അന്തർദേശീയം

വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്; അക്രമി കൊല്ലപ്പെട്ടു

വാഷിങ്ടണ്‍ ഡിസി : അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപം ശക്തമായ വെടിവെയ്പ്പ് ഉണ്ടായതായി റിപ്പോര്‍ട്ട്. യുഎസ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം വൈറ്റ് ഹൗസ് കോംപ്ലക്‌സിന് തൊട്ടുപുറത്തുള്ള 17-ത്ത് സ്ട്രീറ്റ്, പെന്‍സില്‍വാനിയ അവന്യൂ നോര്‍ത്ത് വെസ്റ്റ് എന്നിവിടങ്ങള്‍ യോജിക്കുന്ന സ്ഥലത്താണ് വെടിവെയ്പ്പ് നടന്നത്.

അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ച് കൊലപ്പെടുത്തി. നസിര്‍ ബെസ്റ്റ് എന്ന 21 കാരനാണ് വൈറ്റ് ഹൗസിന് പുറത്തുള്ള സീക്രട്ട് സര്‍വീസ് ചെക്ക് പോയിന്റിന് സമീപം വെടിയുതിര്‍ത്തത്. സ്വയം യേശുക്രിസ്തുവിന്റെ പുനരവതാരമാണെന്നാണ് ഇയാള്‍ വിശ്വസിച്ചിരുന്നതെന്നും മാനസിക പ്രശ്‌നങ്ങളുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്

രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവസമയം യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വൈറ്റ് ഹൗസിനുള്ളില്‍ ഉണ്ടായിരുന്നു. ഇറാനുമായുള്ള കരാര്‍ ചര്‍ച്ചകളുമായി ബന്ധപ്പെട്ട് അദ്ദേഹം ഓഫീസില്‍ തുടരുന്ന സമയത്താണ് വെടിവെയ്പ്പ് നടന്നത്. അദ്ദേഹം സുരക്ഷിതനാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഞായറാഴ്ച 17-ാം സ്ട്രീറ്റ് നോര്‍ത്ത് വെസ്റ്റില്‍ വെച്ചാണ് നസിര്‍ ബെസ്റ്റ് വെടിയുതിര്‍ത്തത്. രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. തോക്ക് കൈയിലുണ്ടായിരുന്ന നസിറിനെ കീഴടക്കാന്‍ സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥര്‍ തിരിച്ചു വെടിവെച്ചിരുന്നു. പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഇയാള്‍ മുമ്പും വൈറ്റ് ഹൗസ് പരിസരത്ത് കറങ്ങിനടന്നത് സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഗതാഗതം തടസ്സപ്പെടുത്തിയതിനും നിരോധിത മേഖലയില്‍ പ്രവേശിച്ചതിനും കഴിഞ്ഞ വര്‍ഷം രണ്ട് തവണ ഇയാളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. അന്ന് അറസ്റ്റ് ചെയ്യപ്പെടാന്‍ താന്‍ ആഗ്രഹിച്ചിരുന്നതായും താന്‍ യേശുവാണെന്നും ഇയാള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു.

എഫ്ബിഐ സംഘം സംഭവ സ്ഥലത്തെത്തി സീക്രട്ട് സര്‍വീസിന് ആവശ്യമായ പിന്തുണ നല്‍കിയതായി എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേല്‍ വ്യക്തമാക്കി. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവില്‍ പ്രദേശത്തെ സുരക്ഷാ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയതിനെ തുടര്‍ന്ന് വൈറ്റ് ഹൗസിലെ ലോക്ക്ഡൗണ്‍ പിന്‍വലിച്ചിട്ടുണ്ട്. ഒരു മാസം മുമ്പ് വാഷിങ്ടണ്‍ ഹില്‍ട്ടണില്‍ നടന്ന വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിനിടെയും സമാനമായ രീതിയില്‍ വെടിവെയ്പ്പ് ശ്രമം ഉണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button