യൂറോപ്യൻ യൂണിയൻ വാർത്തകൾ

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളുടെ ഭാഗമായി നാറ്റോ അംഗത്വം പിൻവലിക്കണമെന്ന റഷ്യയുടെ നിർദേശം തള്ളി ഫിൻലൻഡ്

ഹെൽസിങ്കി : യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളുടെ ഭാഗമായി ഫിൻലൻഡ് നാറ്റോ അംഗത്വം പിൻവലിക്കണമെന്ന റഷ്യയുടെ നിർദേശം തള്ളി. വെള്ളിയാഴ്ചയാണ് ഫിൻലൻഡ് ഇക്കാര്യം വ്യക്തമാക്കിയത്. അബുദാബിയിൽ നടന്ന ചർച്ചകൾക്കിടെ റഷ്യൻ പ്രതിനിധികൾ അനൗദ്യോഗികമായി ഇത്തരമൊരു നിർദേശം മുന്നോട്ടുവെച്ചതായി ജർമൻ മാധ്യമമായ ബിൽഡ് റിപ്പോർട്ട് ചെയ്തിരുന്നു. കിഴക്കൻ യൂറോപ്പിലെ നാറ്റോയുടെ സൈനിക സാന്നിധ്യത്തിന് നിയന്ത്രണം ഏർപ്പെടുത്തണമെന്നും റഷ്യ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.

എന്നാൽ, ഇത്തരമൊരു ആവശ്യം ഉന്നയിച്ചെന്ന വാർത്ത റഷ്യ ഉടൻ നിഷേധിച്ചു. അതേസമയം, ഫിൻലൻഡിന്റെ നാറ്റോ അംഗത്വം ചർച്ചകൾക്ക് വിധേയമാക്കാനാവില്ലെന്ന് രാജ്യത്തെ മന്ത്രിമാർ വ്യക്തമാക്കി. നാറ്റോ അംഗത്വം പിൻവലിക്കണമെന്ന റിപ്പോർട്ടിലെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ഫിൻലൻഡ് പ്രതിരോധ മന്ത്രി ആന്റി ഹക്കാനൻ പറഞ്ഞു. രാജ്യത്തിന്റെ നാറ്റോ അംഗത്വം സമാധാന ചർച്ചകളിലെ വിഷയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

“ഇത്തരം കാര്യങ്ങൾ ഒരു സാഹചര്യത്തിലും ചർച്ചക്ക് വിധേയമാക്കാനാവില്ല. അത്തരമൊരു നിർദേശം മുന്നോട്ടുവെക്കുന്നതുപോലും തികച്ചും അതിരുകടന്നതാണ്” – ഹെൽസിങ്കി ടൈംസ് റിപ്പോർട്ട് പ്രകാരം ഹക്കാനൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. യുക്രെയ്ൻ വിഷയത്തിനപ്പുറത്തേക്ക് ചർച്ചകൾ വ്യാപിപ്പിച്ച് യൂറോപ്യൻ പ്രതിരോധ സംവിധാനങ്ങളിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് റഷ്യ ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫിൻലൻഡിന്റെ നാറ്റോ അംഗത്വത്തിൽ മോസ്കോക്ക് ഇടപെടാനാവില്ലെന്ന് വിദേശകാര്യ മന്ത്രി എലീന വാൾട്ടോണനും വ്യക്തമാക്കി. “ഫിൻലൻഡിന്റെയും നാറ്റോ സഖ്യത്തിന്റെയും മാത്രം തീരുമാനമാണിത്” – അവർ പറഞ്ഞു. അതേസമയം, റഷ്യ ഇത്തരമൊരു നിർദേശം മുന്നോട്ടുവെച്ചതായി അറിവില്ലെന്ന് പ്രധാനമന്ത്രി പെറ്റെറി ഓർപ്പോ പ്രതികരിച്ചു.

