെട്ടിടം ബുൾഡോസർ ഉപയോഗിച്ച് തകർത്ത് 47 -കാരൻ. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിലുള്ള ഫെങ്‌ഡോങ് ന്യൂ സിറ്റി ഗവൺമെന്‍റ് സർവീസ് സെന്‍ററാണ് ബുൾഡോസർ ഉപയോഗിച്ച് തകർക്കപ്പെട്ടത്. നവംബർ ഒൻപതിനാണ് സംഭവം. കെട്ടിടത്തിന്‍റെ പ്രവേശനകവാടവും പുറംഭാഗങ്ങളും ഉൾപ്പെടെ സമുച്ചയത്തിലെ നിരവധി ഭാഗങ്ങൾ ബുൾഡോസർ ഉപയോഗിച്ച് കേടുപാടുകൾ വരുത്തിയെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഗ്രാമവാസികൾക്ക് ലഭിക്കേണ്ട നഷ്ടപരിഹാരം നൽകിയില്ലെന്ന ആരോപണത്തെത്തുടർന്നാണ് ബുൾഡോസർ ഉപയോഗിച്ച് സർക്കാർ കെട്ടിടം തകർത്തതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങളിൽ മഞ്ഞനിറത്തിലുള്ള മണ്ണുമാന്തിയന്ത്രം കെട്ടിടത്തിന്‍റെ പ്രവേശന ഭാഗത്തേക്ക് ഇടിച്ചുകയറുന്നതും പടികളും ബോർഡുകളും തകർക്കുന്നതും കാണാം. സംഭവത്തെത്തുടർന്ന് കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന ജീവനക്കാരെയും സന്ദർശകരെയും അടിയന്തരമായി ഒഴിപ്പിച്ചെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഏകദേശം ഒരു മണിക്കൂറോളം നീണ്ടു നിന്ന പൊളിക്കലിൽ കെട്ടിടത്തിലെ കുറഞ്ഞത് ആറ് ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചെന്ന് റിപ്പോർട്ടുകൾ. അതേസമയം ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഹു എന്ന കുടുംബപ്പേരിൽ അറിയപ്പെടുന്ന 47 -കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സർക്കാർ കെട്ടിടം നശിപ്പിച്ചതിനാണ് ഇയാളെ പിടികൂടിയതെന്ന് അധികൃതർ അറിയിച്ചു.

എന്നാൽ, ആക്രമണത്തിന് പിന്നിലെ കാരണം പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സർക്കാർ പൊളിച്ചുനീക്കിയ ഹുവിന്‍റെ കന്നുകാലി ഫാമിനുള്ള നഷ്ടപരിഹാരം ലഭിക്കാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിന് പിന്നിലെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം മറ്റ് ചില റിപ്പോർട്ടുകളിൽ ഗ്രാമവാസികൾക്കുള്ള നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട പരാതിയാണ് അക്രമത്തിന് കാരണമായി പറയുന്നത്. എന്നാൽ, ഇക്കാര്യങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. ആക്രമണത്തിന് ശേഷം ഏതാനും മണിക്കൂറുകൾക്കകം സർക്കാർ സേവനകേന്ദ്രം സാധാരണനിലയിൽ പ്രവർത്തനം പുനരാരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button