അന്തർദേശീയം

ചൈനയിലെ ക്വിംഗ്ദാവോ തുറമുഖത്ത് ചരക്കുകപ്പലിൽ തീപിടിത്തം; 25 പേർക്ക് ദാരുണാന്ത്യം

ബെയ്ജിങ് : ചൈനയിലെ കിഴക്കൻ കപ്പൽ ഗതാഗത ഹബ്ബായ ക്വിംഗ്ദാവോ തുറമുഖത്ത് അറ്റകുറ്റപ്പണികൾക്കായി നിർത്തിയിട്ടിരുന്ന വിദേശ ചരക്കുകപ്പലിലുണ്ടായ വൻ തീപിടിത്തത്തിൽ 25 പേർ മരിച്ചു. കപ്പലിൽ തീ പടരുമ്പോൾ 42 പേർ ഉള്ളിലുണ്ടായിരുന്നു. അപകടത്തിൽപ്പെട്ടവരിൽ 5 പേർക്ക് പരുക്കേൽക്കുകയും 17 പേരെ സുരക്ഷിതമായി ഒഴിപ്പിക്കുകയും ചെയ്തു. സ്ഫോടന ശബ്ദമൊന്നും കേട്ടില്ലെന്നും കപ്പലിൽ നിന്നും കറുത്ത പുക വൻതോതിൽ ഉയരുന്നത് കണ്ടതായും ദൃക്‌സാക്ഷികൾ പറഞ്ഞു.

ലൈബീരിയൻ പതാക വഹിച്ച ‘ഓഷ്യൻ മെലഡി’ എന്ന 190 മീറ്റർ നീളമുള്ള പടുകൂറ്റൻ ബൾക്ക് കാരിയർ കപ്പലിലാണ് അപകടമുണ്ടായത്. ചൈന സ്റ്റേറ്റ് ഷിപ്പ് ബിൽഡിങ് കോർപറേഷന്റെ കീഴിലുള്ള ക്വിംഗ്ദാവോ ബെയ്ഹായ് ഷിപ്പ് യാർഡിലാണ് അറ്റകുറ്റപ്പണികൾ നടന്നിരുന്നത്. കപ്പലിന്റെ ഡെക്കിലേക്ക് രക്ഷാപ്രവർത്തകർ ഇരച്ചുകയറുന്നതിന്റെയും നിരവധി ഫയർ എൻജിനുകളും ആംബുലൻസുകളും തീരത്ത് നിലയുറപ്പിച്ചിരിക്കുന്നതിന്റെയും ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടു. ലോകത്തിലെ 180ലധികം രാജ്യങ്ങളിലെ 700 ലേറെ തുറമുഖങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന ചൈനയിലെ അതീവ പ്രധാനപ്പെട്ട രാജ്യാന്തര നാവിക കേന്ദ്രങ്ങളിലൊന്നാണ് ക്വിംഗ്ദാവോ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button