അന്തർദേശീയം

യുക്രെയ്നിൽ ഇന്ത്യൻ ഫാർമ പ്ലാന്‍റിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു

കീവ് : ഇന്ത്യൻ കമ്പനിയായ കുസും ഗ്രൂപ്പിന്‍റെ യുക്രെയ്നിലെ വൻ ഫാർമ പ്ലാന്‍റിന് നേരെയുണ്ടായ റഷ്യയുടെ ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു.

മരിച്ചയാളുടെ പേരുവിവരം ലഭ്യമായിട്ടില്ല. യുക്രെയ്നിലെ സമിയിൽ സ്ഥിതിചെയ്യുന്ന പ്ലാന്‍റിന് നേർക്കാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ പ്ലാന്‍റിന്‍റെ പ്രധാന ഭാഗം പൂർണമായി തകർന്നു. ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്ലാന്‍റിൽ നിന്ന് വൻതോതിൽ പുക ഉയരുന്നത് ദൃശ്യങ്ങളിൽ കാണാം. റഷ്യ-യുക്രെയ്ൻ യുദ്ധം നടക്കുമ്പോഴും പ്ലാന്‍റ് പ്രവർത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഏകദേശം 400 കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് കണക്കാക്കുന്നത്.

1994ൽ ആരംഭിച്ച കുസും ഗ്രൂപ്പ് യുക്രെയ്നിലേക്കുള്ള ഇന്ത്യൻ മരുന്നുകളുടെ വിതരണക്കാരായാണ് പ്രവർത്തനം തുടങ്ങിയത്. ഇന്ത്യക്കാരനായ രാജീവ് ഗുപ്തയാണ് കമ്പനിയുടെ ഇപ്പോഴത്തെ മേധാവി. 2002ൽ മറ്റു കമ്പനികളുടെ മരുന്നുകൾ വിതരണം ചെയ്യുന്നത് അവസാനിപ്പിച്ച് സ്വന്തം ഉത്പന്നങ്ങൾ വിൽക്കുകയായിരുന്നു. ഇതിന്‍റെ ഭാഗമായി 2007ൽ ഇന്ത്യയിലും 2009ൽ യുക്രെയ്നിലും പ്ലാന്‍റുകൾ ആരംഭിക്കുകയും ചെയ്തു. യുക്രെയ്ൻ ഉൾപ്പെടെ ഒൻപതിലധികം രാജ്യങ്ങളിൽ 50ലധികം ജനറിക് മരുന്നുകളുടെ വിൽപ്പന കമ്പനി നടത്തുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button