മാൾട്ടാ വാർത്തകൾ
സെജ്‌ടൂണിലെ സ്ക്രാപ്പ് യാർഡിൽ ഗ്യാസ് കട്ടർ പൊട്ടിത്തെറിച്ചു; അർജന്റീനൻ പൗരന് ഗുരുതര പൊള്ളലേറ്റു

സ്ക്രാപ്പ് യാർഡിൽ ലോഹം മുറിക്കുന്നതിനിടെ പൊള്ളലേറ്റ് 47കാരനായ അർജന്റീനൻ പൗരന് ഗുരുതര പരിക്ക്. തിങ്കളാഴ്ച രാവിലെ പത്ത് മുപ്പതോടെ തൽ-ബറാനി (Tal-Barrani) റോഡിലെ സെജ്‌ടൂൺ സ്ക്രാപ്‌യാർഡിലാണ് സംഭവം. സ്ഫോടനത്തിന് സമാനമായ ശബ്ദം കേട്ടതിനെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്.
ഗ്യാസ് കട്ടർ ഉപയോഗിച്ച് ലോഹം മുറിക്കുന്നതിനിടെയുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ തൊഴിലാളിക്ക് ഗുരുതരമായി പൊള്ളലേറ്റതായി പൊലീസ് അറിയിച്ചു.
സ്ഥലത്തെത്തിയ മെഡിക്കൽ സംഘം പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഇയാളെ ആംബുലൻസിൽ മാറ്റെർ ദെയ് (Mater Dei) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.
മജിസ്‌ട്രേറ്റ് റെനാറ്റ ഫറൂജിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.



