യൂറോപ്യൻ യൂണിയൻ വാർത്തകൾ

സുരക്ഷാ, സ്വകാര്യതാ ലംഘനം; ഗൂഗിളിന് 403 മില്യൺ യൂറോ പിഴ ചുമത്തി അയർലൻഡ്

ഡബ്ലിൻ : ഉപയോക്താക്കളുടെ ലൊക്കേഷൻ വിവരങ്ങൾ അനധികൃതമായി ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്തെന്ന കണ്ടെത്തലിനെ തുടർന്ന് ഗൂഗിളിന് 403 മില്യൺ യൂറോ പിഴ ചുമത്തി അയർലൻഡിലെ ഡാറ്റ പ്രൊട്ടക്ഷൻ കമ്മീഷൻ. ഐറിഷ് വാച്ച്‌ഡോഗ് ഇതുവരെ ചുമത്തിയിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ നാലാമത്തെ പിഴയാണിത്.

സുരക്ഷാ, സ്വകാര്യതാ ലംഘനങ്ങളുടെ പേരിൽ ടിക്‌ടോക്ക്, മെറ്റ തുടങ്ങിയ വൻകിട ടെക് കമ്പനികൾക്കെതിരെയും ഡിപിസി നേരത്തെ നടപടിയെടുത്തിരുന്നു. മെറ്റയ്ക്ക് മാത്രം 1.2 ബില്യൺ യൂറോയുടെ റെക്കോർഡ് പിഴയാണ് മുമ്പ് ചുമത്തിയത്.

യൂറോപ്യൻ യൂണിയനിലെ വിവിധ ഉപഭോക്തൃ അവകാശ സംഘടനകളിൽ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് 2020 ഫെബ്രുവരിയിൽ ഗൂഗിളിനെതിരെ അന്വേഷണം ആരംഭിച്ചത്. ഗൂഗിളിന്റെ ‘വെബ് ആൻഡ് ആപ്പ് ആക്റ്റിവിറ്റി’, ‘ലൊക്കേഷൻ ഹിസ്റ്ററി’, ‘ലൊക്കേഷൻ അക്യുറസി’ തുടങ്ങിയ സംവിധാനങ്ങളിലൂടെ ഉപയോക്താക്കളുടെ മതിയായ അനുമതിയില്ലാതെ ലൊക്കേഷൻ വിവരങ്ങൾ ശേഖരിക്കുന്നുവെന്നായിരുന്നു പ്രധാന ആരോപണം.

റിപ്പോർട്ടനുസരിച്ച്, ശേഖരിച്ച ലൊക്കേഷൻ വിവരങ്ങൾ ആവശ്യത്തിലധികം കാലം സൂക്ഷിച്ചതായും വ്യക്തിഗത ഡാറ്റയുടെ ഉപയോഗം സംബന്ധിച്ച് ആവശ്യമായ സുതാര്യത പാലിക്കുന്നതിൽ ഗൂഗിൾ പരാജയപ്പെട്ടതായും ഡിപിസി കണ്ടെത്തി.

ഓൺലൈൻ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ ലൊക്കേഷൻ വിവരങ്ങൾ ഉപയോഗിക്കാനാകുമെങ്കിലും, ഇതിലൂടെ വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങൾ പുറത്താകാനുള്ള സാധ്യതയുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ലൊക്കേഷൻ വിവരങ്ങൾ പരസ്യങ്ങൾ ലക്ഷ്യമിടുന്നതിനും ഉപയോക്താക്കളുടെ താൽപര്യങ്ങൾ വിലയിരുത്തുന്നതിനും ഉപയോഗിക്കുന്നതിനെക്കുറിച്ച് പല ഉപയോക്താക്കൾക്കും വ്യക്തമായ ധാരണയില്ലായിരുന്നുവെന്നും കമ്മീഷൻ വിലയിരുത്തി.

പിഴ അടയ്ക്കുന്നതിന് പുറമെ, യൂറോപ്യൻ യൂണിയന്റെ ജനറൽ ഡാറ്റ പ്രൊട്ടക്ഷൻ റഗുലേഷൻ നിയമങ്ങൾ പാലിക്കുന്ന തരത്തിൽ ആറുമാസത്തിനകം ഡാറ്റാ നയങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താനും ഗൂഗിളിന് നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം, ഗൂഗിളുമായി ബന്ധപ്പെട്ട കൂടുതൽ ഗൗരവമുള്ള മൂന്ന് അന്വേഷണങ്ങൾ കൂടി അന്തിമഘട്ടത്തിലാണെന്ന് അധികൃതർ അറിയിച്ചു.

എന്നാൽ, അന്വേഷണത്തിന് കാരണമായ പഴയ നയങ്ങൾ 2019ഓടെ തന്നെ മാറ്റിയിരുന്നുവെന്ന് ഗൂഗിൾ വക്താവ് പ്രതികരിച്ചു. നിലവിൽ ഉപയോക്താക്കൾക്ക് തങ്ങളുടെ ലൊക്കേഷൻ വിവരങ്ങൾ എളുപ്പത്തിൽ നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ ലഭ്യമാണെന്നും ഗൂഗിൾ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button