ഇറാൻ യുദ്ധം : അമേരിക്കയുടെ സൈനിക ചെലവ് 4700 കോടി ഡോളർ കവിഞ്ഞതായി റിപ്പോർട്ടുകൾ

വാഷിങ്ടൺ ഡിസി : ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കയുടെ സൈനിക ചെലവ് ഇതുവരെ 4700 കോടി ഡോളർ കവിഞ്ഞതായി റിപ്പോർട്ടുകൾ. ജൂലൈയിൽ യുഎസ് പ്രതിരോധ വകുപ്പ് കണക്കാക്കിയ തുകയേക്കാൾ 25 ശതമാനത്തിലധികം വർധനയാണിത്. പെന്റഗണിന്റെ പുതിയ കണക്കു പ്രകാരം റോയിട്ടേഴ്സാണ് ഈ റിപ്പോർട്ട് പുറത്തു വിട്ടത്. യുദ്ധച്ചെലവിന്റെ പുതിയ കണക്ക് പ്രതിരോധ വകുപ്പ് പരസ്യമായി പുറത്തു വിട്ടിട്ടില്ല. ഇതുമായി ബന്ധപ്പെട്ട പ്രതികരണത്തിനായി മാധ്യമങ്ങൾ ബന്ധപ്പെട്ടെങ്കിലും പെന്റഗൺ മറുപടി നൽകിയില്ല. യുദ്ധത്തിൽ ഉപയോഗിച്ച ആയുധങ്ങൾ പുനസ്ഥാപിക്കാൻ മാത്രം 2,900 കോടി ഡോളറിലധികം വേണ്ടിവരുമെന്നാണ് പെന്റഗണിന്റെ വിലയിരുത്തൽ.
കൂടാതെ സൈനികോപകരണങ്ങൾക്കും യുദ്ധത്തിനിടെ നഷ്ടപ്പെട്ട വിമാനങ്ങൾ ഉൾപ്പടെയുള്ള സംവിധാനങ്ങൾക്കും പകരം വാങ്ങാൻ 600 കോടി ഡോളറിലധികം ആവശ്യമായി വരും. യുദ്ധത്തിനിടെ നിരവധി ഡ്രോണുകളും നഷ്ടപ്പെട്ടിട്ടുണ്ട്. വിമാനങ്ങളുടെ പ്രവർത്തനം ,സൈബർ പിന്തുണ തുടങ്ങിയ വിവിധ പ്രവർത്തനച്ചെലവുകളും കണക്കിൽ ഉൾപ്പെടുന്നുണ്ടെങ്കിലും ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ തകർന്ന അമേരിക്കൻ സൈനിക താവളങ്ങൾ അറ്റകുറ്റപ്പണി നടത്താനുള്ള വൻ ചെലവ് പൂർണമായി കണക്കാക്കിയിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
ഫെബ്രുവരിയില്‍ ഇസ്രയേലുമായി ചേര്‍ന്നു തുടങ്ങിയ യുദ്ധം അധിക കാലം നീണ്ടു നിൽക്കില്ലെന്നാണ് ട്രംപ് കരുതിയത്. ഇറാന്റെ പ്രതിരോധ സംവിധാനങ്ങൾ തകർക്കാൻ ആദ്യം വിലകൂടിയതും കൃത്യതയേറിയതുമായ മിസൈലുകള്‍ ഉപയോഗിക്കുകയും പിന്നീട് കുറഞ്ഞ ചെലവിലുള്ള ആയുധങ്ങളിലേക്ക് മാറുകയുമായിരുന്നു അമേരിക്കയുടെ പ്രാരംഭ തന്ത്രം. ജെഡിഎഎം പോലുള്ള വിമാനങ്ങളില്‍നിന്ന് പ്രയോഗിക്കുന്ന ഗൈഡഡ് ബോംബുകളും ഈ പദ്ധതിയുടെ ഭാഗമായിരുന്നു. എന്നാല്‍, ഏപ്രിലില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ ഇറാന് ഭൂഗര്‍ഭ ആയുധസംഭരണ കേന്ദ്രങ്ങള്‍ വീണ്ടെടുക്കാനും ചില പ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാനും അവസരം നല്‍കിയതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഇതിനുശേഷം ഇറാന്റെ എണ്ണ കയറ്റുമതിയിൽ നിന്നുള്ള വരുമാനം തടയാൻ ട്രംപ് രാജ്യത്തിനെതിരേ നാവിക ഉപരോധം ഏർപ്പെടുത്തി. ഇടക്കാല തെരഞ്ഞെടുപ്പിനു ശേഷം വീണ്ടും സൈനിക നടപടികൾ ആരംഭിക്കാനുള്ള സാധ്യതയും അദ്ദേഹം മുന്നോട്ടു വച്ചു. ഉത്തരവ് ലഭിച്ചാല്‍ ഇറാനെതിരായ ശക്തമായ ആക്രമണങ്ങള്‍ പുനരാരംഭിക്കുന്നതിനുള്ള ആസൂത്രണം പെന്റഗൺ നടത്തുന്നതായി പേര് വെളിപ്പെടുത്താത്ത യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു. യുദ്ധം നീണ്ടു പോകുന്ന സാഹചര്യത്തിൽ അമേരിക്കയുടെ സൈനിക ചെലവ് ഇനിയും ഉയർന്നേക്കും. ജൂലൈയിൽ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വ്യക്തമാക്കിയതു പ്രകാരം ഇറാൻ യുദ്ധത്തിന് യുഎസ് ചെലവാക്കിയത് 3,750 കോടി ഡോളറായിരുന്നു.



