അന്തർദേശീയം

യുഎസിലെ ഒഹിയോയിൽ ഹോട്ടൽ കെട്ടിടത്തിന് തീപ്പിടിച്ചു; ഇന്ത്യക്കാരായ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു

വാഷിങ്ടൺ ഡിസി : ​അമേരിക്കയിലെ ഒഹിയോയിൽ ഹോട്ടൽ കെട്ടിടത്തിന് തീപ്പിടിച്ച് ഇന്ത്യക്കാരായ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. ​ഗുജറാത്തിലെ ഖേഡ സ്വദേശികളായ ഹിതേഷ്ഭായ് സുതാർ, ഭാര്യ ഹിനാബെൻ, മകൾ ഇഷാനി(20) എന്നിവരാണ് മരിച്ചത്.

ഹിതേഷ്ഭായ് ജോലിചെയ്യുന്ന ഒഹിയോയിലെ ഹോട്ടലിലാണ് തീപ്പിടിത്തമുണ്ടായത്. ഹിതേഷും കുടുംബവും ഇതേ കെട്ടിടത്തിൽ തന്നെയാണ് താമസിച്ചിരുന്നത്. പ്രാദേശികസമയം വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് കെട്ടിടത്തിൻ്റെ മേൽക്കൂരയിൽനിന്ന് തീപ്പിടിത്തമുണ്ടായതെന്നാണ് വിവരം. തുടർന്ന് അ​ഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. എന്നാൽ, കെട്ടിടത്തിനുള്ളിൽ അകപ്പെട്ട ഹിതേഷും കുടുംബവും മരണപ്പെട്ടിരുന്നു.

മേൽക്കൂരയിൽനിന്ന് തീയും പുകയും പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഹിതേഷ് റിസപ്ഷനിൽ വിളിച്ച് സഹായംതേടിയിരുന്നതായാണ് വിവരം. തുടർന്ന് ഇവരോട് അവിടെത്തന്നെ നിൽക്കാനും കുളിമുറിയിൽ കയറി വെള്ളം തുറന്നുവിടാനുമായിരുന്നു നിർദേശിച്ചത്. ഇതനുസരിച്ച് കുടുംബം കുളിമുറിയിൽ കയറിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തീ നിയന്ത്രണവി​ധേയമാക്കി രക്ഷാപ്രവർത്തകർ അകത്തുകടന്നപ്പോഴേക്കും മൂവരെയും മരിച്ചനിലയിലാണ് കണ്ടത്. കടുത്ത പുകയിൽ ശ്വാസംമുട്ടിയാണ് ഇവരുടെ മരണം സംഭവിച്ചതെന്നാണ് നി​ഗമനം.

രണ്ടുവർഷം മുൻപാണ് ഹിതേഷും കുടുംബവും ഒ​ഹിയോയിൽ താമസം ആരംഭിച്ചതെന്ന് കുടുംബം പറഞ്ഞു. അതേസമയം, തീപ്പിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ ഒരു അ​ഗ്നിരക്ഷാസേനാം​ഗത്തിനും പരിക്കേറ്റിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button