ആവശ്യം ഉന്നയിച്ചിട്ടില്ലെന്ന് റഷ്യ

റഷ്യ ഫിൻലൻഡിന്റെ നാറ്റോ അംഗത്വം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് വ്യക്തമാക്കി. വാർത്തകൾ പ്രചരിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. “അത്തരമൊരു കാര്യം ചർച്ച ചെയ്തിട്ടേയില്ല” എന്ന് റഷ്യൻ വാർത്താ ഏജൻസിയായ ആർബിസിയോട് പെസ്കോവ് പറഞ്ഞു.

2022 ഫെബ്രുവരിയിൽ റഷ്യ യുക്രെയ്നിൽ സമ്പൂർണ അധിനിവേശം ആരംഭിച്ചതിന് പിന്നാലെയാണ് ഫിൻലൻഡ് നാറ്റോ അംഗത്വത്തിന് അപേക്ഷ നൽകിയത്. തുടർന്ന് 2023 ഏപ്രിലിൽ രാജ്യം നാറ്റോയിൽ അംഗമായി. അതേസമയം, ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ടിലെ നിർദേശം 2021 ഒക്ടോബറിൽ റഷ്യ മുന്നോട്ടുവെച്ച ആവശ്യങ്ങൾക്ക് സമാനമാണ്. നാറ്റോയുടെ വിപുലീകരണത്തിനും കിഴക്കൻ യൂറോപ്പിലെ സൈനിക വിന്യാസത്തിനും നിയന്ത്രണം ഏർപ്പെടുത്തണമെന്നായിരുന്നു അന്ന് മോസ്കോ ആവശ്യപ്പെട്ടത്.

2021ലെ സുരക്ഷാ ആവശ്യങ്ങൾ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ അബുദാബിയിലെ ചർച്ചകളിൽ വീണ്ടും ഉന്നയിച്ചതായി അദ്ദേഹത്തിന്റെ ഉപദേഷ്ടാവ് യൂറി ഉഷാക്കോവ് പറഞ്ഞതായി റഷ്യൻ വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തു.

അതേസമയം, യൂറോപ്പിന്റെ സുരക്ഷാ ക്രമീകരണങ്ങളിൽ മാറ്റം വരുത്തുന്ന വിഷയം യുക്രെയ്ൻ സമാധാന ചർച്ചകളുടെ ഭാഗമാക്കുന്നതിനെ യൂറോപ്യൻ നേതാക്കൾ എതിർത്തു. വെള്ളിയാഴ്ച ഡബ്ലിനിൽ നടന്ന യോഗത്തിലാണ് നേതാക്കൾ നിലപാട് വ്യക്തമാക്കിയത്.

വെടിനിർത്തൽ ഉറപ്പാക്കുന്നതിന് മുമ്പ് യൂറോപ്യൻ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾ നടത്തുന്നത് യുക്രെയ്നിലെ റഷ്യൻ സൈനിക നടപടികളിൽനിന്ന് ശ്രദ്ധ തിരിക്കുമെന്ന് യൂറോപ്യൻ യൂനിയൻ വിദേശനയ മേധാവി കായ കല്ലാസ് മുന്നറിയിപ്പ് നൽകി. യൂറോപ്പിന്റെ നിലവിലെ സുരക്ഷാ സംവിധാനങ്ങൾ പുനഃപരിശോധിക്കേണ്ട സാഹചര്യമില്ലെന്ന് ജർമൻ ചാൻസലർ ഫ്രെഡറിക് മെർസും വ്യക്തമാക്കി.

സമാധാന ചർച്ചകളിൽ യൂറോപ്യൻ രാജ്യങ്ങൾക്കും പങ്കാളിത്തം വേണമെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയനും ആവശ്യപ്പെട്ടു. എന്നാൽ, ചർച്ചകളിൽ പങ്കാളികളാകാൻ യൂറോപ്യൻ രാജ്യങ്ങൾക്ക് താൽപര്യമുണ്ടെന്നും അതിനായി സംഭാവന നൽകാൻ അവർ തയ്യാറാണെന്നും ഉറപ്പായാൽ മാത്രമേ അവരുടെ പങ്കാളിത്തം പരിഗണിക്കൂവെന്നാണ് പെസ്കോവിന്റെ നിലപാട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button