അന്തർദേശീയം

ഉത്തര കൊറിയയുടെ ആണവ പരീക്ഷണങ്ങളിൽ ആശങ്ക : ഐഎഇഎ

വിയന്ന : അന്താരാഷ്ട്ര ഉപരോധങ്ങളെയും ആഗോള താക്കീതുകളെയും കാറ്റിൽപ്പറത്തി ആണവായുധ ശേഖരം വിപുലീകരിക്കാൻ ഉത്തര കൊറിയ പുതിയ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം നിർമ്മിച്ചതായി അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (ഐഎഇഎ). ഉത്തര കൊറിയയുടെ പ്രധാന ആണവ താവളമായ യോങ്ബിയോൺ സമുച്ചയത്തിലാണ് പുതിയ ഇരുനില കെട്ടിടം ഉയർന്നുവന്നിരിക്കുന്നത്. യുറേനിയം സമ്പുഷ്ടീകരിക്കാൻ ഉപയോഗിക്കുന്ന 28 സെൻട്രിഫ്യൂജ് കാസ്കേഡുകൾ വരെ ഒരേസമയം പ്രവർത്തിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ കേന്ദ്രമെന്ന് ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നു. ഉത്തര കൊറിയയുടെ നടപടികൾ അതീവ ഗൗരവത്തോടെ കാണേണ്ട ഒന്നാണെന്നും മേഖലയിലെ സുരക്ഷയ്ക്ക് ഇത് കടുത്ത ഭീഷണിയാണെന്നും ഐഎഇഎ മേധാവി റാഫേൽ ഗ്രോസി പ്രസ്താവനയിൽ വ്യക്തമാക്കി.

2009-ൽ ഐഎഇഎ നിരീക്ഷകരെ പുറത്താക്കിയതിന് ശേഷം ഉപഗ്രഹ ചിത്രങ്ങളുടെയും രഹസ്യാന്വേഷണ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ഏജൻസി ഉത്തര കൊറിയയുടെ ആണവ നീക്കങ്ങൾ വിലയിരുത്തുന്നത്. “ഉത്തര കൊറിയ തങ്ങളുടെ ആണവ പദ്ധതികൾ തടസ്സമില്ലാതെ തുടരുന്നതും കൂടുതൽ വികസിപ്പിക്കുന്നതും ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ പ്രമേയങ്ങളുടെ നഗ്നമായ ലംഘനമാണ്. ഇത് തികച്ചും ഖേദകരമാണ്,” ഐഎഇഎ ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസി പറഞ്ഞു. ജൂൺ മൂന്നിന് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ പുതുതായി നിർമ്മിച്ച ആണവ വസ്തുക്കളുടെ ഉത്പാദന ഫാക്ടറി സന്ദർശിച്ചതായി ഉത്തര കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് യോങ്ബിയോണിലെ പുതിയ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രമാണെന്നാണ് ഐഎഇഎയുടെ വിലയിരുത്തൽ. കൂടുതൽ വലിയ ആണവ ലക്ഷ്യങ്ങൾ നടപ്പിലാക്കാൻ രാജ്യത്തിന്റെ ഉത്പാദന ശേഷി വർദ്ധിപ്പിച്ചതിനെ കിം ജോങ് ഉൻ പ്രശംസിക്കുകയും ചെയ്തിരുന്നു.

സാമ്പത്തികമായി കടുത്ത ദാരിദ്ര്യവും പട്ടിണിയും നേരിടുന്ന രാജ്യമായിരുന്നിട്ടും ആണവായുധ വികസനത്തിനായി പ്രതിവർഷം കോടിക്കണക്കിന് ഡോളറാണ് കിം ജോങ് ഉൻ ചെലവഴിക്കുന്നത്. 2022-ലെ കണക്കുകൾ പ്രകാരം 640 ദശലക്ഷം ഡോളറിലധികം തുക ആണവായുധ നിർമ്മാണത്തിനായി ഉത്തര കൊറിയ മാറ്റിവെച്ചിട്ടുണ്ട്. യോങ്ബിയോണിലെ പുതിയ സമുച്ചയത്തിന് പുറമെ തലസ്ഥാനമായ പ്യോങ്യാങ്ങിന് സമീപമുള്ള കാങ്സോണിലെ സമ്പുഷ്ടീകരണ കേന്ദ്രത്തിന്റെ പ്രവർത്തനം ഈ വർഷം ജനുവരി മുതൽ ആരംഭിച്ചതായും ഉപഗ്രഹ നിരീക്ഷണങ്ങളിൽ വ്യക്തമായിട്ടുണ്ട്. കാങ്സോണിൽ 2024-ൽ നിർമ്മിച്ച പുതിയ അനക്സ് ഭാഗമാണ് പൂർണ്ണതോതിൽ പ്രവർത്തനം തുടങ്ങിയത്. പുറംലോകത്തിന് അറിയാത്തതും രഹസ്യമായി സൂക്ഷിച്ചിരിക്കുന്നതുമായ നിരവധി ഭൂഗർഭ ആണവ കേന്ദ്രങ്ങൾ ഉത്തര കൊറിയയിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് ഓക്സ്ഫോർഡ് സർവകലാശാലയിലെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button