അന്തർദേശീയം

യെമനിലെ സന വിമാനത്താവളത്തിന് നേരെ സൗദി സഖ്യസേനയുടെ വ്യോമാക്രമണം; ശക്തമായി തിരിച്ചടിക്കുമെന്ന് ഹൂതികൾ

സന : പശ്ചിമേഷ്യയിൽ അമേരിക്ക – ഇസ്രയേൽ സാമ്രാജ്യത്വ ശക്തികൾ നടത്തുന്ന അധിനിവേശ നീക്കങ്ങൾക്ക് പിന്നാലെ യെമനിലും സംഘർഷം. യെമൻ തലസ്ഥാനമായ സനയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ സൗദി സഖ്യസേന കനത്ത വ്യോമാക്രമണം നടത്തി. ഇറാനിൽ നിന്നുള്ള വിമാനം ഇറങ്ങുന്നത് തടയാനായി സന വിമാനത്താവളത്തിലെ റൺവേയ്ക്ക് നേരെ ആക്രമണം നടത്തിയതായി യെമനിലെ യുഎസ് പിന്തുണയുള്ള താൽക്കാലിക ഭരണകൂടം അവകാശപ്പെട്ടു. ആക്രമണത്തിന് പിന്നിൽ സൗദി അറേബ്യയും സാമ്രാജ്യത്വ സഖ്യവുമാണെന്ന് ഹൂതികൾ വ്യക്തമാക്കി. പലസ്തീനിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചെങ്കടലിൽ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടം നടത്തുന്ന ഹൂതികളെയും അവരെ പിന്തുണയ്ക്കുന്ന ഇറാനെയും ലക്ഷ്യമിട്ടാണ് ഈ പുതിയ ആക്രമണം.

റൺവേയ്ക്ക് നേരെയുണ്ടായ ആക്രമണം കടന്നുകയറ്റമാണെന്നും ഇത് മേഖലയിൽ നിലനിന്നിരുന്ന താൽക്കാലിക സമാധാനം തകർത്തതായും ഹൂതി സൈനിക വക്താവ് യഹിയ സരീ പറഞ്ഞു. സാമ്രാജ്യത്വ കൂട്ടുകെട്ടിന്റെ ഈ ആക്രമണത്തിന് സൗദി അറേബ്യ വലിയ വില നൽകേണ്ടിവരുമെന്നും വരും ദിവസങ്ങളിൽ ശക്തമായ തിരിച്ചടി നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. എന്നാൽ യുഎസ് – സൗദി സഖ്യകക്ഷികളുടെ പിന്തുണയോടെ ഏദൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന യെമൻ ഔദ്യോഗിക സർക്കാർ ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം സൗദിക്ക് മേൽ നേരിട്ട് ചുമത്താൻ തയ്യാറായിട്ടില്ല.

അതേസമയം സന വിമാനത്താവളത്തിന് നേരെ സാമ്രാജ്യത്വ സഖ്യം ആക്രമണം നടത്തിയെങ്കിലും ഹൂതി പ്രതിനിധികളുമായി തെഹ്‌റാനിൽ നിന്ന് പുറപ്പെട്ട ഇറാനിയൻ വിമാനം യെമനിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. സനയിലെ റൺവേ തകർത്തതിനെത്തുടർന്ന് വിമാനം ഹൂതികളുടെ തന്നെ പൂർണനിയന്ത്രണത്തിലുള്ള ചെങ്കടൽ തീരനഗരമായ ഹൊദെയ്ദയിലേക്ക് തിരിച്ചുവിടുകയായിരുന്നു. ചികിത്സയിലായിരുന്ന രോഗികളും യാത്രാ പ്രതിനിധികളും അടങ്ങുന്ന സംഘമാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്നും അവരെല്ലാം സുരക്ഷിതരാണെന്നും ഹൂതികളുടെ മാധ്യമം റിപ്പോർട്ട് ചെയ്തു.

പലസ്തീനിലെ ജനങ്ങളെ കൂട്ടക്കൊല ചെയ്യുന്ന ഇസ്രയേൽ സാമ്രാജ്യത്വത്തിനെതിരെയും അവർക്ക് ആയുധം നൽകുന്ന അമേരിക്കക്കെതിരെയും ചെങ്കടലിൽ കപ്പലുകൾ ഉപരോധിച്ചുകൊണ്ട് ശക്തമായ പ്രതിരോധമാണ് ഹൂതികൾ തീർക്കുന്നത്. ഇതിൽ പ്രകോപിതരായ അമേരിക്കൻ സഖ്യമാണ് യെമൻ സർക്കാരിനെ മുൻനിർത്തി ഇപ്പോൾ വ്യോമാക്രമണങ്ങൾ അഴിച്ചുവിടുന്നത്. 2014ൽ ജനകീയ പ്രക്ഷോഭത്തിലൂടെ ഹൂതികൾ തലസ്ഥാനമായ സന പിടിച്ചടക്കിയതുമുതൽ യുഎസ് സഖ്യം യെമന് മേൽ നിരന്തരമായ അധിനിവേശ ആക്രമണങ്ങൾ നടത്തിവരികയാണ്. അന്താരാഷ്ട്ര തലത്തിൽ സമാധാന ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടയിലും പശ്ചിമേഷ്യയെ വീണ്ടും യുദ്ധത്തിലേക്ക് തള്ളിവിടാനാണ് സാമ്രാജ്യത്വ ശക്തികളുടെ ശ്രമം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button