അന്തർദേശീയം

അമേരിക്കയില്‍ ആഞ്ഞടിച്ച് ‘നോര്‍-ഈസ്റ്റര്‍’ കൊടുങ്കാറ്റ്; വിമാനങ്ങള്‍ റദ്ദാക്കി, അടിയന്തരാവസ്ഥ

ന്യൂയോര്‍ക്ക് : അമേരിക്കയില്‍ ആഞ്ഞടിച്ച് ‘നോര്‍-ഈസ്റ്റര്‍’ കൊടുങ്കാറ്റ്. കനത്ത മഴയും കാറ്റിലും രജ്യത്തിന്റെ മധ്യ, കിഴക്കന്‍ മേഖലകളെ സാരമായി ബാധിച്ചു. കൊടുങ്കാറ്റിനെ തുടര്‍ന്ന് പലയിടത്തും വെള്ളപ്പൊക്കമുണ്ടായി. മണിക്കൂറില്‍ 70 മൈല്‍ (112 കി.മീ) വരെ വേഗതയില്‍ വീശിയടിച്ച കാറ്റും മഞ്ഞുവീഴ്ചയും തീരദേശ വെള്ളപ്പൊക്കവും ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതത്തെയും അവധിക്കാല യാത്രകളെയും സാരമായി ബാധിച്ചു.

കൊടുങ്കാറ്റിനെ തുടര്‍ന്ന് കടപുഴകി വീണ മരങ്ങളും വൈദ്യുതി ലൈനുകളും തകര്‍ന്നതോടെ രാജ്യത്തുടനീളം വലിയ തോതില്‍ വിദ്യുച്ഛക്തി തടസ്സപ്പെട്ടു. രാജ്യത്ത് ഒമ്പതു ലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി തടസപ്പെട്ടു. പെന്‍സില്‍വാനിയ, മേരിലാന്‍ഡ്, വിര്‍ജീനിയ എന്നിവിടങ്ങളിലാണ് വൈദ്യുതി തടസം ഏറ്റവും രൂക്ഷമായി ബാധിച്ചത്. നാനൂറിലധികം വിമാനങ്ങള്‍ റദ്ദാക്കി. 1800ല്‍ അധികം വിമാനങ്ങള്‍ വൈകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കൊടുങ്കാറ്റ് താങ്ക്‌സ്ഗിവിങ് ആഘോഷങ്ങളെയും തടസ്സപ്പെടുത്തി. ചരിത്രത്തിലാദ്യമായി ന്യൂയോര്‍ക്കിലെ ‘മേസിസ് പരേഡ്’ പരേഡ് ശനിയാഴ്ചയിലേക്ക് മാറ്റി.

ഫ്‌ലൈറ്റ് അവെയര്‍ നല്‍കുന്ന കണക്കുകള്‍ പ്രകാരം, അമേരിക്കയിലെ വിവിധ വിമാനത്താവളങ്ങളില്‍, പ്രത്യേകിച്ച് കിഴക്കന്‍ മേഖലകളില്‍, ഏകദേശം 400 വിമാനങ്ങള്‍ റദ്ദാക്കുകയും 2,000-ത്തിലധികം വിമാനങ്ങള്‍ വൈകുന്നതായുമാണ് റിപ്പോര്‍ട്ട്. കനത്ത കൊടുങ്കാറ്റും വെള്ളപ്പൊക്കവും കണക്കിലെടുത്ത് ന്യൂയോര്‍ക്കിലും ന്യൂജേഴ്സിയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ന്യൂജേഴ്സി ഗവര്‍ണര്‍ മിക്കി ഷെറില്‍ ബുധനാഴ്ച തന്നെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

വെസ്റ്റ് വിര്‍ജീനിയയിലെ ഷോഷൂവില്‍ മണിക്കൂറില്‍ 70 മൈല്‍ വേഗതയില്‍ കാറ്റ് വീശിയടിച്ചു. മേരിലാന്‍ഡ്, വിര്‍ജീനിയ, ഡെലവെയര്‍, നോര്‍ത്ത് കരോലിന എന്നിവിടങ്ങളിലും മണിക്കൂറില്‍ 60 മൈലില്‍ കൂടുതല്‍ വേഗതയില്‍ കാറ്റ് വീശിയടിച്ചു. പെന്‍സില്‍വാനിയയെയും ന്യൂജേഴ്സിയെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയായ കൊമോഡോര്‍ ബാരി പാലം ഉള്‍പ്പെടെ നിരവധി പ്രധാന പാലങ്ങള്‍ കാലാവസ്ഥ കാരണം അടച്ചു. ന്യൂജേഴ്സിയിലെ വൈല്‍ഡ്വുഡ് ക്രെസ്റ്റിനെ പ്രധാന ഭൂപ്രദേശവുമായി ബന്ധിപ്പിക്കുന്ന എല്ലാ പാലങ്ങളും അടച്ചു. വിര്‍ജീനിയയിലെ ചെസാപീക്ക് ബേ ബ്രിഡ്ജ്-ടണല്‍ , ജെയിംസ് റിവര്‍ ബ്രിഡ്ജ് എന്നിവയും അടച്ചു.

മേരിലാന്‍ഡിലെ വീടുകള്‍ക്ക് മുകളില്‍ ഡസന്‍ കണക്കിന് മരങ്ങള്‍ വീണതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി മോണ്ട്‌ഗോമറി കൗണ്ടിയിലെ ഫയര്‍ & റെസ്‌ക്യൂ അറിയിച്ചു. അറ്റ്‌ലാന്റിക് സിറ്റിയിലും ന്യൂജേഴ്‌സിയിലും വെള്ളമിറങ്ങിത്തുടങ്ങിയതായി നഗരത്തിലെ എമര്‍ജന്‍സി മാനേജ്‌മെന്റ് കോഓഡിനേറ്റര്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button