മാൾട്ടാ വാർത്തകൾ

ബോട്ടീക് ഹോട്ടൽ നിർമ്മാണം : സ്ലീമയിലെ സാക്രോ കൂർ പള്ളിമണികളുടെ ശബ്ദം നിയന്ത്രിക്കേണ്ടിവരുമെന്ന ആശങ്ക

ചരിത്രപ്രസിദ്ധമായ സാക്രോ കൂർ (Sacro Cuor) പള്ളിക്ക് തൊട്ടടുത്ത് പുതിയ ബോട്ടീക് ഹോട്ടൽ നിർമ്മിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഹോട്ടൽ യാഥാർത്ഥ്യമായാൽ ഇവിടെയെത്തുന്ന അതിഥികളുടെ പരാതിയെ തുടർന്ന് നൂറ്റാണ്ടിലധികം പഴക്കമുള്ള പള്ളിമണികൾ മുഴക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമോ എന്ന ആശങ്കയിലാണ് പള്ളി അധികൃതർ.

പ്രാദേശികവാസികളും ‘ഫ്ളിംകിൻ ഗ്വാൽ അംബ്യെന്ത് അഹ്ജാർ’ (FAA) എന്ന പരിസ്ഥിതി സംഘടനയും പള്ളിയോടൊപ്പം പദ്ധതിക്കെതിരെ പ്ലാനിംഗ് അതോറിറ്റിക്ക് (PA) എതിർപ്പ് അറിയിച്ചിട്ടുണ്ട്. ഗ്രേഡ് 1 പൈതൃക പട്ടികയിലുള്ള ഈ ചരിത്രപ്രസിദ്ധമായ പള്ളിക്ക് തൊട്ടടുത്താണ് 24 മുറികളുള്ള ബോട്ടീക് ഹോട്ടൽ നിർമ്മിക്കാൻ അപേക്ഷ നൽകിയിരിക്കുന്നത്.

‘APX ഇൻവെസ്റ്റ്‌മെന്റ്സ് ലിമിറ്റഡി’ന് വേണ്ടി ആരോൺ സുറെബ് നൽകിയ അപേക്ഷയിൽ (PA/06783/26) നിലവിലുള്ള കെട്ടിടത്തിന്റെ മുൻഭാഗം നിലനിർത്തിക്കൊണ്ട് പിൻഭാഗം പൊളിച്ചുമാറ്റി പുതിയ കെട്ടിടം പണിയാനാണ് നിർദ്ദേശം. പാർക്കിംഗ്, നീന്തൽക്കുളം, ബ്രേക്ക്ഫാസ്റ്റ് ഏരിയ എന്നിവ ഉൾപ്പെടുന്ന കെട്ടിടത്തിന് അധികമായി രണ്ട് നിലകളും രണ്ട് റിസീഡഡ് ലെവലുകളും നിർമ്മിക്കാൻ ഉദ്ദേശിക്കുന്നു.

നഗരത്തിന്റെ സംരക്ഷിത മേഖലയെയും (Urban Conservation Area) പരിസ്ഥിതിയെയും ഈ പദ്ധതി പ്രതികൂലമായി ബാധിക്കുമെന്ന് എഫ്.എ.എ ആശങ്ക പ്രകടിപ്പിച്ചു. നിലവിലുള്ള തോട്ടത്തിന്റെയും മുറ്റത്തിന്റെയും 80 ശതമാനത്തോളം ഭാഗം നിർമ്മാണത്തോടെ ഇല്ലാതാകുമെന്ന് സംഘടന ചൂണ്ടിക്കാട്ടി.

വെറും നാല് മീറ്റർ മാത്രം വീതിയുള്ള ഇടുങ്ങിയ തെരുവായ ‘ത്രീഗ് സാൻ ട്രോഫിമു’വിൽ ഹോട്ടൽ വരുന്നതോടെ ഗതാഗതക്കുരുക്ക് രൂക്ഷമാകുമെന്ന് പള്ളി അധികൃതർ നൽകിയ പരാതിയിൽ പറയുന്നു. പ്രശസ്തമായ തിരുനാൾ ആഘോഷങ്ങൾ, സംസ്‌കാര ചടങ്ങുകൾ, വിവാഹങ്ങൾ, പ്രഘോഷണങ്ങൾ എന്നിവ നടക്കുമ്പോൾ ഈ റോഡിൽ ഗതാഗതം തടസ്സപ്പെടാറുണ്ട്. ഇത് ഹോട്ടലിന്റെ പ്രവർത്തനങ്ങളെയും വിനോദസഞ്ചാരികളെയും എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കണമെന്ന് പള്ളി അധികൃതർ ആവശ്യപ്പെട്ടു.

100 വർഷത്തിലേറെയായി മുഴങ്ങുന്ന പള്ളിമണികളുടെ ശബ്ദം ഹോട്ടൽ അതിഥികൾക്ക് ശല്യമായാൽ മണി മുഴക്കുന്നതിൽ ഭാവിയിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സമ്മർദ്ദമുണ്ടാകുമെന്നതാണ് പള്ളിയുടെ പ്രധാന ആശങ്ക. കെട്ടിടത്തിന്റെ വലിപ്പവും ഉയരവും പ്രദേശത്തിന്റെ ചരിത്രപരമായ പാരമ്പര്യത്തിന് ചേർന്നതല്ലെന്നും പരാതിയിലുണ്ട്.

വിഷയത്തിൽ കൂടുതൽ പ്രതികരണത്തിന് പള്ളിയെ പ്രതിനിധീകരിച്ച് അപേക്ഷ നൽകിയ ഫാദർ മാർട്ടിൻ കൊളീറോ തയാറായില്ല. പദ്ധതിക്കെതിരെ ഇതുവരെ 29 എതിർപ്പുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നവംബർ 6 വരെ പൊതുജനങ്ങൾക്ക് പരാതികൾ സമർപ്പിക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button