മാൾട്ടാ വാർത്തകൾ

പ്രധാന ഏഴ് പുതിയ നിയമങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി റോബർട്ട് അബേല

പ്രധാനമന്ത്രി റോബർട്ട് അബേല പുതിയ നിയമസഭയുടെ ആദ്യ ദിവസങ്ങളിൽ തന്നെ ഏഴ് പ്രധാന നിയമങ്ങൾ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചു. ഐവിഎഫ് (IVF) നിയമപരിഷ്‌കരണം, പ്ലാനിങ് അപ്പീൽ നടപടികളിലെ മാറ്റങ്ങൾ, സമത്വ നിയമം എന്നിവ ഇതിൽ ഉൾപ്പെടും. ലേബർ പാർട്ടിയുടെ അസാധാരണ ജനറൽ സമ്മേളനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് അബേലയുടെ പ്രഖ്യാപനം.

“ഈ രാജ്യത്ത് ഒരു രാഷ്ട്രീയ പ്രസ്ഥാനം ഇതുവരെ അവതരിപ്പിച്ചതിൽ ഏറ്റവും അഭിലാഷപരമായ തിരഞ്ഞെടുപ്പ് പ്രകടനപത്രികയാണിത്. ജനങ്ങളുമായി ചേർന്ന് തയ്യാറാക്കിയ ഈ പ്രകടനപത്രികയിലെ ലക്ഷ്യങ്ങൾ എളുപ്പത്തിൽ കൈവരിക്കാനാവില്ലെങ്കിലും ശക്തമായി നടപ്പാക്കും,” അബേല പ്രതിനിധികളോട് പറഞ്ഞു.

പാർട്ടി നേതാവിനും ഉപനേതാക്കൾക്കും പ്രതിനിധികളുടെ അംഗീകാരം തേടുന്ന ജനറൽ സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.

തുടർച്ചയായി നാലാം തവണയും ലേബർ പാർട്ടിക്ക് ലഭിച്ച തിരഞ്ഞെടുപ്പ് വിജയം ചരിത്രപരമാണെന്ന് അബേല പറഞ്ഞു. മാൾട്ടയിൽ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് തുടർച്ചയായി നാല് ഭരണകാലങ്ങൾ ജനങ്ങൾ ഏൽപ്പിക്കുന്നത് ഇതാദ്യമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രവർത്തിച്ച പാർട്ടി പ്രതിനിധികൾക്ക് നന്ദി പറഞ്ഞ അദ്ദേഹം, തിരഞ്ഞെടുപ്പിന് പത്ത് ദിവസത്തിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്ത പുതിയ മന്ത്രിസഭയും പാർലമെന്ററി സംഘവും ലേബർ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും ശക്തമായ സംഘമാണെന്നും പറഞ്ഞു. തിരഞ്ഞെടുപ്പിന് പിന്നാലെ റെക്കോർഡ് സമയത്തിനുള്ളിൽ പാർലമെന്റ് സമ്മേളിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏഴ് നിയമങ്ങളിൽ ഐവിഎഫ് നിയമപരിഷ്‌കരണം തന്റെ പ്രധാന മുൻഗണനകളിലൊന്നാണെന്ന് അബേല വ്യക്തമാക്കി. ജനിതക രോഗങ്ങൾ കണ്ടെത്തുന്നതിനുള്ള പിജിടി-എം (PGT-M) പരിശോധന കൂടുതൽ രോഗ വിവരങ്ങൾ ലഭ്യമാക്കും. മാതാപിതാക്കളാകാനുള്ള ദമ്പതികളുടെ അവകാശം ഉറപ്പാക്കാൻ ഇതിലൂടെ കഴിയുംമെന്ന് അദ്ദേഹം പറഞ്ഞു.

സൗജന്യ ഐവിഎഫ് സേവനവും സൗജന്യ മരുന്നുകളും ഇതിനകം നടപ്പാക്കിയിട്ടുണ്ടെന്നും, ചികിത്സാ ഉപകരണങ്ങളിൽ നിക്ഷേപം നടത്തിയതും സ്വകാര്യ മേഖലയുമായി സഹകരിച്ചത് കാത്തിരിപ്പ് പട്ടിക കുറകനാണെന്ന് അദ്ദേഹം പറഞ്ഞു.

