മാൾട്ടാ വാർത്തകൾ

സൗജന്യ ശിശുപരിചരണ പദ്ധതിയുടെ ഗുണഭോക്താക്കളിൽ നാലിലൊന്നിലധികം വിദേശ കുട്ടികൾ : എൻഎസ്‌ഓ

2025-ൽ സൗജന്യ ശിശുപരിചരണ പദ്ധതിയുടെ പ്രയോജനം ലഭിച്ച കുട്ടികളിൽ നാലിലൊന്നിലധികം വിദേശികളാണെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (NSO) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

പദ്ധതിയുടെ ഭാഗമായി ആകെ 9,461 കുട്ടികൾക്കാണ് സൗജന്യ ശിശുപരിചരണ സൗകര്യം ലഭിച്ചത്. ഇതിൽ 17.7 ശതമാനം യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്നുള്ളവരും (TCN), 8.9 ശതമാനം മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ പൗരന്മാരുമാണ്. ശേഷിക്കുന്ന 73.4 ശതമാനം കുട്ടികൾ മാൾട്ടീസ് പൗരന്മാരാണ്.

2024-നെ അപേക്ഷിച്ച് സൗജന്യ ശിശുപരിചരണ പദ്ധതിയുടെ ഗുണഭോക്താക്കളായ കുട്ടികളുടെ എണ്ണത്തിൽ രണ്ട് ശതമാനം വർധനവുണ്ടായി.

എന്നാൽ, അടുത്ത വർഷം മുതൽ യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിലെ പൗരന്മാർക്ക് (TCN) സൗജന്യ ശിശുപരിചരണ പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല. സൗജന്യ പൊതുഗതാഗതം ഉൾപ്പെടെയുള്ള മറ്റ് ചില ആനുകൂല്യങ്ങളും ഇവർക്ക് നഷ്ടമാകും.

ടിസിഎൻ വിഭാഗക്കാർക്കുള്ള സൗജന്യ ശിശുപരിചരണ ആനുകൂല്യം പിൻവലിക്കുന്നത് രാജ്യത്തെ ശിശുപരിചരണ കേന്ദ്രങ്ങൾ, തൊഴിലുടമകൾ, ജീവനക്കാർ എന്നിവരെ ഗൗരവമായി ബാധിക്കുമെന്ന് മാൾട്ട ചേംബർ ഓഫ് എസ്എംഇകളും ചൈൽഡ്‌കെയർ സെന്റേഴ്‌സ് പ്രൊവൈഡേഴ്‌സ് അസോസിയേഷനും ഉൾപ്പെടെയുള്ള വിവിധ ബിസിനസ് സംഘടനകൾ മുന്നറിയിപ്പ് നൽകിയിരുന്നു.

അതേസമയം, പുതിയ നടപടികൾ പ്രഖ്യാപിച്ചതിന് പിന്നാലെ മാൾട്ടയിൽ ഇതിനകം താമസിക്കുന്ന ഗർഭിണികളായ ടിസിഎൻ വിഭാഗക്കാർക്ക് സൗജന്യ ശിശുപരിചരണ പദ്ധതിയുടെ ആനുകൂല്യം തുടർന്നും ലഭിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.

കൂടുതൽ സമയം ശിശുപരിചരണ കേന്ദ്രങ്ങളിൽ ചെലവഴിക്കുന്നത് വിദേശ കുട്ടികൾ

മാൾട്ടീസ് കുട്ടികളെ അപേക്ഷിച്ച് വിദേശ കുട്ടികളാണ് കൂടുതൽ സമയം ശിശുപരിചരണ കേന്ദ്രങ്ങളിൽ ചെലവഴിക്കുന്നതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

വിദേശ കുട്ടികളിൽ 89.6 ശതമാനം പേർ ആഴ്ചയിൽ കുറഞ്ഞത് 20 മണിക്കൂറെങ്കിലും ശിശുപരിചരണ കേന്ദ്രങ്ങളിൽ ചെലവഴിക്കുമ്പോൾ മാൾട്ടീസ് കുട്ടികളിൽ ഇത് 79.1 ശതമാനമാണ്.

ആകെ കുട്ടികളിൽ 66.5 ശതമാനം പേരും ഉയർന്ന തോതിൽ ശിശുപരിചരണ സൗകര്യം ഉപയോഗിക്കുന്നവരാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. വർഷത്തിൽ കുറഞ്ഞത് 100 ദിവസമെങ്കിലും പ്രതിദിനം രണ്ട് മണിക്കൂറിലധികം ശിശുപരിചരണ കേന്ദ്രങ്ങളിൽ ചെലവഴിക്കുന്ന കുട്ടികളെയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 2024-നെ അപേക്ഷിച്ച് ഈ വിഭാഗത്തിൽ 5.2 ശതമാനം വർധനവുണ്ടായി.

