അന്തർദേശീയം

അധിക തീരുവ : 10,000 കോടി ഡോളർ തിരിച്ചുകൊടുത്ത് ട്രംപ് ഭരണകൂടം

വാഷിംങ്ടൺ ഡിസി : തീരുവ യുദ്ധം പ്രഖ്യാപിച്ച് വിദേശ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് അധിക തീരുവയിലൂടെ ഈടാക്കിയ തുകയിൽ ട്രംപ് ഭരണകൂടം തിരിച്ചുകൊടുക്കേണ്ടി വരുന്നത് 10,000 കോടി ഡോളർ. തീരുവ വർധന യു.എസ് സുപ്രീംകോടതി റദ്ദാക്കിയതോടെയാണ് അധികമായി ഈടാക്കിയ തുക മടക്കിനൽകാൻ ട്രംപ് ഭരണകൂടം നിർബന്ധിതമായത്. ഇത്തരത്തിൽ ഈടാക്കിയ 166 ബില്യൺ ഡോളറിൽ 100 ബില്യൺ ഡോളറാണ് മടക്കി നൽകിയത്.

അന്താരാഷ്ട്ര അടിയന്തര സാമ്പത്തിക അധികാര നിയമം (International Emergency Economic Powers Act) ഉപയോഗിച്ച് ട്രംപ് ഭരണകൂടം ഏകദേശം 166 ബില്യൺ ഡോളറാണ് തീരുവയായി ഈടാക്കിയിരുന്നത്. തീരുവ ഇനത്തിൽ അധിക തുക അടച്ച ഇറക്കുമതിക്കാർക്കാണ് പണം തിരികെ നൽകിയത്.

ജൂലായ് അവസാനത്തോടെ ഏകദേശം 100 ശതകോടി ഡോളർ (പലിശ അടക്കം) റീഫണ്ടായി ട്രഷറി വകുപ്പിലൂടെ ഇറക്കുമതിക്കാർക്ക് വിതരണം ചെയ്തു. അന്താരാഷ്ട്ര അടിയന്തര സാമ്പത്തിക അധികാര നിയമം ദുരുപയോഗം ചെയ്താണ് പ്രസിഡന്റ് ട്രംപ് വിവിധ രാജ്യങ്ങൾക്ക് മേൽ ഏകപക്ഷീയമായി താരിഫുകൾ ചുമത്തിയതെന്ന് ചൂണ്ടിക്കാട്ടി 6-3 ഭൂരിപക്ഷത്തോടെ യു.എസ്. സുപ്രീം കോടതി ഈ തീരുവകൾ റദ്ദാക്കിയിരുന്നു.

വ്യാപാര പങ്കാളികൾക്കുമേൽ സമ്മർദ്ദം ചെലുത്താനുള്ള ഒരു ഉപാധിയായി ട്രംപ് തീരുവകളെ ഉപയോഗിച്ചിരുന്നു. എന്നാൽ സുപ്രീംകോടതി വിധി ട്രംപിന്റെ ഈ ശ്രമത്തിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്.

താരിഫുകൾ നിലവിലിരുന്നപ്പോൾ സാധനങ്ങളുടെ വിലക്കയറ്റം മൂലം യഥാർത്ഥത്തിൽ ദുരിതമനുഭവിച്ച സാധാരണ അമേരിക്കൻ ഉപഭോക്താക്കൾക്ക് ഈ റീഫണ്ടിൽ നിന്ന് യാതൊരു ആനുകൂല്യവും നേരിട്ട് ലഭിക്കുന്നില്ലെന്ന് സാമ്പത്തിക വിദഗ്ദ്ധരും നിയമസഭാംഗങ്ങളും ചൂണ്ടിക്കാണിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button