നിർമാണ-പ്ലാനിങ് മേഖലയിലും പുതിയ പരിഷ്‌കാരങ്ങൾ കൊണ്ടുവരും. ട്രൈബ്യൂണലിലോ കോടതിയിലോ ഒരു നിർമാണാനുമതിക്കെതിരെ അപ്പീൽ നിലനിൽക്കുന്ന കാലയളവിൽ നിർമാണ പ്രവർത്തനങ്ങൾ നടത്താൻ അനുവദിക്കില്ല. നിയമനടപടികൾ പൂർത്തിയായ ശേഷം മാത്രമേ നിർമ്മാണം തുടരാൻ കഴിയൂ. ഇതുസംബന്ധിച്ച് ദീർഘകാലം ചർച്ചകളും ആലോചനകളും നടത്തിയ ശേഷം നിയമം നടപ്പാക്കാൻ തയ്യാറായിട്ടുണ്ടെന്നും അബേല പറഞ്ഞു.

സമത്വവുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങൾ മാൾട്ടയെ വീണ്ടും യൂറോപ്പിലെ പൗരാവകാശ സംരക്ഷണത്തിൽ മുന്നിലുള്ള രാജ്യങ്ങളിലൊന്നാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 2013-ൽ പട്ടികയുടെ താഴ്ന്ന സ്ഥാനങ്ങളിൽ നിന്നിരുന്ന മാൾട്ടയെ ലേബർ സർക്കാർ മുൻനിരയിലേക്ക് എത്തിച്ചുവെന്ന് പറഞ്ഞ അദ്ദേഹം, രാജ്യത്തിന്റെ നേട്ടങ്ങളെ തള്ളിക്കളയുന്ന അപകടകരമായ നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്ന് ആരോപിച്ചു.

സ്വമേധയാ പ്രവർത്തിക്കുന്ന സംഘടനാ മേഖലയെയും ലക്ഷ്യമിട്ട് കൂടുതൽ നിയമപരിഷ്‌കാരങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചു.

പ്രകടനപത്രികയിൽ നിന്ന് ഓരോ മന്ത്രിക്കും ആദ്യഘട്ടത്തിൽ നടപ്പാക്കേണ്ട രണ്ട് പ്രധാന പദ്ധതികൾ തിരഞ്ഞെടുക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് അബേല പറഞ്ഞു.

വരാനിരിക്കുന്ന ബജറ്റ് വീണ്ടും പുരോഗമനപരവും വികസനോന്മുഖവുമായിരിക്കുമെന്നും, മാതാപിതാക്കൾ, യുവാക്കൾ, വിദ്യാർത്ഥികൾ, ബിസിനസ് മേഖല, സ്വയംതൊഴിൽ ചെയ്യുന്നവർ, ആദ്യമായി വീട് വാങ്ങുന്നവർ, പെൻഷൻകാർ തുടങ്ങിയ എല്ലാ വിഭാഗങ്ങളെയും പരിഗണിച്ചായിരിക്കും അത് തയ്യാറാക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ ജീവിത നിലവാരവും ക്ഷേമവും കൂടുതൽ ഉയർത്തുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അബേല കൂട്ടിച്ചേർത്തു.

ശക്തമായ പാർട്ടിയില്ലാതെ ശക്തമായ സർക്കാർ ഉണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നേരത്തേ തന്നെ വോട്ടെടുപ്പ് ആരംഭിച്ച സാഹചര്യത്തിൽ, പാർട്ടിയെയും സർക്കാരിനെയും ശക്തിപ്പെടുത്തുന്നതിനായി നേതൃത്വത്തിന് പിന്തുണ നൽകണമെന്ന് അദ്ദേഹം പ്രതിനിധികളോട് അഭ്യർത്ഥിച്ചു. ജനറൽ സമ്മേളനത്തിന്റെ ഉദ്ഘാടനം ചൊവ്വാഴ്ചയും വോട്ടെടുപ്പ് ബുധനാഴ്ച ഹംറൂണിലെയും ഗോസോയിലെ ടാ’ സന്നാട്ടിലെയും ലേബർ ആസ്ഥാനങ്ങളിലും നടക്കും. സമ്മേളനം വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് ഹംറൂണിൽ സമാപിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button