10 ദിവസം കൊണ്ട് 95% റേഡിയോ ആക്ടീവ് മാലിന്യങ്ങൾ വലിച്ചെടുക്കുന്നത് ചെർണോബിലിലെ സൂര്യകാന്തിച്ചെടികൾ

മോസ്കോ : ലോകചരിത്രത്തിലെ ഏറ്റവും വലിയ ആണവോര്‍ജ ദുരന്തമായിരുന്നു 1986 ഏപ്രിൽ 26ന് നടന്ന ചെര്‍ണോബിൽ ദുരന്തം. അന്നത്തെ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന യുക്രൈനിലെ ചെർണോബിൽ ആണവോർജ പ്ലാന്റിലെ നാലാം നമ്പർ റിയാക്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. സുരക്ഷപരിശോധനക്കിടെ ഉണ്ടായ പിഴവായിരുന്നു അപകടകാരണം. യുഎന്നിന്റെ കണക്ക് പ്രകാരം 4000 പേരാണ് ദുരന്തത്തിൽ മരിച്ചത്. എന്നാൽ ഒരു ലക്ഷത്തോളം മരിച്ചുവെന്നാണ് പരിസ്ഥിതി സംഘടനയായ ഗ്രീൻപീസിന്റെ കണക്ക്.
ആണവമാലിന്യം നീക്കാൻ പ്രവര്‍ത്തിച്ച ആറുലക്ഷത്തോളം പേര് അണുവികിരണത്തിന് ഇരകളായി. ദുരന്തത്തിന് ശേഷം പരിസ്ഥിതിയിൽ നിന്നുള്ള റേഡിയോ ആക്ടീവ് ഐസോടോപ്പുകൾ വലിച്ചെടുക്കാൻ സസ്യങ്ങളെ ഉപയോഗിച്ചുകൊണ്ട് റേഡിയോ ആക്ടീവ് മലിനീകരണം ചെറുക്കാനുള്ള അപൂർവവും വ്യത്യസ്തവുമായ ഒരു വഴി ശാസ്ത്രജ്ഞർ പരീക്ഷിച്ചിരുന്നു.
മലിനമായ വെള്ളത്തിൽ നിന്ന് സീസിയം , സ്ട്രോൺഷ്യം തുടങ്ങിയ റേഡിയോ ആക്ടീവ് മൂലകങ്ങൾ വലിച്ചെടുക്കാൻ വേരുകൾക്ക് കഴിവുള്ളതിനാൽ സൂര്യകാന്തിച്ചെടികൾ ഇതിന് വളരെ അനുയോജ്യമാണെന്ന് കണ്ടെത്തി. ചെർണോബിലിന് സമീപം നടത്തിയ പരീക്ഷണങ്ങളിൽ, ചെറിയൊരു കുളത്തിലെ റേഡിയോ ആക്ടീവ് മാലിന്യങ്ങളുടെ വലിയൊരു പങ്ക് നീക്കം ചെയ്യാൻ സൂര്യകാന്തികൾക്ക് സാധിച്ചതായി തെളിഞ്ഞു.
മണ്ണിലെയും വെള്ളത്തിലെയും വിഷവസ്തുക്കളും റേഡിയോ ആക്ടീവ് മാലിന്യങ്ങളും നീക്കം ചെയ്യാൻ സസ്യങ്ങളെ ഉപയോഗിക്കുന്ന പ്രകൃതിദത്ത ശാസ്ത്രീയ രീതിയാണ് ‘ഫൈറ്റോറെമിഡിയേഷൻ’. ഇതിൽ തന്നെ സസ്യങ്ങളുടെ വേരുകൾ ഉപയോഗിച്ച് ജലത്തിൽ നിന്നുള്ള മാലിന്യങ്ങൾ അരിച്ചെടുക്കുന്ന പ്രക്രിയയെ ‘റൈസോഫിൽട്രേഷൻ’ എന്നും വിളിക്കുന്നു.സൂര്യകാന്തിച്ചെടികൾ വളരെ പെട്ടെന്ന് വളരുകയും ഉയർന്ന അളവിൽ ബയോമാസ് (ജൈവപിണ്ഡം) ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. വലിയ വേരുകൾ ഉള്ളതിനാൽ ചുരുങ്ങിയ സമയം കൊണ്ട് കൂടുതൽ വെള്ളത്തിൽ നിന്നും മണ്ണിൽ നിന്നും മൂലകങ്ങൾ വലിച്ചെടുക്കാൻ ഇവയ്ക്ക് സാധിക്കുന്നു.സസ്യങ്ങൾക്ക് വളരാൻ ആവശ്യമായ സാധാരണ പോഷകങ്ങളാണെന്ന് തെറ്റിദ്ധരിച്ചാണ് സൂര്യകാന്തി റേഡിയോ ആക്ടീവ് മൂലകങ്ങളെ വേരുകൾ വഴി വലിച്ചെടുക്കുന്നത്.
