അന്തർദേശീയം

കുട്ടി സീറ്റ് ബെൽറ്റിടാൻ വിസമ്മതിച്ചു; കാനഡയിൽ വിമാനം റദ്ദാക്കി

വിക്ടോറിയ : യാത്രക്കാരനായ കുട്ടി സീറ്റ് ബെൽറ്റിടാൻ വിസമ്മതിച്ചതിനെത്തുടർന്ന് കാനഡയിൽ വിമാനം റദ്ദാക്കി. വിക്ടോറിയയിൽനിന്ന് ടൊറന്റോയിലേക്ക് പോകേണ്ടിയിരുന്ന പോർട്ടർ എയർലൈൻസ് വിമാനമാണ് കുട്ടിയുടെ വാശിയെത്തുടർന്ന് റദ്ദാക്കേണ്ടിവന്നത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.

വിമാനം പുറപ്പെടുന്നതിന് മുൻപായി വിമാനത്തിന്റെ വാതിലുകൾ അടച്ച് ടേക്ക് ഓഫിനായി റൺവേയിലേക്ക് നീങ്ങുന്നതിനിടെയാണ് കുട്ടി സീറ്റിൽ എഴുന്നേറ്റു നിൽക്കുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. കുട്ടിയുടെ രക്ഷിതാവും വിമാന ജീവനക്കാരും ചേർന്ന് കുട്ടിയെ സീറ്റിലിരുത്തി ബെൽറ്റ് ധരിപ്പിക്കാൻ പലതവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

വിമാനം പറന്നുയരുന്നതിന് മുൻപ് പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയാതെവന്നതോടെ വിമാനം തിരികെ ടെർമിനലിലേക്ക് കൊണ്ടുപോകാനും കുട്ടിയെയും രക്ഷിതാവിനെയും വിമാനത്തിൽനിന്ന് പുറത്തിറക്കാനും അധികൃതർ തീരുമാനിക്കുകയായിരുന്നു.

എന്നാൽ, കുട്ടിയെയും രക്ഷിതാവിനെയും അവരുടെ ലഗേജുകൾ സഹിതം വിമാനത്തിൽനിന്ന് പുറത്തിറക്കി മറ്റ് ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയപ്പോഴേക്കും സമയം രാത്രി 12.30 കഴിഞ്ഞിരുന്നു. ആ സമയത്ത് വിമാനത്താവളത്തിലെ റൺവേ അടച്ചതിനാൽ വിമാനത്തിന് യാത്ര പുറപ്പെടാൻ സാധിച്ചില്ല. ഇതേത്തുടർന്ന് യാത്രക്കാരെല്ലാം രാത്രി വിക്ടോറിയയിൽ കുടുങ്ങി. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ പോർട്ടർ എയർലൈൻസ് മാപ്പ് പറയുകയും അടുത്ത ദിവസം മറ്റൊരു വിമാനത്തിൽ ഇവരെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചതായി അറിയിക്കുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button