അന്തർദേശീയം

യുഎസ് ഉപരോധം നീക്കിയാൽ ഹോർമുസ് തുറക്കാൻ തയ്യാർ : ഇറാൻ

തെഹ്റാൻ : പ്രതിസന്ധികൾ അയഞ്ഞാൽ ഹോർമുസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളിൽ വീണ്ടും തുറക്കാൻ തയ്യാറാണെന്ന് സൂചന നൽകി ഇറാൻ. അമേരിക്ക സൈനിക സമ്മർദം കുറയ്ക്കുകയും ഇറാനിലെ തുറമുഖങ്ങൾക്കെതിരായ ഉപരോധം നീക്കുകയും ചെയ്താൽ തീരുമാനം നടപ്പിലാക്കുമെന്ന് ഒരു മുതിർന്ന ഇറാൻ ഉദ്യോ​ഗസ്ഥൻ വ്യക്തമാക്കി. യുഎൻ പൊതുസഭയിൽ നയതന്ത്ര ചർച്ചകൾക്ക് അമേരിക്ക തയ്യാറാകണമെന്നും ഇറാൻ പറഞ്ഞു. വീണ്ടും ആക്രമണം ഉണ്ടായാൽ കൂടുതൽ കടുത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.

അതേസമയം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും തമ്മിൽ നേരിട്ട് കൂടിക്കാഴ്ച നടത്തില്ലെന്നും മധ്യസ്ഥത വഴിയാകും ച‌ർച്ചകൾ നടക്കുകയെന്നും ഇറാൻ അറിയിച്ചു. യുഎൻ പൊതുസഭയിൽ ഇറാനുമായി ചർച്ച നടത്താൻ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. പുതിയ ആക്രമണമുണ്ടായാൽ ആക്രമണത്തിന്റെ ആഘാതം വലുതായിരിക്കുമെന്ന് ഐആർജിസി മുന്നറിയിപ്പ് നൽകി. യുഎസും സഖ്യകക്ഷികളും പുതിയ ആക്രമണത്തിന് തയ്യാറെടുക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ടുകളുണ്ടെന്നും ഐആർജിസി വ്യക്തമാക്കി.

ആക്രമണത്തെ തുടർന്ന് നിർത്തിവെച്ച എണ്ണ പൈപ്പ് ലൈൻ വഴിയുള്ള കയറ്റുമതി സൗദി അറേബ്യ പുനഃരാരംഭിച്ചു. സെപ്റ്റംബർ 13ന് ഡ്രോൺ ആക്രമണത്തെ തുടർന്നാണ് കയറ്റുമതി നിർത്തിവെച്ചത്. ഹോ‌ർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ വിതരണം തടസപ്പെട്ടതോടെയാണ് സൗദി ഈ ബദൽ മാർ​ഗം ഉപയോ​ഗിക്കാൻ ആരംഭിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button