ചാര വിവാദം; ചൈനയ്ക്ക് അഡ്വാന്‍സ് ചിപ്പ് ആക്സസില്‍ പുതിയ നിയന്ത്രണങ്ങളുമായി യുഎസ്

വാഷിങ്ടണ്‍ ഡിസി : എഐ ഭീമനായ എന്‍വിഡിയ ഉള്‍പ്പെട്ട ചാര ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയ്ക്ക് നൂതന ചിപ്പുകളിലേക്കുള്ള ആക്സസിന് പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് സെക്യൂരിറ്റി (ബിഐഎസ്)യാണ് തിങ്കളാഴ്ച പുതിയ നിയമം പ്രഖ്യാപിച്ചത്. മൂന്നാം രാജ്യങ്ങളിലെ, പ്രത്യേകിച്ച് തെക്കുകിഴക്കന്‍ ഏഷ്യയിലെ ഡാറ്റാ സെന്ററുകളിലേക്ക് റിമോട്ട് ആക്സസ് ചെയ്തുകൊണ്ട് ചൈനീസ് എഐ ഡെവലപ്പര്‍മാര്‍ കയറ്റുമതി നിയന്ത്രണങ്ങള്‍ മറികടക്കുന്നത് തടയുന്നതാണ് ലക്ഷ്യം.
ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂര്‍, തായ്ലന്ഡ്, ബ്രസീല്‍ എന്നീ രാജ്യങ്ങളെ സാങ്കേതികവിദ്യ വഴിമാറിപ്പോകാന്‍ (diversion) സാധ്യതയുള്ളതും അംഗീകരിക്കാനാവാത്ത അപകടസാധ്യതയുള്ള ഇടങ്ങളുമായി ഇത് തരംതിരിക്കുന്നു. അതിനാല്‍, ഈ രാജ്യങ്ങളിലേക്ക് അത്യാധുനിക ചിപ്പുകള്‍ അയക്കാന്‍ ആഗ്രഹിക്കുന്നവർക്ക് കയറ്റുമതി ലൈസന്‍സ് അനിവാര്യമാണ്. ചൈനയിലെ കമ്പനികള്‍ക്ക് ചിപ്പുകള്‍ കയറ്റുമതി ചെയ്യുന്നതിനോ കൈമാറുന്നതിനോ ലൈസന്‍സ് നേടണമെന്ന നിലവിലുള്ള നിബന്ധനയുടെ യുക്തിസഹമായ വിപുലീകരണമാണ് ഈ പുതിയ മാറ്റമെന്ന് ബിഐഎസ് വ്യക്തമാക്കി. ‘അത്യാധുനിക കമ്പ്യൂട്ടിംഗ്, സൂപ്പര്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ എന്നിവയില്‍ ആഗോള തലത്തില്‍ മുന്‍പന്തിയിലുള്ള രാജ്യമാണ് അമേരിക്ക. നിയമാനുസൃതമായ വാണിജ്യ ആവശ്യങ്ങള്‍ക്കായി അമേരിക്കന്‍ സാങ്കേതികവിദ്യ ആഗോളതലത്തില്‍ ഉപയോഗപ്പെടുത്തുന്നതിനെ തങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. അതേസമയം, അതീവ പ്രാധാന്യമുള്ള സാങ്കേതികവിദ്യകള്‍ യുഎസിന്റെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയില്‍ ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്,’ ബിഐഎസ് ഒരു പ്രസ്താവനയില്‍ അറിയിച്ചു.
യുഎസ് കയറ്റുമതി നിയന്ത്രണങ്ങള്‍ പ്രകാരം ഗ്രാഫിക്സ് പ്രോസസ്സിംഗ് യൂണിറ്റുകള്‍ (GPU) ഇറക്കുമതി ചെയ്യുന്നതില്‍ നിന്ന് ചൈനീസ് കമ്പനികള്‍ക്ക് വിലക്കുണ്ട്. എന്നാല്‍, സിംഗപ്പൂര്‍, മലേഷ്യ, തായ്ലന്ഡ് തുടങ്ങിയ രാജ്യങ്ങളിലെ ഡാറ്റാ സെന്ററുകളിലുള്ള അത്യാധുനിക കമ്പ്യൂട്ടിംഗ് ശേഷി, റിമോട്ട് ആക്സസ് വഴി ഉപയോഗപ്പെടുത്താന്‍ അവര്‍ക്ക് ഇതുവരെ നിയമപരമായി സാധിച്ചിരുന്നു. നിരവധി ഡാറ്റാ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്ന സിംഗപ്പൂര്‍, ഈ പുതിയ നടപടിയുടെ വിശദാംശങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പരിശോധിച്ചുവരികയാണെന്ന് ചൊവ്വാഴ്ച അറിയിച്ചു.
എന്‍വിഡിയ മുന്‍ സിഇഒ ജെന്സന് ഹുവാങ് സ്റ്റേറ്റ് സെക്യൂരിറ്റി മന്ത്രാലയം റിക്രൂട്ട് ചെയ്ത ഒരു ചാര വനിതയുമായി പ്രണയത്തിലായെന്ന ആരോപണം വലിയ വിവാദത്തിനാണ് ഇടയാക്കിയത്. പിന്നാലെ എന്‍വിഡിയയുടെ നൂതന ചിപ്പുകളുടെ കയറ്റുമതി സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായതിനാലാണ് പുതിയ നിയന്ത്രണങ്ങള്‍ വരുന്നത്. എന്‍വിഡിയയുടെ തലപ്പത്ത് എഐ ബൂമിന്റെ ഏറ്റവും പ്രമുഖ മുഖങ്ങളില്‍ ഒരാളായിരുന്നു ഹുവാങ്. സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ഡാറ്റാ സെന്റര്‍ കമ്പനിയായ മെഗാസ്പീഡിന്റെ ചൈനീസ് എക്സിക്യൂട്ടീവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ കമ്പനി ബോര്‍ഡ് അന്വേഷണം നടക്കുന്നതിനിടെ കഴിഞ്ഞ ആഴ്ച ഇദ്ദേഹം രാജിവെച്ചിരുന്നു.



