തെക്കൻ ലബനനിലെ വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ പ്രധാന കമാൻഡറും ബറ്റാലിയൻ തലവനും കൊല്ലപ്പെട്ടത്തായി ഇസ്രയേൽ

ടെൽ അവീവ് : ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ അബു ഹസൻ അലായെ വ്യോമാക്രമണത്തിൽ വധിച്ചെന്ന് ഇസ്രയേൽ പ്രതിരോധ സേന (ഐ.ഡി.എഫ്.). ഹിസ്ബുള്ളയുടെ പ്രധാന കമാൻഡറായ അലാ, മേഖലയിലെ ഐ.ഡി.എഫ്. സേനയ്‌ക്കെതിരായ നീക്കങ്ങൾക്ക് നേതൃത്വം നൽകിയിരുന്നയാളാണെന്ന് ദി ജറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ ഹിസ്ബുള്ള ഫോഴ്‌സിലെ ബറ്റാലിയൻ കമാൻഡർ അലി സമീർ അൽ-ഹാജ് ഹസനും കൊല്ലപ്പെട്ടിട്ടുണ്ട്.
തെക്കൻ ലബനനിലെ അൻസാർ പ്രദേശത്തുള്ള ഹിസ്ബുള്ള മിലിട്ടറി ആസ്ഥാനത്തിനുനേരെ നടത്തിയ ആക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഇസ്രയേലി സൈനികർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതിന് മറുപടിയായാണ് ഈ ആക്രമണം.
കൊല്ലപ്പെട്ട ഹസന്റെ കുടുംബാംഗങ്ങൾ പരിസരത്തുണ്ടായിരുന്നകാര്യം അറിയില്ലായിരുന്നെന്ന് ഇസ്രയേൽ സൈന്യവും പ്രധാനമന്ത്രിയുടെ ഓഫീസും അറിയിച്ചു. ഹിസ്ബുള്ള സാധാരണക്കാരെ മനുഷ്യകവചമാക്കി മാറ്റി തങ്ങളുടെ സൈനിക താവളങ്ങളിൽ ഒളിപ്പിച്ചിരിക്കുകയാണെന്നും ഇസ്രയേലിനെതിരേ കുറ്റാരോപണമുന്നയിക്കാൻ ബോധപൂർവം ഇത്തരം തന്ത്രങ്ങൾ ഉപയോഗിക്കുകയാണെന്നും ഇസ്രയേൽ ആരോപിച്ചു.
മറ്റു അതിർത്തി മേഖലകളിലും ഇസ്രയേൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഗാസ തീരത്ത് ഹമാസ് ചെറുബോട്ടുകളുപയോഗിച്ച് കടൽമാർഗം ആക്രമണത്തിന് പദ്ധതിയിടുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇസ്രയേൽ നാവികസേന ‘അയൺ വാൾ’ എന്ന പേരിൽ പുതിയ തീരദേശ പ്രതിരോധ സംവിധാനം കൊണ്ടുവന്നു. ഇസ്രയേൽ-ലബനൻ അതിർത്തിയിൽ നിലവിൽ വൻ സംഘർഷാവസ്ഥയാണുള്ളത്. ശനിയാഴ്ച തെക്കൻ ലബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളുമടക്കം കുറഞ്ഞത് 11 പേർ കൊല്ലപ്പെടുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലബനന്റെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.



