അന്തർദേശീയം

വൈറ്റ്ഹൗസിന് സമീപത്ത് നിന്ന് മൂന്ന് തോക്കുകളും വെടിയുണ്ടകളുമായി യുവാവ് പിടിയിൽ

വാഷിംഗ്ടണ്‍ ഡിസി : യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസിന് സമീപത്ത് നിന്ന് മൂന്ന് തോക്കുകളും വെടിയുണ്ടകളുമായി യുവാവിനെ യുഎസ് സീക്രട്ട് സര്‍വീസ് പിടികൂടി. വെനസ്വേല സ്വദേശിയായ റോണി യോര്‍ഡ്രിക്‌സ് ഗ്വാനിപ്പ് ക്രിനോസ് (26) എന്ന ആളാണ് പിടിയിലായത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വധിക്കാന്‍ ‘ഉള്ളില്‍ നിന്ന് ആരോ നിര്‍ദേശിച്ചു’ എന്ന വാദവുമായാണ് ഇയാള്‍ വൈറ്റ്ഹൗസിന് സമീപം ആയുധങ്ങളുമായി നിലയുറപ്പിച്ചത്. വ്യാഴാച രാത്രിയാണ് സംഭവം.

കാറില്‍ സംശയാസ്പദമായ നിലയില്‍ യുവാവിനെ കണ്ട സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തപ്പോഴാണ് ട്രംപിനെ കൊല്ലാനുള്ള ഉദ്ദേശവുമായി വന്നതാണെന്ന് വ്യക്തമായത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കാറില്‍ നിന്ന് ഒരു എആര്‍-15 സ്‌റ്റൈല്‍ റൈഫിള്‍, രണ്ട് ഹാന്റ് ഗണ്ണുകള്‍, ഡസണ്‍ കണക്കിന് വെടിയുണ്ടകളും കണ്ടെടുത്തു. കാര്‍ മോഷ്ടിച്ചതാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

ട്രംപിനെ വധിക്കാന്‍ തന്റെ തലയ്ക്കുള്ളില്‍ നിരന്തരം ആവശ്യപ്പെടുന്നു എന്ന തരത്തില്‍ വിചിത്രമായാണ് ഇയാള്‍ സംസാരിക്കുന്നതെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി വ്യക്തമാക്കി. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടോ എന്നതും പരിശോധിച്ചു വരികയാണ്. തോക്കുകളും വെടിയുണ്ടകളും അനധികൃതമായി കടത്തല്‍, റജിസ്റ്റര്‍ ചെയ്യാത്ത ആയുധങ്ങള്‍ കൈവശം വെക്കല്‍, വാഹന മോഷണം തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. നിലവില്‍ ഇയാള്‍ മാര്‍ഷല്‍ സര്‍വീസിന്റെ കസ്റ്റഡിയിലാണ്.

വെനസ്വേലയില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരനാണ് പ്രതി. 2024ല്‍ ടെക്‌സസ് അതിര്‍ത്തി വഴി യുഎസില്‍ അനധികൃതമായി പ്രവേശിച്ചതാണ്. ട്രംപ് വീണ്ടും അധികാരമേറ്റെടുത്ത ശേഷം അദ്ദേഹത്തിനും കുടുംബത്തിനുമെതിരെ വധഭീഷണി ഉയര്‍ന്ന സംഭവങ്ങളില്‍ സുരക്ഷാ ഏജന്‍സികള്‍ നടത്തുന്ന ഏറ്റവും പുതിയ അറസ്റ്റാണിത്. സംഭവുമായി ബന്ധപ്പെട്ട് ഇതുവരെ വൈറ്റ്ഹൗസിന്റെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടായിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button