മാൾട്ടാ വാർത്തകൾ

കുടിയേറ്റം പൂർണമായി നിന്നാൽ ജനസംഖ്യ പകുതിയിലധികമായി കുറയാം : സെൻട്രൽ ബാങ്ക്

സെൻട്രൽ ബാങ്ക് നടത്തിയ പുതിയ പഠന റിപ്പോർട്ട് അനുസരിച്ച്, 2025-ന് ശേഷം രാജ്യത്തേക്കുള്ള കുടിയേറ്റം പൂർണമായി നിലച്ചാൽ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ മാൾട്ടയിലെ ജനസംഖ്യ 56 ശതമാനം വരെ ഇടിഞ്ഞ് 2,52,000 ആയി ചുരുങ്ങിയേക്കാം. യൂറോസ്റ്റാറ്റിന്റെ (Eurostat) പുതുക്കിയ ജനസംഖ്യാ പ്രവചനങ്ങളെ ആസ്പദമാക്കി ബാങ്കിലെ സീനിയർ എക്കണോമിസ്റ്റ് ലിൻ കുംബോ, എക്കണോമിസ്റ്റ് ലിയാം മിക്കാലെഫ് എന്നിവർ ചേർന്ന് തയ്യാറാക്കിയ ‘EUROPOP25: മാൾട്ടാസ് റിവൈസ്ഡ് പോപ്പുലേഷൻ ഔട്ട്‌ലുക്ക്’ എന്ന പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്.

പ്രധാന കണ്ടെത്തലുകളും പ്രവചനങ്ങളും :

കുറയുന്ന കുടിയേറ്റ നിരക്ക് :
2023-ലെ പ്രവചനങ്ങളെ അപേക്ഷിച്ച് 2026-നും 2050-നും ഇടയിൽ അറ്റ കുടിയേറ്റക്കാരുടെ (net migrants) എണ്ണത്തിൽ 32,000 പേരുടെ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇതാണ് ജനസംഖ്യാ വളർച്ചാ നിരക്കിലെ കുറവിന് പ്രധാന കാരണം.

ജനസംഖ്യയിലെ വർധനവ് :
ബേസ്‌ലൈൻ കണക്കുകൾ പ്രകാരം മാൾട്ടയിലെ ജനസംഖ്യ 2025-ലെ 5,74,250-ൽ നിന്ന് ഉയർന്ന് 2073-ൽ 7,66,348 എത്തും. എന്നാൽ അതിനുശേഷം കുറഞ്ഞുതുടങ്ങുന്ന ജനസംഖ്യ 2100-ൽ 7,23,710 ആയി മാറും (മൊത്തത്തിൽ 21% വർധനവ്).

കുറഞ്ഞ ഫെർട്ടിലിറ്റി നിരക്ക് :
യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ ഫെർട്ടിലിറ്റി നിരക്കാണ് മാൾട്ടയിലുള്ളത് (സ്ത്രീക്കൊരാൾക്ക് 1.01 കുട്ടികൾ). ഇത് ഭാവിയിൽ ജനസംഖ്യ കുറയുന്നതിന് ആക്കം കൂട്ടുന്നു.

വർധിക്കുന്ന വയോജന നിരക്ക് :
കുടിയേറ്റം പൂജ്യമാകുന്ന സാഹചര്യത്തിൽ, 2050-ഓടെ ജനസംഖ്യ 5,30,000 ആയി കുറയുകയും, 2100 ആകുമ്പോഴേക്കും വയോജനങ്ങളുടെ എണ്ണം ജോലി ചെയ്യുന്ന പ്രായത്തിലുള്ളവരുടെ എണ്ണത്തേക്കാൾ കൂടുതലാവുകയും ചെയ്യും.

മരണനിരക്കിലെ വർധനവ് :
പ്രായമായവരുടെ എണ്ണം കൂടുന്നതോടെ പ്രതിവർഷ മരണസംഖ്യ 2025-ലെ 4,300-ൽ നിന്ന് 2100 ആകുമ്പോഴേക്കും 10,000 ആയി ഉയർന്നേക്കാം.

അതേസമയം, യൂറോപ്യൻ യൂണിയന് വെളിയിൽ നിന്നുള്ള കുടിയേറ്റം 33 ശതമാനം വർധിക്കുകയാണെങ്കിൽ 2081-ഓടെ രാജ്യത്തെ ജനസംഖ്യ 9,55,229 വരെ ഉയർന്നേക്കാമെന്നും പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു. നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2025-ന്റെ അവസാനത്തിൽ മാൾട്ടയിലെ നിലവിലെ ജനസംഖ്യ 5,88,254 ആണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button