അന്തർദേശീയം

ക്യൂബന്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ രഹസ്യ ടാസ്‌ക് ഫോഴ്സ് രൂപീകരിച്ച് സിഐഎ

വാഷിംങ്ടൺ ഡിസി : ക്യൂബൻ സർക്കാരിനെ സാമ്പത്തികമായും രാഷ്ട്രീയമായും സമ്മർദ്ദത്തിലാക്കാനും രാജ്യത്ത് ഭരണമാറ്റം കൊണ്ടുവരാനും ലക്ഷ്യമിട്ട് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എ. പ്രത്യേക ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചതായി റിപ്പോർട്ട്. പ്രസിഡന്റ് ട്രംപിന്റെ നിർദ്ദേശപ്രകാരം ക്യൂബയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.

ചാരന്മാരെ റിക്രൂട്ട് ചെയ്യുന്ന ഓഫീസർമാർ, ഇന്റലിജൻസ് അനലിസ്റ്റുകൾ, സൈബർ ഓപ്പറേഷൻ വിദഗ്ധർ, രഹസ്യ പ്രവർത്തനങ്ങളിൽ വൈദഗ്ധ്യമുള്ളവർ തുടങ്ങിയവരെ ഉൾപ്പെടുത്തിയാണ് ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചിരിക്കുന്നത്. ക്യൂബൻ രാഷ്ട്രീയ നേതൃത്വത്തിനുള്ളിൽ ഭിന്നതകൾ ഉണ്ടാക്കി, അമേരിക്കൻ താൽപ്പര്യങ്ങൾക്ക് വഴങ്ങുന്ന നേതാക്കളെ അധികാരത്തിൽ എത്തിക്കുക എന്നതാണ് പ്രധാന ദൗത്യം.

ചൈന, റഷ്യ, ഇറാൻ എന്നിവയ്‌ക്കൊപ്പം ക്യൂബയെയും അമേരിക്ക ഇപ്പോൾ പ്രയോരിറ്റി-1 ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതേത്തുടർന്ന് ഉപഗ്രഹങ്ങൾ വഴിയുള്ള നിരീക്ഷണവും എൻ.എസ്.എ. പോലുള്ള ഏജൻസികളുടെ ഇടപെടലുകളും ക്യൂബയിൽ ശക്തമാക്കിയിട്ടുണ്ട്. ക്യൂബൻ നേതാക്കളുടെ രഹസ്യ പണമിടപാടുകളും ബിസിനസ്സ് രഹസ്യങ്ങളും കണ്ടെത്തി അവ പരസ്യപ്പെടുത്തുന്നത് വഴി ഭരണകൂടത്തിനെതിരെ ജനവികാരം ഇളക്കിവിടാൻ സി.ഐ.എ. പദ്ധതിയിടുന്നു. സൈനിക നടപടികൾക്കുള്ള സാധ്യതകൾ പരിശോധിക്കുന്നതിനായി ക്യൂബയുടെ സൈനിക ശേഷിയെക്കുറിച്ചുള്ള വിവരങ്ങളും അമേരിക്ക ശേഖരിക്കുന്നുണ്ട്.

1960-ൽ രൂപീകരിച്ച സമാനമായ ടാസ്‌ക് ഫോഴ്സാണ് ‘ബേ ഓഫ് പിഗ്സ്’ എന്ന പേരിലറിയപ്പെടുന്ന അമേരിക്കയുടെ ക്യൂബൻ അധിനിവേശത്തിന് നേതൃത്വം നൽകിയത്. എന്നാൽ, ആ ദൗത്യം പരാജയത്തിൽ കലാശിച്ചു. അന്നത്തേതിൽനിന്ന് വ്യത്യസ്തമായി പുതിയ ദൗത്യത്തിൽ ക്യൂബൻ പങ്കാളികൾ ആരുമില്ലെന്നും മാരകമായ ആക്രമണങ്ങൾക്ക് ഇതുവരെ അനുമതിയില്ലെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. അതേസമയം, അമേരിക്കയുടെ ക്യൂബൻ ടാസ്‌ക് ഫോഴ്‌സ് അട്ടിമറിക്കുള്ള ശ്രമമാണെന്ന് ക്യൂബൻ ഉപ വിദേശകാര്യ മന്ത്രി കാർലോസ് ഫെർണാണ്ടസ് ഡി കോസിയോ പ്രതികരിച്ചു.

ചാരവൃത്തിയും രാജ്യത്തെ അസ്ഥിരപ്പെടുത്തുകയുമാണ് അമേരിക്കയുടെ ലക്ഷ്യമെന്നും സ്വയം പ്രതിരോധിക്കാനുള്ള ക്യൂബയുടെ അവകാശത്തെ ഭീഷണിയായി ചിത്രീകരിക്കുന്നത് ധിക്കാരമാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button