യൂറോപ്യൻ യൂണിയന് പുറത്തുള്ള തൊഴിലാളികളെ ലക്ഷ്യം വെച്ചുള്ള ബജറ്റ് നിർദ്ദേശങ്ങൾക്കെതിരെ മാൾട്ടയിലെ അക്കാദമിക് സമൂഹം രംഗത്ത്

യൂറോപ്യൻ യൂണിയനു പുറത്തുള്ള രാജ്യങ്ങളിൽനിന്ന് മാൾട്ടയിലെത്തി ജോലി ചെയ്യുന്നവരെ ലക്ഷ്യമിട്ടുള്ള ബജറ്റ് നടപടികൾക്കെതിരെ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരും ഗവേഷകരും അക്കാദമിക്, ഭരണവിഭാഗം ജീവനക്കാരും രംഗത്ത്.
മാൾട്ട സർവകലാശാല, MCAST, QMUL Malta, St Aloysius Sixth Form തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർ ഒപ്പുവെച്ച സംയുക്ത കത്തിലൂടെയാണ് സർക്കാർ നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം അറിയിച്ചത്. സർക്കാർ സ്വീകരിച്ച നടപടികൾ പിന്നോട്ടടിക്കുന്നതും വിവേചനപരവുമാണെന്ന് (Regressive) കത്തിൽ ഒപ്പിട്ടവർ വിശേഷിപ്പിച്ചു.
സമ്പദ്വ്യവസ്ഥയ്ക്ക് അനിവാര്യമായ സംഭാവനകൾ നൽകുന്നവരായി യൂറോപ്യൻ യൂണിയനു പുറത്തുനിന്നുള്ള തൊഴിലാളികളെ സർക്കാർ അംഗീകരിക്കുന്നുണ്ടെങ്കിലും സാമൂഹികവും പൗരാവകാശപരവുമായ കാര്യങ്ങളിൽ അവരെ പാർശ്വവത്കരിക്കുകയാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.
സർക്കാർ നടപടികൾക്കെതിരെ പ്രതിഷേധിക്കുന്നവരുടെ പട്ടികയിൽ കൂടുതൽ പേർ ചേരുന്നതിനിടെയാണ് വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാരും രംഗത്തെത്തിയിരിക്കുന്നത്. ലേബർ പാർട്ടിയിലെ ചില അംഗങ്ങൾ, മുൻ പ്രധാനമന്ത്രി ആൽഫ്രഡ് സാന്റ്, ജനറൽ വർക്കേഴ്സ് യൂണിയൻ (GWU) ജനറൽ സെക്രട്ടറി എന്നിവരും നടപടികളെ വിമർശിച്ചിരുന്നു.
തൊഴിലുടമകളും സാമ്പത്തിക ബാധ്യതയുടെ ഒരു ഭാഗം വഹിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി ഈ നടപടികൾ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പാർലമെന്റ് അംഗങ്ങളും ലേബർ പാർട്ടി അംഗങ്ങളും രഹസ്യമായി നീക്കം നടത്തുന്നുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
പൊതുസേവനങ്ങളിലും സാമൂഹിക സംരക്ഷണത്തിലും വിവേചനം
പുതിയ നയമാറ്റങ്ങൾ പൊതുസേവനങ്ങളും സാമൂഹിക സംരക്ഷണവും ലഭിക്കുന്നതിൽ പല തട്ടുകളുള്ള വിവേചനപരമായ സംവിധാനത്തിന് വഴിയൊരുക്കുമെന്ന് സംയുക്ത പ്രസ്താവന മുന്നറിയിപ്പ് നൽകുന്നു.
ആരോഗ്യരംഗം, പരിചരണ സേവനങ്ങൾ, നിർമാണ മേഖല, വിവിധ സേവനമേഖലകൾ, വിദ്യാഭ്യാസം തുടങ്ങിയ സുപ്രധാന മേഖലകളെ സജീവമായി പിന്തുണയ്ക്കുന്ന യൂറോപ്യൻ യൂണിയനു പുറത്തുനിന്നുള്ള താമസക്കാർക്കുമേൽ സാമ്പത്തിക ക്രമീകരണങ്ങളുടെ അമിതഭാരം അടിച്ചേൽപ്പിക്കുകയാണെന്ന് അക്കാദമിക് ജീവനക്കാർ ആരോപിക്കുന്നു.
മാൾട്ടയിലെ സർവകലാശാലകളും തൊഴിൽപരിശീലന കോളജുകളും ആറാം ഫോമുകളും അന്താരാഷ്ട്ര അധ്യാപകർ, ഗവേഷകർ, ഭരണവിഭാഗം ജീവനക്കാർ, വിദ്യാർഥികൾ എന്നിവരുടെ സംഭാവനകളെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നതെന്നും കത്തിൽ വ്യക്തമാക്കുന്നു.