ചെർണോബിൽ ദുരന്തപ്രദേശത്ത് റേഡിയോ ആക്ടീവ് മാലിന്യങ്ങൾ നീക്കം ചെയ്യാൻ സസ്യങ്ങളെ ഉപയോഗിച്ചതിൽ ഏറ്റവും പ്രശസ്തമായ ഒന്നായിരുന്നു ചെറിയൊരു കുളത്തിൽ നടത്തിയ പരീക്ഷണം. സൂര്യകാന്തിച്ചെടികൾ സാധാരണ മണ്ണിൽ നടുന്നതിന് പകരം, വെള്ളത്തിൽ പൊങ്ങിനിൽക്കുന്ന പ്രത്യേക ചങ്ങാടങ്ങളിൽ നട്ടുവളർത്തുകയാണ് ഗവേഷകർ ചെയ്തത്. അവയുടെ വേരുകൾ മലിനമായ കുളത്തിലേക്ക് വ്യാപിക്കാൻ അനുവദിച്ചു. ഇങ്ങനെ നട്ട സൂര്യകാന്തികൾ 10 ദിവസത്തിനുള്ളിൽ ജലത്തിലുണ്ടായിരുന്ന 95 ശതമാനത്തോളം റേഡിയോ ആക്ടീവ് ഐസോടോപ്പുകളെയും വേരുകൾ വഴി വലിച്ചെടുത്തു.
രണ്ട് വലിയ ആണവ ദുരന്തങ്ങൾക്ക് ശേഷം നടത്തിയ പരീക്ഷണങ്ങൾ, സസ്യങ്ങൾ ഉപയോഗിച്ചുള്ള റേഡിയോ ആക്ടീവ് മാലിന്യ ശുദ്ധീകരണത്തിന്റെ സാധ്യതകളെക്കുറിച്ചും പരിമിതികളെക്കുറിച്ചും കൃത്യമായ ധാരണ ലഭിക്കാൻ ശാസ്ത്രജ്ഞരെ സഹായിച്ചു.2011-ലെ ഫുകുഷിമ ദുരന്തത്തിന് ശേഷം, കൃഷിഭൂമിയിലെ മണ്ണിൽ അടങ്ങിയിരിക്കുന്ന റേഡിയോ ആക്ടീവ് സീസിയം നീക്കം ചെയ്യാൻ ഈ ജൈവ പ്രക്രിയയ്ക്ക് സാധിക്കുമോ എന്ന് ഗവേഷകർ പരീക്ഷിച്ചു.
സൂര്യകാന്തികൾക്ക് റേഡിയോ ആക്ടീവ് ഐസോടോപ്പുകൾ വലിച്ചെടുക്കാൻ കഴിയുമെങ്കിലും, അവ എത്രത്തോളം നീക്കം ചെയ്യാൻ സാധിക്കുമെന്നത് ചുറ്റുമുള്ള രാസഘടനയെ ആശ്രയിച്ചിരിക്കുന്നു എന്ന് പഠനങ്ങൾ വ്യക്തമാക്കി. മണ്ണിൽ നിന്നോ വെള്ളത്തിൽ നിന്നോ ഈ ഐസോടോപ്പുകൾക്ക് എത്രത്തോളം എളുപ്പത്തിൽ ചെടിയുടെ വേരുകളിലേക്ക് കടക്കാൻ കഴിയുന്നു എന്നതിനെ ആശ്രയിച്ചാണ് ഇതിന്റെ വിജയം.



