യൂറോപ്യൻ യൂണിയൻ വാർത്തകൾ

മൊറോക്കോയിൽ നിന്ന് സ്പെയിനിലേക്ക് കടക്കാൻ ശ്രമിച്ച 111 അനധികൃത കുടിയേറ്റക്കാർ അറസ്റ്റിൽ

മാഡ്രിഡ് : സ്പെയിനിലെ വടക്കേ ആഫ്രിക്കൻ മേഖലയായ സ്യൂട്ടയിലേക്ക് പലായനം ചെയ്യാൻ ശ്രമിച്ച 111 പേരെ മൊറോക്കൻ പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു. അതിർത്തിയുടെ ഇരുവശത്തും സുരക്ഷ കർശനമാക്കിയതിനിടെയാണ് വീണ്ടും ഒരു കൂട്ടം കുടിയേറ്റക്കാർ അതിർത്തി കടക്കാൻ ശ്രമിച്ചത്. രണ്ടാഴ്ച മുൻപ് 72,000ത്തിലധികം കുടിയേറ്റക്കാരാണ് സ്യൂട്ടയിലേക്ക് ഇരച്ചുകയറിത്.

മൊറോക്കോയിലെ അഭയാർഥികൾ സ്പെയിനിലേക്ക് കുടിയേറ്റം നടത്തുന്നതിനെതിരെ യൂറോപ്യൻ യൂണിയനുള്ളിൽ സംഘർഷങ്ങൾ തു‌ടരുകയാണ്. ലോകമെമ്പാടുമുള്ള തീവ്ര വലതുപക്ഷ പാർട്ടികൾക്കിടയിലും കുടിയേറ്റ വിരുദ്ധ ചർച്ചകൾക്കും ഇത് കാരണമായിട്ടുണ്ട്. സ്പെയിനിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കുറഞ്ഞത് 96 പേർ മരിച്ചതായാണ് വിവരം.

അറസ്റ്റ് ചെയ്തവരിൽ സബ്-സഹാറൻ ആഫ്രിക്കയിൽ നിന്നുള്ള 109 കുടിയേറ്റക്കാരുണ്ട്. സ്യൂട്ടയ്ക്ക് എതിർവശത്തുള്ള മൊറോക്കൻ നഗരമായ ഫ്നിഡെക്കിലോ പരിസരത്തോ രണ്ട് മൊറോക്കൻ പൗരന്മാരും അറസ്റ്റിലായിട്ടുണ്ടെന്ന് മൊറോക്കോ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അതിർത്തിയിൽ നിന്ന് ഏകദേശം 3 കിലോമീറ്റർ അകലെയുള്ള കുന്നുകളിൽ തടിച്ചുകൂടിയ കുടിയേറ്റക്കാരുടെ സംഘങ്ങളെ പിരിച്ചുവിടാൻ മൊറോക്കൻ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.

വാർത്തകളറിയാനെത്തിയ മാധ്യമപ്രവർത്തകർക്ക് മൊറോക്കോയുടെ ആഭ്യന്തര മന്ത്രാലയം വിശദീകരണം നൽകിയില്ല. മാധ്യമപ്രവർത്തകരോട് ഉടൻ തന്നെ ഫ്നിഡെക് വിടാൻ ഉത്തരവിട്ടതായും റിപ്പോർട്ടുണ്ട്. സ്യൂട്ടയിൽ ഏകദേശം 5,000 കുടിയേറ്റക്കാരുണ്ട്. എൽ ട്രാംപോളിനിലെ ബീച്ചിലെ താല്കാലിക ഷെൽട്ടറുകൾക്ക് കീഴിൽ നൂറുകണക്കിന് കുടിയേറ്റക്കാരാണുള്ളത്. അതിർത്തിക്ക് സമീപം വയർ ഷീൽഡുകളും റോഡ് ചെക്ക്‌പോസ്റ്റുകളും പോലീസ് വാനുകളും ഉൾപ്പെടെ ശക്തമായ സുരക്ഷ ഏർപ്പെടുത്തിയതായി സ്പെയിൻ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button