മനുഷ്യക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ ബംഗ്ലാദേശി സമൂഹ നേതാവിനെ റിമാൻഡിൽ

മനുഷ്യക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ എന്നീ ഗുരുതര കുറ്റങ്ങൾ ചുമത്തപ്പെട്ട മാൾട്ടയിലെ പ്രമുഖ ബംഗ്ലാദേശി കമ്മ്യൂണിറ്റി നേതാവിനെ കോടതി റിമാൻഡ് ചെയ്തു. അഞ്ച് പേരെ മനുഷ്യക്കടത്തിന് ഇരയാക്കിയ കേസിൽ മെല്ലീഹ നിവാസിയും ‘പിങ്ക് ഗാർലിക്’ റെസ്റ്റോറന്റ് ഉടമയുമായ നസ്മുൽ ഇഷ്തിയാക് (40) ആണ് പിടിയിലായത്. മജിസ്ട്രേറ്റ് അബിഗയിൽ ക്രിറ്റിയന് മുന്നിൽ ഹാജരാക്കിയ ഇയാൾ തനിക്കെതിരെയുള്ള എല്ലാ കുറ്റങ്ങളും നിഷേധിച്ചു.
നിയമപരമായ ജോലി വാഗ്ദാനം ചെയ്താണ് ഇഷ്തിയാക് തങ്ങളെ മാൾട്ടയിലെത്തിച്ചതെന്ന് ബംഗ്ലാദേശി സ്വദേശിയായ പരാതിക്കാരൻ പോലീസിന് മൊഴി നൽകി. എന്നാൽ മാൾട്ടയിൽ എത്തിയ ശേഷം ഇയാളുടെ ഉടമസ്ഥതയിലുള്ള, ഇപ്പോൾ അടഞ്ഞു കിടക്കുന്ന റെസ്റ്റോറന്റിൽ പ്രതിഫലമില്ലാതെ ജോലി ചെയ്യാൻ തന്നെ നിർബന്ധിക്കുകയായിരുന്നുവെന്ന് ഇയാൾ ആരോപിച്ചു. ശമ്പളമില്ലാത്ത മൂന്ന് മാസത്തെ അവധിക്ക് സമ്മതമാണെന്ന് വ്യക്തമാക്കുന്ന രേഖകളിൽ നിർബന്ധിച്ച് ഒപ്പുവെപ്പിച്ചതായും പ്രോസിക്യൂഷൻ വെളിപ്പെടുത്തി. ഇതിന് സമാനമായ അനുഭവങ്ങൾ നേരിട്ട മറ്റ് നാല് ഇരകളെക്കൂടി പോലീസ് തുടർന്ന് കണ്ടെത്തി.
പോലീസിൽ പരാതിപ്പെട്ടാൽ നാടുകടത്തുമെന്ന് തൊഴിലാളികളെ ഭീഷണിപ്പെടുത്തിയിരുന്നതായും ആരോപണമുണ്ട്. ജാമ്യാപേക്ഷയെ എതിർത്ത് സംസാരിക്കവേ, പോലീസിലെ സുഹൃത്തുക്കൾ ഉൾപ്പെടെയുള്ള സ്വാധീനം ഉപയോഗിച്ച് പ്രതിക്ക് ഇരകളെ ഭീഷണിപ്പെടുത്താൻ സാധിക്കുമെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
ഇലക്ട്രോണിക് മോണിറ്ററിംഗ്, സംരക്ഷണ ഉത്തരവ് (Protection Order) എന്നിവയോടെ ജാമ്യം നൽകണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും, സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന ആശങ്ക ചൂണ്ടിക്കാട്ടി കോടതി ജാമ്യം നിഷേധിക്കുകയും ഇഷ്തിയാകിനെ കസ്റ്റഡിയിൽ വിടുകയുമായിരുന്നു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും മറ്റ് ചില ഇരകൾ ഇതിനകം തന്നെ മാൾട്ട വിട്ടുപോയിരിക്കാൻ സാധ്യതയുണ്ടെന്നും പോലീസ് അറിയിച്ചു.



