മയക്കുമരുന്ന് കടത്ത് : മാൾട്ട അന്താരാഷ്ട്ര വിമാനത്താവളത്തിൽ യുവാവും യുവതിയും പിടിയിൽ

മാൾട്ട അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് യുവാവും യുവതിയും മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായി. ബുധനാഴ്ച രാത്രിയോടെ അജ്ഞാത സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവാവിനെയും യുവതിയെയും പൊലീസ് അറസ്റ്റ് ചെയ്തത്.
ഡിപ്പാർച്ചർ ഹാളിൽ ഒരു പുരുഷനും സ്ത്രീയും മയക്കുമരുന്ന് വിൽപന നടത്തുന്നുണ്ടെന്ന് രാത്രി 11 മണിയോടെ പൊലീസിന് ഫോൺ സന്ദേശം ലഭിക്കുകയായിരുന്നു. പരാതിക്കാരൻ നൽകിയ ലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ തിരച്ചിലിൽ വിമാനത്താവളത്തിന്റെ താഴത്തെ നിലയിൽ വെച്ച് ഇവരെ കണ്ടെത്തുകയായിരുന്നു. അറസ്റ്റിലായ പുരുഷന് 33 വയസ്സും യുവതിക്ക് 32 വയസ്സുമാണ് പ്രായം.
തുടർന്ന് വിമാനത്താവളത്തിലെ സുരക്ഷാ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ എയർപോർട്ട് പാർക്കിംഗിൽ ഇട്ടിരുന്ന വാഹനം കണ്ടെത്തി. വാഹനത്തിൽ നടത്തിയ പരിശോധനയിൽ കൊക്കെയ്ൻ എന്ന് സംശയിക്കുന്ന 4 സാഷെകൾ, കഞ്ചാവ് അടങ്ങിയ 2 സാഷെകൾ, 7 എക്സ്റ്റസി ഗുളികകൾ എന്നിവ പിടിച്ചെടുത്തു. കൂടാതെ ലഹരിയായി ഉപയോഗിക്കുന്ന ‘ലാഫിംഗ് ഗ്യാസ്’ (നൈട്രസ് ഓക്സൈഡ്) അടങ്ങിയ 54 ബോട്ടിലുകളും 1,000 യൂറോയും വാഹനത്തിൽ നിന്ന് പൊലീസ് കണ്ടെടുത്തു.



