അന്തർദേശീയം

ലൊസാഞ്ചലസ് മേയറായി മലയാളി ദമ്പതികളുടെ മകൾ നിത്യ രാമൻ

ലൊസാഞ്ചലസ് : അമേരിക്കയിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമായ ലൊസാഞ്ചലസിൽ മേയര്‍ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ജനിച്ചുവളര്‍ന്ന നിത്യ രാമൻ ചരിത്ര വിജയം നേടി. നിലവിലെ മേയറായ കരേൻ ബാസിനെക്കാൾ 26,124 വോട്ടുകൾ നേടിയാണ് അട്ടിമറി ജയം.

മഹാ നഗരത്തിലെ ആദ്യത്തെ ഏഷ്യൻ അമേരിക്കൻ മേയ‍ർ എന്ന റെക്കോർഡും ഈ ജയത്തിന് തിളക്കമേറ്റുന്നു. നിത്യയുടെ അമ്മയുടെ നാട് തൃശൂരാണ്. പിതാവ് തിരുവനന്തപുരം സ്വദേശിയുമാണ്.

ലൊസാഞ്ചലസിലെ പരമ്പരാഗത രാഷ്ട്രീയ സ്ഥാപനങ്ങളെ ഞെട്ടിച്ച നേട്ടമാണ്. “ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്സ് ഓഫ് അമേരിക്ക” (DSA) അംഗമായ നിത്യ നഗരത്തിലെ പുരോഗമന പ്രസ്ഥാനങ്ങളുടെ തിരിച്ചുവരവ് കൂടിയാണ് അടയാളപ്പെടുത്തുന്നത്. 51.1ശതമാനം വോട്ടുകൾ നേടിയാണ് നിത്യ വിജയിച്ചത്. മുതിര്‍ന്ന നേതാവും രാഷ്ട്രീയ തന്ത്രജ്ഞനുമായി അറിയപ്പെടുന്ന എതിരാളി കരേൻ ബാസിന് 48.33ശതമാനം വോട്ടുകളാണ് ലഭിച്ചത്. 3.4 ശതമാനം വോട്ടുകൾ അധികം നേടി.

ഡിഎസ്എ അംഗമായ മരീസ റോയ് സിറ്റി അറ്റോര്‍ണി സീറ്റിലേക്കും, കെന്നത്ത് മഹിയ സിറ്റി കൺട്രോളറായും ഇവര്‍ക്കൊപ്പം മത്സരിച്ച് ജയിച്ചു. ലൊസാഞ്ചലസിന്റെ ഭരണസാരഥ്യത്തിലേക്ക് യുവ ഇടത് പുരോഗമന ചിന്താഗതിക്കാരുടെ ഒരു ശക്തമായ കൂട്ടായ്മ കടന്നുവരുന്നു എന്നാണ് യു എസ് മാധ്യമങ്ങൾ റിപ്പോര്‍ട് ചെയ്തത്. കഴിഞ്ഞ വർഷം ന്യൂയോർക്ക് മേയർ തിരഞ്ഞെടുപ്പിൽ ജയിച്ച ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് നേതാവ് സൊഹ്റാൻ മംദാനിയുമായി (Zohran Mamdani) നിത്യാ രാമനെ താരതമ്യം ചെയ്യുന്നു.

ഒരു കുടിയേറ്റക്കാരിയായ വനിത യുഎസിലെ രണ്ടാമത്തെ വലിയ നഗരത്തിന്റെ സാരഥ്യത്തിൽ എത്തുന്നു എന്നതിന് വലയി പ്രധാന്യമാണ് കല്പിക്കപ്പെടുന്നത്. അമേരിക്കൻ രാഷ്ട്രീയത്തിൽ വംശീയവും വംശപരവുമായ വൈവിധ്യങ്ങൾക്ക് കൂടുതൽ പ്രധാന്യം ലഭിക്കുന്നു. വിഭാഗീയ കുടിയേറ്റ വിരുദ്ധ വികാരങ്ങൾ കത്തിച്ചുള്ള പരമ്പരാഗത അധികാര തന്ത്രങ്ങളെ തള്ളി പുതു രാഷ്ട്രീയ കടന്നു വരികയാണ്.

2028-ൽ നടക്കുന്ന ഒളിമ്പിക്സ് കായിക മാമാങ്കത്തിന് മുന്നോടിയായാണ് അവ‍ര്‍ നഗര പിതാവായി അവരോധിക്കപ്പെടുന്നത്. പ്രമുഖ അമേരിക്കൻ സർവകലാശാലയായ ഹാർവാർഡിൽ നിന്ന് സോഷ്യൽ സ്റ്റഡീസിൽ ബിരുദവും, എംഐടിയിൽ നിന്ന് അർബൻ പ്ലാനിംഗിൽ ബിരുദാനന്തര ബിരുദവും നേടിയ നിത്യ കർണ്ണ, കാവേരി എന്നീ രണ്ടു മക്കളുടെ അമ്മയാണ്.

1981-ൽ ആണ് നിത്യയുടെ ജനനം. അച്ഛൻ വെങ്കിട്ടരാമൻ തിരുവനന്തപുരം കെൽട്രോണിൽ എൻജിനീയറായിരുന്നു. അമ്മ സുധ കേച്ചേരി ഇന്ത്യൻ ഓവർസീസ് ബാങ്കിലെ ജീവനക്കാരിയായിരുന്നു. തൃശ്ശൂരിൽ ജനിച്ചെങ്കിലും ആദ്യ രണ്ടരവർഷം തിരുവനന്തപുരത്തായിരുന്നു താമസം. വെങ്കിട്ടരാമൻ ഉന്നതപഠനത്തിന് അമേരിക്കയിലേക്കു പോയ സമയത്താണ് അമ്മയും മകളും തൃശ്ശൂരിലേക്ക് തിരിച്ചെത്തുന്നത്. ആറാംവയസ്സോടെ കുടുംബസമേതം അമേരിക്കയിലേക്കു പോയി. പിന്നെ എംഐടിയിൽ നിന്ന് ബിരുദം നേടിയ ശേഷമാണ് ഇന്ത്യയിൽ തിരിച്ചെത്തുന്നത്. ചെന്നൈ കലാക്ഷേത്രയിൽനിന്ന് ഭരതനാട്യം പഠിച്ചു. ഈ സമയത്ത് ചെന്നൈയിലെ ശുചിത്വ-അടിസ്ഥാനസൗകര്യ വികസനങ്ങൾ ലക്ഷ്യമിട്ട് ‘ട്രാൻസ്പരന്റ് ചെന്നൈ’ എന്ന ഗവേഷണ സ്ഥാപനം സ്ഥാപിച്ചു.

ഹോളിവുഡ് തിരക്കഥാകൃത്തും നിർമാതാവുമായ വാലി ചന്ദ്രശേഖരനുമായി 2010-ൽ വിവാഹിതയായി. ലൊസാഞ്ചലസിലെ സിൽവർ ലേക്ക് മേഖലയിലാണ് കുടുംബം താമസിക്കുന്നത്. ഏക സഹോദരൻ ആകാശ് രാമൻ ന്യൂയോർക്കിൽ ഫിനാൻഷ്യൽ മേഖലയിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button