മാൾട്ടാ വാർത്തകൾ

റോഡ്‌സൈഡ് ലഹരി പരിശോധനകളുടെ വിവരങ്ങൾ പുറത്തുവിടണം : ഐഎഎം

റാൻഡം റോഡ്‌സൈഡ് ലഹരി പരിശോധനകൾ മാർച്ചിൽ ആരംഭിച്ചതിനുശേഷം എത്ര ഡ്രൈവർമാരെ പരിശോധിച്ചുവെന്നും അതിന്റെ ഫലങ്ങൾ എന്തൊക്കെയാണെന്നും പോലീസ് പരസ്യപ്പെടുത്തണമെന്നും ഇൻഷുറൻസ് അസോസിയേഷൻ മാൾട്ട (IAM) ആവശ്യപ്പെട്ടു. ആറുമാസം മുമ്പ് സർക്കാർ കൊണ്ടുവന്ന പരിശോധനയിൽ ആദ്യ ദിവസങ്ങളിൽ നാല് പേർ പിടിയിലായെങ്കിലും പിന്നീട് പോലീസ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

ഡ്രൈവർമാരുടെ പെരുമാറ്റത്തിൽ മാറ്റമുണ്ടായിട്ടുണ്ടോ എന്നറിയാൻ കൂടുതൽ വിവരങ്ങൾ ആവശ്യമാണെന്ന് സംഘടന വ്യക്തമാക്കി. അടുത്തിടെയുണ്ടായ അപകടങ്ങളിൽ മോട്ടോർ സൈക്കിൾ യാത്രികർ വലിയ തോതിൽ ഇരകളാകുന്നതായി എൻ.എസ്.ഒ (NSO) കണക്കുകൾ വ്യക്തമാക്കുന്നു.

റോഡ് സുരക്ഷയെക്കുറിച്ച് സർക്കാരിന് നിർദ്ദേശങ്ങൾ നൽകേണ്ട റോഡ് സേഫ്റ്റി കൗൺസിൽ കഴിഞ്ഞ ഏഴു മാസമായി നിർജ്ജീവമാണ്. ഇത് ഉടൻ പ്രവർത്തനക്ഷമമാക്കണമെന്നും ഇരുചക്രവാഹനങ്ങൾ, സൈക്കിളുകൾ, സ്കൂട്ടറുകൾ എന്നിവ ഉപയോഗിക്കുന്നവരുമായി സുരക്ഷിതമായി റോഡ് പങ്കിടുന്നതിനെക്കുറിച്ച് കൃത്യമായ വിദ്യാഭ്യാസം നൽകണമെന്നും സാധ്യമായ ഇടങ്ങളിലൊക്കെ വെവ്വേറെ ട്രാക്കുകൾ നിർമ്മിക്കുന്ന രീതിയിൽ റോഡുകൾ പുനാരസൂത്രണം ചെയ്യണമെന്നും ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങളും മറ്റ് നിയമലംഘനങ്ങളും വേഗത്തിൽ കണ്ടെത്തുന്നതിന് ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (എ.എൻ.പി.ആർ) സാങ്കേതികവിദ്യ ഉപയോഗിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

നിയമങ്ങൾ നിർമ്മിക്കുന്നത് കൊണ്ടുമാത്രം റോഡ് സുരക്ഷ ഉറപ്പാക്കാനാകില്ലെന്നും, ശക്തമായ പരിശോധനകളും സുതാര്യതയുമാണ് ഡ്രൈവർമാരുടെ രീതികളിൽ മാറ്റം വരുത്തുന്നതെന്നും അസോസിയേഷൻ കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button