ചൈനയുടെ അതീവരഹസ്യ ബഹിരാകാശ വിമാനമായ ഷെൻലോങിൻറെ നിർണ്ണായക ദൃശ്യങ്ങൾ പുറത്തുവിട്ട് യുഎസ് ഇന്റലിജൻസ്

വാഷിങ്ടൺ ഡിസി : ഭൂമിയെ വലംവയ്‌ക്കുന്ന ചൈനയുടെ അതീവരഹസ്യ ബഹിരാകാശ പേടകത്തിന്റെ ദൃശ്യം യുഎസ് ഇന്റലിജൻസ് ഏജൻസി പുറത്തുവിട്ടു. ‘ദൈവിക ഡ്രാഗൺ’ എന്നർത്ഥം വരുന്ന ‘ഷെൻലോങ്’ എന്ന ഈ റോബോട്ടിക് ബഹിരാകാശ പേടകത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. 2024 ൽ മാക്സർ ടെക്നോളജീസിന്റെ (ഇപ്പോൾ വാന്റോർ) ഉപഗ്രഹം ഉപയോഗിച്ച് 90 കിലോമീറ്റർ അകലെ നിന്നാണ് ഈ ചിത്രം പകർത്തിയതെന്ന് സ്‌പേസ് ഡോട്ട് കോം റിപ്പോർട്ട് ചെയ്‌തു.
ഷെൻലോങ് പേടകം യുഎസിന് മുകളിൽ ദുരൂഹ വസ്തുക്കൾ വിക്ഷേപിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിൽ ദുരൂഹ വസ്തുക്കൾ വിക്ഷേപിച്ചതിലൂടെ മുൻപും ഈ പേടകം വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. ഈ റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെ, ബഹിരാകാശ നിരീക്ഷണ ഏജൻസികളും വ്യക്തികളും ഭൂതല റഡാറുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് ഇതിനെ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയായിരുന്നു. ഇപ്പോൾ പുറത്തുവന്ന പുതിയ ചിത്രം പേടകത്തിന്റെ രൂപഘടന വളരെ വ്യക്തമായി വെളിപ്പെടുത്തുന്ന ഒന്നായതിനാൽ, ഇതിന്റെ ശേഷികളെക്കുറിച്ച് ആഴത്തിൽ പഠിക്കാൻ ഗവേഷകർക്ക് സഹായകമാകും.
സോളാർ പാനലുകൾ പൂർണ്ണമായും വിടർത്തി മറ്റൊരു ഉപഗ്രഹവുമായി ബന്ധിപ്പിച്ച നിലയിലാണ് ചിത്രത്തിൽ ഷെൻലോങ് കാണപ്പെടുന്നത്. പേടകത്തിന്റെ പിന്നിലായുള്ള പേലോഡ് വാതിൽ തുറന്ന നിലയിലാണെന്നും ചിത്രത്തിൽ വ്യക്തമാണ്. വിവിധ വസ്തുക്കളെ ബഹിരാകാശത്ത് എത്തിക്കാനും അവ പരീക്ഷിക്കാനും, തുടർന്ന് സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങാനും ശേഷിയുള്ള ഒരു ബഹിരാകാശ വിമാനം’ എന്നാണ് ഇന്റലിജൻസ് ഏജൻസി റിപ്പോർട്ടിൽ ഷെൻലോങ്ങിനെ വിശേഷിപ്പിച്ചിരിക്കുന്നത്.



