ശക്തമായ കാറ്റിന് സാധ്യത; ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ച് സിവിൽ പ്രൊട്ടക്ഷൻ മാൾട്ട

മാൾട്ടീസ് ദ്വീപുകളിലാകെ ശക്തമായ കാറ്റിനെ തുടർന്ന് ഓറഞ്ച് കാലാവസ്ഥ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ചില സമയങ്ങളിൽ തുറന്ന പ്രദേശങ്ങളിൽ കാറ്റ് (gale force) ശക്തിയിലെത്തുമെന്ന് മുന്നറിയിപ്പിൽ പറയുന്നു.
ശക്തമായ പടിഞ്ഞാറ്–വടക്കുപടിഞ്ഞാറ് ദിശയിൽ നിന്നുള്ള കാറ്റ് മാൾട്ടീസ് ദ്വീപുകളിലെ തുറന്ന പ്രദേശങ്ങളെ ബാധിക്കുമെന്ന് സിവിൽ പ്രൊട്ടക്ഷൻ മാൾട്ട (Civil Protection Malta) അറിയിച്ചു.
മേൽക്കൂരകൾ, ബാല്കണികൾ, സ്കാഫോൾഡിംഗ് തുടങ്ങിയ ഉയർന്ന സ്ഥലങ്ങളിൽ ജോലിചെയ്യുന്നത് ഒഴിവാക്കണമെന്ന് അധികൃതർ നിർദേശിച്ചു. അതുപോലെ, അപകടകരമായ കടൽസ്ഥിതിയും ശക്തമായ തിരമാലകളും ഉണ്ടാകുന്നതിനാൽ തീരപ്രദേശങ്ങൾ, ബ്രേക്ക്‌വാട്ടറുകൾ, കടൽത്തീരങ്ങൾ എന്നിവയിൽ നിന്ന് അകലം പാലിക്കണമെന്നും പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
ശക്തമായ കാറ്റടിക്കിടെ പറന്നുപോകാൻ സാധ്യതയുള്ള പുറംവശങ്ങളിലെ വസ്തുക്കൾ സുരക്ഷിതമായി ഉറപ്പാക്കണമെന്നും, പ്രത്യേകിച്ച് തുറന്നതും വെളിപ്പെട്ടതുമായ പ്രദേശങ്ങളിൽ വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചു.



