അന്തർദേശീയം

ഇറാനെതിരെ ആണവ ഭീഷണി വിഡിയോയുമായി ട്രംപ്

വാഷിങ്ടൺ ഡിസി : മിഡിൽ ഈസ്റ്റിൽ യുദ്ധം കൊടുമ്പിരിക്കൊള്ളെ ഇറാനെതിരെ കടുത്ത സൈനിക ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഒത്തുതീർപ്പ് ചർച്ചകളിൽ ആര് ആദ്യം വിട്ടുവീഴ്ച ചെയ്യുമെന്ന കാര്യത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ തർക്കം നിലനിൽക്കവേയാണ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യൽ വഴി ട്രംപ് ഇറാനെതിരെ പോർവിളി നടത്തിയത്. ഇറാൻ കപ്പലുകൾക്ക് നേരെയുള്ള മിസൈൽ ആക്രമണങ്ങൾ, ബഹിരാകാശ യുദ്ധങ്ങൾ, ഇറാന്റെ ഭൂപടത്തിന് മുകളിൽ യു.എസ് പതാക എന്നിവ ചിത്രീകരിക്കുന്ന ഇരുപതിലധികം എ.ഐ ചിത്രങ്ങളാണ് ട്രംപ് ഒന്നിനുപുറകെ ഒന്നായി പങ്കുവെച്ചത്.

യു.എസ് സൈനിക നടപടി കൂടുതൽ ശക്തമാക്കുമെന്ന മുന്നറിയിപ്പാണ് ഈ ചിത്രങ്ങൾ നൽകുന്നത്. ഇറാന്റെ ഭൂപടത്തിന് മുകളിൽ അമേരിക്കൻ പതാക സ്ഥാപിച്ചതും അമ്പടയാളങ്ങൾ ചൂണ്ടിക്കാണിക്കുന്നതുമാണ് ഒരു ചിത്രം. ഇറാന്റെ അതിവേഗ ബോട്ടുകൾക്ക് നേരെ യു.എസ് ഡ്രോൺ ആക്രമണം നടത്തുന്ന മറ്റൊരു ചിത്രത്തോടൊപ്പം “ബൈ ബൈ, ഫാസ്റ്റ് ബോട്ട്സ്” എന്ന കുറിപ്പും ട്രംപ് പങ്കുവെച്ചിട്ടുണ്ട്.

അമേരിക്കൻ യുദ്ധക്കപ്പൽ ഇറാന്റെ വിമാനത്തെ ലക്ഷ്യം വെക്കുന്ന വിഡിയോയും ട്രംപ് പങ്കുവെച്ചിട്ടുണ്ട്. ഈ അഞ്ച് സെക്കൻഡ് വിഡിയോയുടെ ഒരു വശത്ത് ട്രംപ് തന്നെയുണ്ട്. മേശപ്പുറത്ത് വിരലുകൾ തട്ടി കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്യുന്നത് പോലെ അഭിനയിച്ചുകൊണ്ട് “ബാ ബാ ബാ ബാ… ഫയർ, ബൂം” എന്ന് ട്രംപ് പറയുന്നതും വിഡിയോയിൽ കാണാം.

‘സ്പേസ് ഫോഴ്സ്’ എന്ന തലക്കെട്ടോടെ താൻ ബഹിരാകാശത്തിരുന്ന് ഉപഗ്രഹങ്ങളാൽ ചുറ്റപ്പെട്ട് മിസൈൽ ആക്രമണങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ചിത്രവും ട്രംപ് പോസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റൊരു ചിത്രത്തിൽ പശ്ചാത്തലത്തിൽ മിസൈൽ ആക്രമണങ്ങളും ആണവ സ്ഫോടനത്തിന് സമാനമായ ദൃശ്യങ്ങളും കാണിക്കുന്ന സ്ക്രീനുകൾക്ക് മുന്നിലിരുന്ന് ഒരു ബഹിരാകാശ പേടകത്തിലെ കിൽ ബട്ടൺ അമർത്തുന്ന രൂപത്തിലാണ് ട്രംപുള്ളത്.

സോഷ്യൽ മീഡിയയിലൂടെയുള്ള ഈ സൈനിക ഭീഷണിക്ക് തൊട്ടുമുമ്പ് ഇറാനെതിരെ കടുത്ത മുന്നറിയിപ്പുമായി ട്രംപ് രംഗത്തെത്തിയിരുന്നു. ഇറാൻ എത്രയും വേഗം സമാധാന കരാറിന് തയ്യാറാകണമെന്നും അല്ലാത്തപക്ഷം അവശേഷിക്കാൻ ഒന്നും ഉണ്ടാകില്ലെന്നുമാണ് ട്രംപ് കുറിച്ചത്. “ഇറാനെ സംബന്ധിച്ചിടത്തോളം സമയം അതിവേഗം നീങ്ങിക്കൊണ്ടിരിക്കുകയാണ്. അവർ വേഗത്തിൽ ചർച്ചകൾക്ക് തയ്യാറാകുന്നതാണ് നല്ലത്. അല്ലാത്തപക്ഷം അവിടെ ഒന്നും ബാക്കിയുണ്ടാകില്ല. സമയം വിലപ്പെട്ടതാണ്.” ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു​.

കഴിഞ്ഞ ഫെബ്രുവരി 28 മുതൽ അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനെതിരെ ശക്തമായ ആക്രമണം ആരംഭിച്ചതോടെയാണ് മേഖലയിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. മാസങ്ങൾ പിന്നിട്ടിട്ടും ഇരുവിഭാഗവും നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതിനാൽ സമാധാന ചർച്ചകൾ വഴിമുട്ടിയിരിക്കുകയാണ്. യുദ്ധം മിഡിൽ ഈസ്റ്റിനെ ഒന്നടങ്കം ഉലക്കുകയും ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരാൻ കാരണമാവുകയും ചെയ്തു.

ആഗോളതലത്തിലെ എണ്ണക്കയറ്റുമതിയുടെ 20 ശതമാനത്തോളം കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്കിൽ യുദ്ധത്തെ തുടർന്ന് നിലവിൽ ശക്തമായ ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇത് അയൽരാജ്യങ്ങളായ ഇസ്രായേലിലേക്കും ലബനാനിലേക്കും കടുത്ത സായുധ പോരാട്ടമായി പടർന്നു കഴിഞ്ഞു. തങ്ങളുടെ നിബന്ധനകൾക്ക് വഴങ്ങാൻ ഇറാൻ തയ്യാറാകാത്തതിൽ ട്രംപ് കടുത്ത അതൃപ്തിയിലാണ്. എന്നാൽ ലബനാനിൽ ശാശ്വതമായ വെടിനിർത്തൽ പ്രഖ്യാപിക്കാതെ ട്രംപുമായി മറ്റ് സമാധാന ചർച്ചകൾക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാൻ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button