ഗക്സാഖിൽ 25,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ പുതിയ പിക്നിക് പാർക്ക്

ഗക്സാഖിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്ന 25,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള പ്രദേശം മനോഹരമായ പിക്നിക് പാർക്കാക്കി മാറ്റി. പ്രോജക്ട് ഗ്രീനിന്റെ (Project Green) നേതൃത്വത്തിൽ നടന്ന നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായതായി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. ‘ജ്ന്യൻ തസ്-സെബ്ബുജ്’ (Ġnien taż-Żebbuġ) എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ ഉദ്യാനം പരിസ്ഥിതി മന്ത്രി മിറിയം ദാലി, പ്രോജക്ട് ഗ്രീൻ ഭാരവാഹികൾ, മേയർ കാൾ ബോക്സോൾ, ഗക്സാഖ് കൗൺസിലർമാർ എന്നിവർ ചേർന്ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
10 ലക്ഷത്തോളം യൂറോ ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്. ഉദ്യാനത്തിലെ ചെടികളും മരങ്ങളും നനയ്ക്കുന്നതിനായി മഴവെള്ളം ശേഖരിക്കാൻ 60 ക്യൂബിക് മീറ്റർ ശേഷിയുള്ള ജലസംഭരണിയും പുതിയ പൊതു ശുചിമുറി സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. അതിർത്തികളിൽ പരമ്പരാഗത കൽച്ചുമരുകൾ (Rubble walls) കെട്ടുകയും ആവശ്യമായ ഇടങ്ങളിൽ കവാടങ്ങൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കുന്നതിനായി സിസിടിവി നിരീക്ഷണ സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്.
പാർക്കിൽ ബെഞ്ചുകൾ, പിക്നിക് മേശകൾ, സൈക്കിൾ പാർക്കിംഗ് ഏരിയ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികളുടെ ശാരീരിക വികാസവും സന്തുലനാവസ്ഥയും പ്രോത്സാഹിപ്പിക്കുന്നതിനായി അനുയോജ്യമായ ബെഞ്ചുകളും ഇന്ററാക്ടീവ് കളി ഉപകരണങ്ങളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
പ്രകൃതിദത്തമായ അന്തരീക്ഷം നിലനിർത്തിക്കൊണ്ട് 500-ലധികം ഒലിവ് മരങ്ങൾ ഉൾപ്പെടെ പ്രദേശത്തുണ്ടായിരുന്ന ഭൂരിഭാഗം മരങ്ങളും സംരക്ഷിച്ചതായി മന്ത്രാലയം വ്യക്തമാക്കി. ഇതിനുപുറമേ 150 പുതിയ മരങ്ങളും 440 ചെറുസസ്യങ്ങളും (Shrubs) നട്ടുപിടിപ്പിച്ചിട്ടുണ്ട്. യൂറോപ്യൻ അഗ്രികൾച്ചറൽ ഫണ്ട് ഫോർ റൂറൽ ഡെവലപ്‌മെന്റിന്റെ (EAFRD) സാമ്പത്തിക സഹായത്തോടെ യൂറോപ്യൻ യൂണിയനാണ് ഈ പദ്ധതിക്കായി ഫണ്ട് ലഭ്യമാക്കിയത്.



