അന്തർദേശീയം

സൈബീരിയൻ ഗുഹയിലെ 4 ലക്ഷം വർഷം പഴക്കമുള്ള യാക്കിനോട് സാമ്യമുള്ള അസ്ഥികഷ്ണങ്ങൾ കണ്ടെത്തി ഗവേഷകർ

മോസ്‌കോ : റഷ്യയിലെ സൈബീരിയയിലുള്ള പ്രശസ്തമായ ഡെനിസോവ ഗുഹയിൽനിന്ന് യാക്കിനോട് സാമ്യമുള്ള, ഇതുവരെ തിരിച്ചറിയപ്പെടാത്ത ഹിമയുഗ സസ്തനിയുടെ തെളിവുകൾ കണ്ടെത്തിയതായി ശാസ്ത്രജ്ഞർ. ചെറുതും തകർന്നതുമായ അസ്ഥിക്കഷണങ്ങളിൽനിന്ന് പുരാതന ഡിഎൻഎ വേർതിരിച്ച് നടത്തിയ പരിശോധനയിലാണ് പുതിയ കണ്ടെത്തൽ. ‘യാക് എക്സ്’ (Yak X) എന്നാണ് ഈ ജീവിക്ക് ഗവേഷകർ താത്കാലികമായി ഇട്ടിരിക്കുന്ന പേര്.

യാക് എക്സ്

ഗവേഷകർ ആകെ 20 അസ്ഥിക്കഷണങ്ങളാണ് പരിശോധിച്ചത്. ഇതിൽ 14 എണ്ണം ഡെനിസോവ ഗുഹയിൽനിന്നും ആറു എണ്ണം സമീപപ്രദേശങ്ങളിലെ മറ്റു സ്ഥലങ്ങളിൽനിന്നുമാണ് ലഭിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. അസ്ഥികളുടെ ആകൃതി മാത്രം പരിശോധിച്ച് ജീവിയെ തിരിച്ചറിയാൻ കഴിയാത്ത സാഹചര്യത്തിൽ, ഡിഎൻഎ വിശകലനത്തിലൂടെ 20 പുരാതന ജനിതകഘടനകളെ കുറിച്ച് ഗവേഷകർ പഠിച്ചു. ആധുനിക യാക്കിന്‍റെ പൂർവികരിൽനിന്ന് ഏകദേശം നാല് ലക്ഷം വർഷങ്ങൾക്ക് മുമ്പ് വേർപിരിഞ്ഞ വ്യത്യസ്ത കന്നുകാലിവർഗത്തിൽപ്പെട്ട ജീവിയാണിതെന്ന് ഒടുവിൽ ഗവേഷകർ തിരിച്ചറിഞ്ഞു.

പേരിടാത്തതിന് കാരണം

ലഭ്യമായ അസ്ഥികൾ മാത്രം ഉപയോഗിച്ച് ശാസ്ത്രീയ വർഗീകരണം നടത്താൻ ആവശ്യമായ ശരീരഘടനാ തെളിവുകൾ പര്യാപ്തമല്ലാത്തതിനാൽ, ജീവിക്ക് ഔദ്യോഗിക ശാസ്ത്രീയ നാമം നൽകിയിട്ടില്ല. ഇന്നത്തെ യാക്കിനെപ്പോലെയായിരിക്കാം ഇതിന്‍റെ രൂപമെന്നാണ് ഗവേഷകരുടെ നിഗമനം. നീളമുള്ള രോമങ്ങളും കൊമ്പുകളും കരുത്തുറ്റ ശരീരവുമുള്ള യാക്കുകൾ തണുപ്പുള്ള ഉയർന്ന പ്രദേശങ്ങളിൽ ജീവിക്കാൻ അനുയോജ്യമായ ശരീരഘടനയാണുള്ളത്.

ഹിമയുഗ ജീവി

മാമത്തുകൾ, രോമാവൃതമായ കാണ്ടാമൃഗങ്ങൾ, സ്റ്റെപ്പ് കാട്ടുപോത്തുകൾ, പുരാതന കാട്ടുപശുക്കൾ എന്നിവയ്‌ക്കൊപ്പം യാക് എക്സും ഹിമയുഗത്തിൽ ജീവിച്ചിരുന്നതായി കരുതുന്നു. കാലാവസ്ഥാ വ്യതിയാനത്തിനിടെ ഈ ജീവിയുടെ ജനസംഖ്യ കുറഞ്ഞിരിക്കാമെന്നും പിന്നീട് വംശനാശം സംഭവിച്ചിരിക്കാമെന്നും ജനിതക തെളിവുകൾ സൂചിപ്പിക്കുന്നു. എന്നാൽ വംശനാശത്തിന്‍റെ കൃത്യമായ സമയവും കാരണവും ഇപ്പോഴും അജ്ഞാതം.

2008 -ൽ ഡെനിസോവൻ എന്ന പുരാതന മനുഷ്യവംശത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതിലൂടെ പ്രശസ്തമായ ഗുഹയാണിത്. ഡെനിസോവൻ മനുഷ്യർ യാക് എക്സിനെ വേട്ടയാടിയിരിക്കാമെന്നും ഗവേഷകർ കരുതുന്നു. എന്നാൽ ഇതിന് നേരിട്ടുള്ള തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ല. പുതിയ കണ്ടെത്തലുകൾ കറന്‍റ് ബയോളജി എന്ന ജേണലിൽ പ്രസിദ്ധീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button