കുട്ടികളിൽ 43.5 ശതമാനം പേർ ആഴ്ചയിൽ ശരാശരി 20 മുതൽ 29 മണിക്കൂർ വരെയാണ് ശിശുപരിചരണ കേന്ദ്രങ്ങളിൽ ചെലവഴിക്കുന്നത്. മറ്റൊരു 32.2 ശതമാനം പേർ ആഴ്ചയിൽ 30 മുതൽ 39 മണിക്കൂർ വരെ കേന്ദ്രങ്ങളിൽ കഴിയുന്നു.

പ്രായത്തിന്റെ അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ രണ്ട് വയസ്സുള്ള കുട്ടികളാണ് ഏറ്റവും കൂടുതൽ. ആകെ കുട്ടികളുടെ 34 ശതമാനമാണ് ഈ വിഭാഗം. മൂന്ന് വയസ്സുള്ളവർ 31.6 ശതമാനവും ഒരു വയസ്സിൽ താഴെയുള്ളവർ 7.4 ശതമാനവുമാണ്. ശിശുപരിചരണ കേന്ദ്രങ്ങളിൽ എത്തുന്ന കുട്ടികളിൽ 51.6 ശതമാനവും ആൺകുട്ടികളാണ്.

സൗജന്യ ശിശുപരിചരണ കേന്ദ്രങ്ങളുടെ എണ്ണത്തിൽ വർധന

സൗജന്യ ശിശുപരിചരണ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന കേന്ദ്രങ്ങളുടെ എണ്ണത്തിൽ 6.2 ശതമാനം വർധനവുണ്ടായി. ഇതോടെ കേന്ദ്രങ്ങളുടെ എണ്ണം 207 ആയി. ആകെ 8,609 കുട്ടികൾക്ക് സൗകര്യമൊരുക്കാൻ ഈ കേന്ദ്രങ്ങൾക്ക് ശേഷിയുണ്ട്.

പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന കേന്ദ്രങ്ങളിൽ 93.2 ശതമാനവും സ്വകാര്യ ഉടമസ്ഥതയിലുള്ളവയാണ്.

സൗജന്യ ശിശുപരിചരണ സൗകര്യം പ്രയോജനപ്പെടുത്തിയ കുട്ടികളിൽ 94.7 ശതമാനം പേരും സ്വകാര്യ കേന്ദ്രങ്ങളിലാണ് പ്രവേശനം നേടിയിരിക്കുന്നത്. 2024-ൽ ഇത് 95.3 ശതമാനമായിരുന്നു.

അതേസമയം, സ്വകാര്യ കേന്ദ്രങ്ങളെ അപേക്ഷിച്ച് സർക്കാർ നിയന്ത്രണത്തിലുള്ള കേന്ദ്രങ്ങൾ പൊതുവെ വലുപ്പമേറിയവയാണ്. സർക്കാർ കേന്ദ്രങ്ങളിൽ ശരാശരി 71 കുട്ടികളെ ഉൾക്കൊള്ളാൻ കഴിയുമ്പോൾ സ്വകാര്യ കേന്ദ്രങ്ങളിൽ ശരാശരി 40 കുട്ടികൾക്കുള്ള സൗകര്യമാണുള്ളത്.

ശിശുപരിചരണ കേന്ദ്രങ്ങളിൽ പകുതിയിലധികവും ഹാർബർ മേഖലകളിൽ

മാൾട്ടയിലെ നോർത്ത് ഹാർബർ ജില്ലയിലാണ് ഏറ്റവും കൂടുതൽ ശിശുപരിചരണ കേന്ദ്രങ്ങളുള്ളത്. ആകെ കേന്ദ്രങ്ങളുടെ 36.7 ശതമാനവും ഈ മേഖലയിലാണ്. 21.7 ശതമാനം കേന്ദ്രങ്ങളുമായി സൗത്ത് ഹാർബർ ജില്ല രണ്ടാം സ്ഥാനത്തുണ്ട്.

ഇരു ജില്ലകളിലുമായി പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ആകെ ശിശുപരിചരണ കേന്ദ്രങ്ങളുടെ 58.4 ശതമാനവും സ്ഥിതി ചെയ്യുന്നു. ഗോസോയിലാണ് ഏറ്റവും കുറവ് കേന്ദ്രങ്ങളുള്ളത്. ആകെ കേന്ദ്രങ്ങളുടെ 2.4 ശതമാനം മാത്രമാണ് ഗോസോയിലുള്ളത്.

സൗജന്യ ശിശുപരിചരണ സൗകര്യം പ്രയോജനപ്പെടുത്തുന്ന കുട്ടികളുടെ എണ്ണത്തിലും നോർത്ത് ഹാർബർ ജില്ലയാണ് മുന്നിൽ. ആകെ കുട്ടികളിൽ 26.9 ശതമാനവും ഈ ജില്ലയിലാണ്. 21.9 ശതമാനവുമായി നോർത്ത് ജില്ലയാണ് രണ്ടാം സ്ഥാനത്ത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button