പുടിൻ- ട്രംപ് സൗഹൃദം : കടുത്ത അതൃപ്തി പരസ്യമാക്കി സെലെൻസ്കി

കീവ് : അമേരിക്കയ്ക്കെതിരെ കടുത്ത അതൃപ്തി പരസ്യമാക്കി യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലെൻസ്കി. വ്യോമപ്രതിരോധ മിസൈലുകൾ നൽകാൻ അമേരിക്ക വൈകുന്നത് യുക്രെയ്നിൽ നിരവധി ജീവനുകൾ നഷ്ടപ്പെടാൻ കാരണമാകുന്നെന്ന് അദ്ദേഹം പറഞ്ഞു. സമാധാന ചർച്ചകളിൽ റഷ്യയ്ക്ക് മേൽ അമേരിക്ക വേണ്ടത്ര സമ്മർദം ചെലുത്തുന്നില്ലെന്നും ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ സെലെൻസ്കി കുറ്റപ്പെടുത്തി.
റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിനെ ആലിംഗനം ചെയ്യുന്ന ചിത്രം ‘എന്റെ സുഹൃത്ത്’ എന്ന അടിക്കുറിപ്പോടെ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പങ്കുവെച്ചതിനെയും സെലെൻസ്കി രൂക്ഷമായി വിമർശിച്ചു. ട്രംപിൻ്റെ നടപടി വിചിത്രമാണെന്ന് അദ്ദേഹം പറഞ്ഞു.
‘പുടിൻ ഒരു അക്രമിയും കൊലയാളിയുമാണ്. അയാൾക്ക് ഒരിക്കലും സുഹൃത്താകാൻ കഴിയില്ല. രണ്ടാം ലോകമഹായുദ്ധ കാലത്ത് അഡോൾഫ് ഹിറ്റ്ലറെ സുഹൃത്തെന്ന് വിളിക്കുന്നത് പോലെയാണിത്,’ സെലെൻസ്കി തുറന്നടിച്ചു. അക്രമിയോട് നിഷ്പക്ഷത പാലിക്കുന്നത് അക്രമത്തെ പിന്തുണയ്ക്കുന്നതിന് തുല്യമാണെന്നും, റഷ്യയെ നിലയ്ക്കുനിർത്താൻ ശേഷിയുള്ള യഥാർഥ സഖ്യകക്ഷികളെയാണ് യുക്രെയ്നിന് ആവശ്യമെന്നും സെലെൻസ്കി വ്യക്തമാക്കി.
അബുദാബിയിൽ നടന്ന സമാധാന ചർച്ചകളിൽ കാര്യമായ പുരോഗതിയുണ്ടായില്ലെന്ന് സെലെൻസ്കി പറഞ്ഞു. ഡിസംബറിൽ ചർച്ചകൾ വീണ്ടും തുടങ്ങുമെന്നാണ് പ്രതീക്ഷ. എന്നാൽ, യൂറോപ്യൻ രാജ്യങ്ങളെ ചർച്ചകളിൽ ഉൾപ്പെടുത്തുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.
അമേരിക്കൻ നിർമ്മിത ‘പാട്രിയറ്റ്’ വ്യോമപ്രതിരോധ മിസൈലുകളുടെ കുറവ് യുക്രെയ്നിനെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അമേരിക്ക പശ്ചിമേഷ്യൻ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാലാണ് യുക്രെയ്നിനുള്ള സഹായം വൈകുന്നത്. മിസൈലുകളുടെ കുറവ് യുക്രെയ്നിലെ ജനങ്ങളുടെ ജീവനെയാണ് ബാധിക്കുന്നത് എന്നും സെലെൻസ്കി പറഞ്ഞു. അധിനിവേശ മേഖലകളിൽ സ്റ്റാർലിങ്ക് ഇൻ്റർനെറ്റ് സേവനങ്ങൾ നിയന്ത്രിച്ചിരിക്കുന്നത് റഷ്യൻ ഡ്രോണുകളെ തടയുന്നതിന് തിരിച്ചടിയാകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റഷ്യൻ ആക്രമണങ്ങളിൽ യുക്രെയ്നിലെ വൈദ്യുതി നിലയങ്ങളും പാലങ്ങളും വ്യാപകമായി തകർക്കപ്പെടുകയാണ്. കീവ് നഗരത്തെ രണ്ടായി വിഭജിക്കാനാണ് റഷ്യയുടെ ശ്രമം. വൈദ്യുതി മുടക്കവും ഇന്ധനക്ഷാമവും കാരണം പലരും നഗരം വിട്ടുപോവുകയും വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ചെയ്തു.
എന്നാൽ ഏത് വിധേനയും തലസ്ഥാനമായ കീവിനെ സംരക്ഷിക്കുമെന്ന് സെലെൻസ്കി പറഞ്ഞു. ‘ഞങ്ങൾ ഓടിപ്പോകണമെന്നാണ് റഷ്യ ആഗ്രഹിക്കുന്നത്. പക്ഷേ, തലസ്ഥാനമില്ലെങ്കിൽ ഒരു രാജ്യമില്ല. ഏതറ്റം വരെയും പോയി ഞങ്ങൾ കീവിനെ പ്രതിരോധിക്കും,’ അദ്ദേഹം പറഞ്ഞു. കിഴക്കൻ ലിബിയയിൽ നങ്കൂരമിട്ടിരുന്ന റഷ്യൻ യുദ്ധക്കപ്പലായ ‘മെർക്കുറി’ തകർത്ത യുക്രെയ്ൻ നടപടിയെ ന്യായീകരിച്ച സെലെൻസ്കി, സഖ്യകക്ഷികളുമായി ആലോചിച്ച ശേഷമാണ് ഇത്തരം ആക്രമണങ്ങൾ നടത്തുന്നതെന്നും വ്യക്തമാക്കി.



