യൂറോപ്യൻ യൂണിയൻ വാർത്തകൾ

ഹംഗറിയിൽ പോളിഷ് വിനോദസഞ്ചാര ബസ് മറിഞ്ഞ് 12 മരണം; 10 പേർക്ക് ഗുരുതര പരിക്ക്

ബുഡാപെസ്റ്റ് : ഹംഗറിയിൽ പോളിഷ് വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബസ് ഹൈവേയിൽ നിന്ന് തെന്നിമാറി മറിഞ്ഞ് 12 പേർ മരിച്ചു. 10 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെയാണ് കിഴക്കൻ ഹംഗറിയിലെ മെസോകെറെഷ്തെസ് നഗരത്തിന് സമീപം അപകടമുണ്ടായത്.

പോളിഷ് രജിസ്ട്രേഷനുള്ള ബസ്, എം3 മോട്ടോർവേയിലൂടെ നൈറെഗിഹാസ നഗരത്തിലേക്ക് പോകുന്നതിനിടെയാണ് അപകടം. പുലർച്ചെ ഒരു മണിയോടെ നേരെയുള്ള റോഡിൽനിന്ന് ബസ് നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിലേക്ക് പതിക്കുകയും മറിഞ്ഞുവീഴുകയുമായിരുന്നു.

പ്രാഥമിക അന്വേഷണത്തിൽ ഡ്രൈവർ ഉറങ്ങിപ്പോയതാകാം ബസിന്റെ നിയന്ത്രണം നഷ്ടപ്പെടാൻ കാരണമെന്ന് ഹംഗേറിയൻ പൊലീസ് അറിയിച്ചു. സംഭവത്തിൽ ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണ്.

57 യാത്രക്കാരും രണ്ട് ഡ്രൈവർമാരുമാണ് ബസിലുണ്ടായിരുന്നത്. അപകടത്തിൽപ്പെട്ടവരെ രക്ഷാപ്രവർത്തകർ ആശുപത്രികളിലേക്ക് മാറ്റി. ബസ് മറിഞ്ഞതിനെ തുടർന്ന് ചില യാത്രക്കാർ വാഹനത്തിനടിയിൽ കുടുങ്ങിയിരുന്നതായും റിപ്പോർട്ടുണ്ട്. ബസ് പൂർണമായും തകർന്ന നിലയിലും യാത്രക്കാരുടെ സാധനങ്ങളും സ്യൂട്ട്‌കേസുകളും റോഡരികിൽ ചിതറിക്കിടക്കുന്നതായും അപകടസ്ഥലത്തുനിന്നുള്ള ദൃശ്യങ്ങളിൽ കാണാം.

അപകടത്തിൽപ്പെട്ട യാത്രക്കാർ പോളണ്ടിന്റെ തെക്കുകിഴക്കൻ പൊഡ്കാർപാക്കി മേഖലയിൽ നിന്നുള്ളവരാണെന്ന് അധികൃതർ അറിയിച്ചു. ബോസ്‌നിയ -ഹെർസഗോവിനയിലെ തീർഥാടന യാത്ര പൂർത്തിയാക്കി പോളണ്ടിലേക്ക് മടങ്ങുകയായിരുന്നു സംഘം.

സംഭവത്തിൽ പോളിഷ് പ്രസിഡന്റ് കരോൾ നവ്റോക്കി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി അദ്ദേഹം അറിയിച്ചു.

പോളിഷ് വിദേശകാര്യ മന്ത്രി റഡോസ്ലാവ് സിക്കോർസ്കിയും അപകടം സ്ഥിരീകരിച്ചു. ഹംഗേറിയൻ അധികൃതരുമായി പോളിഷ് കോൺസുലർ വിഭാഗം നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ദുരന്തവുമായി ബന്ധപ്പെട്ട സ്ഥിരീകരിച്ച വിവരങ്ങൾ പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു. ഹംഗേറിയൻ പ്രധാനമന്ത്രി പീറ്റർ മഗ്യാർ മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥർക്ക് നന്ദി അറിയിക്കുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button