പരമോന്നത നേതാവ് മുജ്തബ ഖമനയിനി പൂർണ ആരോഗ്യവാൻ : ഇറാൻ നയതന്ത്രജ്ഞൻ

ടെഹ്‌റാൻ : ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് പ്രമുഖ ഇറാൻ നയതന്ത്രജ്ഞൻ അബ്ദുൽ മജീദ് ഹക്കീം ഇലാഹി. കഴിഞ്ഞ ആഴ്ച ഇറാന്റെ പ്രസിഡന്റുമായി പരമോന്നത നേതാവ് ഏഴു മണിക്കൂർ നീണ്ട ചർച്ച നടത്തിയതായി അദ്ദേഹം എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. ആറു മാസം മുമ്പ് ഇറാന്റെ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയെ വധിച്ച യുഎസ്-ഇസ്രയേൽ വ്യോമാക്രമണത്തിനു ശേഷം മുജ്തബ ഖമനയി പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഇതിനു പിന്നാലെ പുതിയ പരമോന്നത നേതാവായി ചുമതലയേറ്റ മുജ്തബ ഖമനയി, ഇതുവരെ പ്രസ്താവനകളിലൂടെ മാത്രമാണ് ആശയവിനിമയം നടത്തിയിരുന്നത്. ജൂലൈയിൽ നടന്ന പിതാവിന്റെ സംസ്കാര ചടങ്ങുകളിൽ അദ്ദേഹം പങ്കെടുക്കാതിരുന്നതും വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു.
പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും മുജ്തബ ഖമനയി ആരോഗ്യവാനാണെന്നും മജീദ് ഹക്കീം ഇലാഹി പറഞ്ഞു. സുരക്ഷാ കാരണങ്ങളാൽ മാധ്യമങ്ങൾക്ക് മുന്നിൽ വരാത്തതാണെന്നും, പിതാവിന്റെ സംസ്കാര ചടങ്ങുകളിൽ അദ്ദേഹം പങ്കെടുത്തതായും അന്ന് ഇറാനിലുണ്ടായിരുന്ന നയതന്ത്രജ്ഞൻ സ്ഥിരീകരിച്ചു. ചില രാത്രികളിൽ അദ്ദേഹം ജനങ്ങൾക്കിടയിലേക്ക് ഇറങ്ങാറുണ്ടെന്നും മജീദ് ഹക്കീം ഇലാഹി പറഞ്ഞു.
യുഎസ്-ഇസ്രയേൽ യുദ്ധത്തിൽ പരുക്കേറ്റതിനു ശേഷം സുരക്ഷ മുന്നിൽക്കണ്ട് അദ്ദേഹം രഹസ്യകേന്ദ്രത്തിലിരുന്നാണ് ഭരണം നിയന്ത്രിക്കുന്നത്. ദിനംപ്രതിയുള്ള ഔദ്യോഗിക കാര്യങ്ങൾക്കായി പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ടെങ്കിലും, പ്രധാനപ്പെട്ട എല്ലാ തീരുമാനങ്ങളും എടുക്കുന്നത് മുജ്തബി ഖമനയി തന്നെയാണെന്നും മജീദ് ഹക്കിം ഇലാഹി പറഞ്ഞു.
യുദ്ധം എട്ടാം മാസത്തിലേക്ക് കടക്കുമ്പോൾ ഇറാൻ ഭരിക്കുന്നത് ആരാണെന്ന് ആർക്കും അറിയില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം പരിഹസിച്ചിരുന്നു. ഇറാന്റെ പ്രധാന നേതാക്കളെല്ലാം ഇല്ലാതായെന്നും ഇപ്പോൾ അവിടെ ആരാണ് തീരുമാനങ്ങൾ എടുക്കുന്നതെന്ന് വ്യക്തമല്ലെന്നുമായിരുന്നു ട്രംപിന്റെ പ്രസ്താവന.


