യുഎസ് ഗ്രീന്‍ കാര്‍ഡിന് അപേക്ഷിക്കാന്‍ നാട്ടിലേക്ക് മടങ്ങേണ്ടിവരും

വാഷിങ്ടണ്‍ ഡിസി : വിദേശ പൗരന്മാര്ക്ക് അമേരിക്കയില്‍ സ്ഥിരതാമസവും ജോലി ചെയ്യാനുള്ള അവകാശവും നല്കുന്ന തിരിച്ചറിയല്‍ രേഖയായ ഗ്രീന്‍കാര്‍ഡിന് അപേക്ഷിക്കുന്ന കുടിയേറ്റക്കാര്‍ക്ക് പുതിയ നിര്‍ദേശങ്ങളുമായി യുഎസ് സര്‍ക്കാര്‍.
നിയമപരമായി അമേരിക്കയില്‍ തുടരുന്ന പലരും ഗ്രീന്‍ കാര്‍ഡിന് അപേക്ഷിക്കാന്‍ നാട്ടിലേക്ക് മടങ്ങേണ്ടിവരും. സ്വന്തം രാജ്യത്തെ യുഎസ് കോണ്‍സുലേറ്റുകള്‍ വഴിയാകും ഇനി ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്.
അമേരിക്കയുടെ പുത്തന്‍ കുടിയേറ്റ നയഭേദഗതി ലക്ഷക്കണക്കിന് വിദേശികളെ ബാധിക്കുമെന്ന ആശങ്ക ശക്തവുകയാണ്. യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസാണ് (യുഎസ്സിഐഎസ്) പുതിയ നയം പുറപ്പെടുവിച്ചത്.
വിദ്യാര്‍ത്ഥികള്‍, വിനോദസഞ്ചാരികള്‍, താല്‍ക്കാലിക തൊഴിലാളികള്‍ എന്നിവരുള്‍പ്പെടെയുള്ളവർക്ക് ഈ നയം ബാധകമാകും. നിലവില്‍ പല വിസകളിലായി അമേരിക്കയില്‍ കഴിയുന്ന ആളുകള്‍ സ്റ്റാറ്റസ് ക്രമീകരണം (അഡ്ജസ്റ്റ്മെന്റ് ഓഫ് സ്റ്റാറ്റസ്) വഴി രാജ്യത്ത് തുടര്‍ന്നുകൊണ്ടു തന്നെ ഗ്രീന്‍ കാര്‍ഡിനായി അപേക്ഷിക്കാറുണ്ട്. എന്നാല്‍ പുതിയ നിയമപ്രകാരം ചില അപേക്ഷകര്‍ നിർബന്ധമായും സ്വന്തം നാടുകളില്‍ മടങ്ങിയെത്തിയ ശേഷം ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം.
അമേരിക്കയില്‍ ദീര്‍ഘകാലമായി തുടരുന്ന താല്‍ക്കാലിക വിസ ഉടമസ്തരുടെ എണ്ണം വര്‍ധിച്ചതും തീര്‍പ്പാകാതെ വിസ അപേക്ഷകള്‍ കെട്ടിക്കിടക്കുന്നതുമാണ് പുതിയ നീക്കത്തിനു പിന്നിലെന്ന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ വ്യക്തമാക്കി. എച്ച് – 1 ബി വിസയില്‍ ജോലിചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് നടപടി തിരിച്ചടിയായേക്കും എന്നാണ് വിലയിരുത്തല്‍.
നാട്ടിലേക്ക് മടങ്ങേണ്ടിവന്നാല്‍ വീണ്ടും വിസ നടപടി പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ തിരികെപ്പോകാന്‍ സാധിക്കൂ. കോണ്‍സുലേറ്റ് നടപടികളില്‍ കാലതാമസം നേരിടുകയോ അപേക്ഷ തള്ളപ്പെടുകയോ ചെയ്താല്‍ ജോലി, താമസം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും തിരിച്ചടി നേരിട്ടേക്കും എന്ന ആശങ്ക ശക്തമാണ്.



