മാൾട്ടാ വാർത്തകൾ

മാർസയിലെ പൈപ്പ് ഫാക്ടറി സംരക്ഷിത പൈതൃക സ്വത്തായി പ്രഖ്യാപിച്ച് പ്ലാനിംഗ് അതോറിറ്റി

മാർസയിലെ ഗാരിക്ക് സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന മുൻ പൈപ്പ് ഫാക്ടറി കെട്ടിടം സംരക്ഷിക്കുന്നതിനായി പ്ലാനിംഗ് അതോറിറ്റി അടിയന്തര സംരക്ഷണ ഉത്തരവ് (ഇമർജൻസി കൺസർവേഷൻ ഓർഡർ) പുറപ്പെടുവിച്ചു. 2016-ലെ ഡെവലപ്‌മെന്റ് പ്ലാനിംഗ് ആക്ട് പ്രകാരം പുറത്തിറക്കിയ ഈ ഉത്തരവ്, പ്രസ്തുത വസ്തുവിനെ സംരക്ഷിത പൈതൃക സ്വത്തായി തരംതിരിക്കുന്നത് (ഷെഡ്യൂളിംഗ്) പരിഗണനയിലിരിക്കെയാണ് ഇടക്കാല സുരക്ഷ ഉറപ്പാക്കുന്നത്.

മാൾട്ടയുടെ സാംസ്കാരിക പൈതൃകത്തിന്റെ പ്രധാന ഭാഗമായ ഈ പ്രദേശം പൂർണ്ണമായോ ഭാഗികമായോ നഷ്ടപ്പെടുന്നത് നികത്താനാവാത്ത പ്രത്യാഘാതം ഉണ്ടാക്കുമെന്ന് പ്ലാനിംഗ് അതോറിറ്റി വിലയിരുത്തി. നിർമ്മാണത്തിലെ അപചയം, അവഗണന, അല്ലെങ്കിൽ അനുയോജ്യമല്ലാത്ത ഇടപെടലുകൾ എന്നിവയാൽ ഭീഷണി നേരിടുന്ന കെട്ടിടങ്ങൾക്ക് നൽകുന്ന “ഹെറിറ്റേജ് അറ്റ് റിസ്ക്” പട്ടികയിലും ഈ കേന്ദ്രത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഈ ഉത്തരവ് നിലവിൽ വന്നതോടെ കെട്ടിടം പൊളിച്ചുനീക്കൽ, കുഴിയെടുക്കൽ, പുതിയ നിർമ്മാണങ്ങൾ നടത്തുൽ, മാലിന്യം തള്ളൽ, മണ്ണെടുക്കൽ, അനുമതിയില്ലാത്ത മാറ്റങ്ങൾ വരുത്തൽ എന്നിവ തൽക്ഷണം നിരോധിച്ചു. കെട്ടിടത്തിന്റെ അകത്തെ അലങ്കാരങ്ങളെയോ ഉപകരണങ്ങളെയോ ബാധിക്കുന്ന ജോലികൾക്ക് പോലും സൂപ്പർഇന്റൻഡൻസ് ഓഫ് കൾച്ചറൽ ഹെറിറ്റേജുമായി ആലോചിച്ച് പ്ലാനിംഗ് അതോറിറ്റിയുടെ മുൻകൂർ അനുമതി വാങ്ങേണ്ടതുണ്ട്.

കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളുടെ ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യമനുസരിച്ച് ഗ്രേഡ് 1, ഗ്രേഡ് 2, ഗ്രേഡ് 3 എന്നീ വിഭാഗങ്ങളിലായാണ് ഇവ ഉൾപ്പെടുത്തിയിരിക്കുന്നത്. കെട്ടിടത്തിന്റെ കൃത്യമായ പരിപാലനം ഉറപ്പാക്കേണ്ട ഉത്തരവാദിത്തം ഉടമകൾക്കാണ്. പ്ലാനിംഗ് അതോറിറ്റിയുടെയും സൂപ്പർഇന്റൻഡൻസ് ഓഫ് കൾച്ചറൽ ഹെറിറ്റേജിന്റെയും മേൽനോട്ടത്തിൽ ഉടമയുടെ സ്വന്തം ചെലവിലായിരിക്കണം നിർമ്മാണ പ്രവർത്തനങ്ങൾ നടത്തേണ്ടത്. ഇവ കൗൺസിൽ ഓഫ് യൂറോപ്പ്, യുനെസ്കോ (UNESCO) കൺവെൻഷനുകൾ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം.

പ്രസിദ്ധീകരിച്ച തീയതി മുതൽ 12 മാസത്തേക്കാണ് അടിയന്തര സംരക്ഷണ ഉത്തരവ് പ്രാബല്യത്തിൽ തുടരുക. ഉത്തരവ് ലംഘിക്കുന്ന പക്ഷം ഡെവലപ്‌മെന്റ് പ്ലാനിംഗ് ആക്ട് 2016 പ്രകാരം എൻഫോഴ്‌സ്‌മെന്റ് നടപടികളും പിഴ ഉൾപ്പെടെയുള്ള ശിക്ഷകളും നേരിടേണ്ടിവരും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button