അംഗീകാരമില്ലാത്ത മരുന്നുകളുടെ ഓൺലൈൻ വില്പന; ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി പൊതുജനാരോഗ്യ വകുപ്പ്

അംഗീകാരമില്ലാത്ത റെറ്റാട്രൂറ്റൈഡ് (Retatrutide) ഉൽപ്പന്നങ്ങൾ ഓൺലൈനായി വാങ്ങുന്നതിനെതിരെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി പൊതുജനാരോഗ്യ വിഭാഗവും (Superintendence of Public Health) മാൾട്ട മെഡിസിൻസ് അതോറിറ്റിയും.
അംഗീകാരമില്ലാത്തതും പരിശോധിക്കപ്പെടാത്തതുമായ സ്രോതസ്സുകളിൽ നിന്ന്, പ്രധാനമായും ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ, സോഷ്യൽ മീഡിയ, അനൗദ്യോഗിക വിൽപ്പനക്കാർ എന്നിവ വഴി റെറ്റാട്രൂറ്റൈഡ് അടങ്ങിയ ഉൽപ്പന്നങ്ങൾ വിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഇത്തരം മരുന്നുകൾ ശരീരഭാരം കുറയ്ക്കുന്നതിനും പ്രമേഹം പോലുള്ള രോഗങ്ങൾ ചികിത്സിക്കുന്നതിനുമായി പ്രചരിപ്പിക്കപ്പെടുന്നുണ്ടെങ്കിലും, ഇവ നിലവിൽ നിയന്ത്രണങ്ങൾക്ക് വിധേയമല്ല.
അതുകൊണ്ടുതന്നെ, ഇത്തരം മരുന്നുകൾ വ്യാജമോ, ഗുണനിലവാരമില്ലാത്തതോ, തെറ്റായ രീതിയിൽ സൂക്ഷിച്ചതോ അല്ലെങ്കിൽ അജ്ഞാതമായ ഉറവിടത്തിൽ നിന്നുള്ളതോ ആകാൻ സാധ്യതയുണ്ട്.
പൊതുജനാരോഗ്യ വിഭാഗവും (Superintendence of Public Health) മാൾട്ട മെഡിസിൻസ് അതോറിറ്റിയും (Malta Medicines Authority) നൽകുന്ന മുന്നറിയിപ്പ് പ്രകാരം, ഈ മരുന്ന് പൊതു ഉപയോഗത്തിനായി അംഗീകരിച്ചിട്ടില്ലാത്തതും, ഇതുൾപ്പെട്ട ഉൽപ്പന്നങ്ങൾക്ക് അനുമതി ലഭിച്ചിട്ടില്ലാത്തതുമാണ്.
ഇത്തരം ഉൽപ്പന്നങ്ങളെ കണ്ടെത്തുന്നതിനും വിപണിയിൽ നിന്ന് നീക്കം ചെയ്യുന്നതിനുമുള്ള നടപടികൾ അധികൃതർ സ്വീകരിച്ചുവരുന്നു.
ലൈസൻസുള്ള ഫാർമസികളിൽ നിന്ന് മാത്രം മരുന്നുകൾ വാങ്ങണമെന്നും, ഓൺലൈൻ ചാനലുകളിലൂടെയും സോഷ്യൽ മീഡിയ വഴിയും പ്രചരിപ്പിക്കപ്പെടുന്ന ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും പൊതുജനങ്ങളോട് ശക്തമായി നിർദ്ദേശിക്കുന്നു.
കൂടാതെ, “പരീക്ഷണാർത്ഥം” (experimental), “ഗവേഷണ ആവശ്യങ്ങൾക്ക്” (research), അല്ലെങ്കിൽ “മനുഷ്യ ഉപഭോഗത്തിനല്ല” (not for human consumption) എന്ന് ലേബൽ ചെയ്തിട്ടുള്ള വസ്തുക്കൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
ഏത് മരുന്നോ ആരോഗ്യ സംബന്ധിയായ ഉൽപ്പന്നമോ ഉപയോഗിക്കുന്നതിന് മുൻപ്, അവ എങ്ങനെ പരസ്യം ചെയ്യപ്പെട്ടാലും, ലൈസൻസുള്ള ആരോഗ്യവിദഗ്ധരിൽ നിന്ന് കൃത്യമായ ഉപദേശം തേടേണ്ടതാണ്.
അംഗീകാരമില്ലാത്ത അല്ലെങ്കിൽ നിയന്ത്രണമില്ലാത്ത ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും, പാർശ്വഫലങ്ങൾക്കും, അലർജി, മലിനീകരണം, വിഷബാധ, അണുബാധ തുടങ്ങിയ അപകടകരമായ അവസ്ഥകൾക്കും കാരണമായേക്കാം എന്നത് ശ്രദ്ധിക്കുക.
ആരോഗ്യവിദഗ്ധരും വ്യാപാരികളും പൊതുജനങ്ങളും സുരക്ഷിതമല്ലാത്തതോ, വ്യാജമോ, നിയമവിരുദ്ധമോ ആയ ഉൽപ്പന്നങ്ങളെക്കുറിച്ച് സംശയമുണ്ടെങ്കിൽ ബന്ധപ്പെട്ട അധികൃതരെ അറിയിക്കാൻ അഭ്യർത്ഥിക്കുന്നു.