യൂറോപ്യൻ യൂണിയനു പുറത്തുനിന്നുള്ള ജീവനക്കാരുടെ താമസാനുമതി വ്യവസ്ഥകൾ സമ്മർദത്തിനുള്ള ആയുധമായി ഉപയോഗിക്കുന്നതും അവരുടെ ജീവിതച്ചെലവ് വർധിപ്പിക്കുന്നതും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കൂട്ടായ പഠനാന്തരീക്ഷത്തെ ദുർബലപ്പെടുത്തുമെന്ന് ഒപ്പിട്ടവർ മുന്നറിയിപ്പ് നൽകി.
ഇത് അക്കാദമിക് രംഗത്തെ സ്വതന്ത്രമായ സഞ്ചാരത്തിനും ബൗദ്ധിക ആശയവിനിമയത്തിനും തടസ്സമാകുന്നതിനൊപ്പം വിദ്യാഭ്യാസ ക്യാമ്പസുകളിൽ വ്യവസ്ഥാപിതമായ അസമത്വം വർധിപ്പിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി.
വിവേചനപരമായ ഫീസ് വർധന പിൻവലിക്കണമെന്ന് ആവശ്യം
യൂറോപ്യൻ യൂണിയനു പുറത്തുള്ള താമസക്കാർക്കുമേൽ ചുമത്തിയിട്ടുള്ള വിവേചനപരമായ ഫീസ് വർധനകൾ, അടിസ്ഥാന സൗകര്യ സർചാർജുകൾ, ലൈസൻസുമായി ബന്ധപ്പെട്ട പിഴകൾ എന്നിവ അടിയന്തരമായി പിൻവലിക്കണമെന്ന് ജീവനക്കാർ സർക്കാരിനോട് ആവശ്യപ്പെട്ടു.
ദേശീയതയോ രാജ്യത്ത് താമസിച്ച കാലയളവോ പരിഗണിക്കാതെ എല്ലാ താമസക്കാർക്കും അടിസ്ഥാന പൊതുസേവനങ്ങൾ ലഭ്യമാക്കുന്ന സംവിധാനം പൂർണമായി പുനഃസ്ഥാപിക്കണമെന്നും അവർ ആവശ്യപ്പെട്ടു. സൗജന്യ പൊതുഗതാഗതവും ശിശുപരിപാലന സേവനങ്ങളും എല്ലാവർക്കും ലഭ്യമാക്കണമെന്ന ആവശ്യവും സംയുക്ത പ്രസ്താവനയിൽ പ്രത്യേകം ഉന്നയിച്ചിട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധികളോ ക്രമീകരണങ്ങളോ ഉണ്ടാകുമ്പോൾ കുടിയേറ്റ തൊഴിലാളികളെ സാമ്പത്തിക ബാധ്യതകൾ ഏറ്റെടുക്കാനുള്ള ഉപാധികളായി ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും തൊഴിലാളി യൂണിയനുകൾ, കുടിയേറ്റ സമൂഹങ്ങളുടെ പ്രതിനിധികൾ, സിവിൽ സൊസൈറ്റി സംഘടനകൾ എന്നിവരുമായി സർക്കാർ അർഥവത്തായ ചർച്ചകൾ നടത്തണമെന്നും പ്രസ്താവന ആവശ്യപ്പെടുന്നു.
തൊഴിലാളികളല്ല, തൊഴിലുടമകളാണ് ചെലവ് വഹിക്കേണ്ടത്
വിദേശ തൊഴിലാളികളുടെ റിക്രൂട്ട്മെന്റിനും തൊഴിൽ പെർമിറ്റുകൾ നേടുന്നതിനുമുള്ള മുഴുവൻ ചെലവുകളും തൊഴിലുടമകൾ തന്നെ വഹിക്കണമെന്നാണ് ജീവനക്കാരുടെ മറ്റൊരു പ്രധാന ആവശ്യം.
ഇത്തരം ചെലവുകൾ ഫീസുകളായോ ശമ്പളത്തിൽനിന്നുള്ള കുറവുകളായോ തൊഴിലാളികളുടെ മേൽ അടിച്ചേൽപ്പിക്കുന്നത് നിരോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു. കുടിയേറ്റ തൊഴിലാളികൾക്ക് സാമ്പത്തിക ബാധ്യതകൾ കൈമാറുന്നതിനു പകരം തൊഴിലുടമകൾ തന്നെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് സംയുക്ത കത്തിൽ വ്യക്തമാക്കി.



