കേരളം

എറണാകുളം മാര്‍ക്കറ്റ് റോഡിലെ ജൂതപ്പള്ളിക്ക് മുമ്പില്‍ തീയിട്ട സംഭവത്തില്‍ യുവാവ് പിടിയില്‍

 

കൊച്ചി : എറണാകുളം മാര്‍ക്കറ്റ് റോഡിലെ ജൂതപ്പള്ളിക്ക് മുമ്പില്‍ തീയിട്ട സംഭവത്തില്‍ യുവാവ് പിടിയില്‍. എറണാകുളം പുത്തന്‍കുരിശ് വടയമ്പാടി പത്താംമൈല്‍ വാദ്യംപടി കുന്നത്തുകാവാലംകുഴി എബിന്‍ ബി പോള്‍ (32) ആണ് എറണാകുളം സെന്‍ട്രല്‍ പൊലീസിന്റെ പിടിയിലായത്. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഹെറോയിനും ഫെന്റനൈലും ഉള്‍പ്പെടെയുള്ള നിരോധിത ലഹരിവസ്തുക്കളുടെ ശേഖരം കണ്ടെത്തിയിട്ടുണ്ട്.

പ്രതിക്ക് തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന സൂചന പൊലീസിന് ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. മൊബൈല്‍ ഫോണില്‍ നിന്നും ഇതുസംബന്ധിച്ച തെളിവുകള്‍ ലഭിച്ചതായി സൂചന. ഇതു വ്യക്തമാക്കുന്ന ചില രേഖകള്‍ അന്വേഷണ സംഘം വീട്ടില്‍ നിന്നും പിടിച്ചെടുത്തതായാണ് വിവരം. ‘ബോസ്’ എന്നയാള്‍ നല്‍കുന്ന ദൗത്യങ്ങള്‍ നിര്‍വഹിക്കുകയാണ് ചെയ്തതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. ബോസിന്റെ യഥാര്‍ത്ഥ പേര് വ്യക്തമല്ല.

ഡല്‍ഹി, ഉത്തര്‍പ്രദേശ്, അമൃത്സര്‍ എന്നീ സ്ഥലങ്ങളില്‍ സ്‌ഫോടനം നടത്തണമെന്ന് ബോസ് സന്ദേശം അയച്ചതായും പൊലീസ് കണ്ടെത്തി. ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി അയച്ചു കൊടുത്ത്, ഇതിന്റെ പ്രതിഫലം ക്രിപ്‌റ്റോകറന്‍സിയായി കൈപ്പറ്റുന്നതായിരുന്നു ഇയാളുടെ രീതിയെന്ന് പൊലീസ് സൂചിപ്പിച്ചു. തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ ദേശീയ അന്വേഷണ ഏജന്‍സി ( എന്‍ഐഎ) അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്തു.

പ്രതി എബിന്‍ പോളിന്റെ വീട്ടില്‍ നിന്നും എട്ട് ഇനങ്ങളിലായി 105.703 ഗ്രാം ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. 3.613 ഗ്രാം വെള്ള ഹെറോയിന്‍, 2.736 ഗ്രാം ബ്രൗണ്‍ ഹെറോയിന്‍, 2.361 ഗ്രാം ഓക്‌സികോഡോണ്‍, 5.264 ഗ്രാം ഫെന്റനൈല്‍, 20.171 ഗ്രാം ആല്‍പ്രാസോലം, 50.883 ഗ്രാം കെറ്റമിന്‍, 20.675 ഗ്രാം കെ- റോക്ക് എന്നിവയാണ് പിടിച്ചെടുത്തത്. കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ലഹരിശേഖരം കണ്ടെത്തിയതോടെ പുത്തന്‍കുരിശ് പൊലീസ് എന്‍ഡിപിഎസ് നിയമപ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് എറണാകുളം മാര്‍ക്കറ്റിനുള്ളിലെ സിനഗോഗിനു മുന്‍വശത്ത് തീവയ്പുണ്ടായത്. സിനഗോഗിന്റെ മാനേജിങ് ട്രസ്റ്റി പരിപാലിക്കുന്ന ഹോര്‍ട്ടികള്‍ച്ചര്‍ നഴ്സറിയുടെ ബാനറുകളും ഫ്‌ലെക്‌സുകളും പെട്രോളൊഴിച്ചു തീ കൊളുത്തുകയായിരുന്നു. കാറിലെത്തിയ പ്രതി വാഹനം മാറ്റിയിട്ട് പള്ളിക്കു മുന്നിലെ നഴ്സറിയിലേക്ക് പെട്രോള്‍ ഒഴിക്കുകയും തുടര്‍ന്ന് തീ എറിഞ്ഞ് നഴ്സറി കത്തിക്കുകയുമായിരുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സിനഗോഗിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button