അന്തർദേശീയം

യുഎൻ സമ്മേളനത്തിനെത്തുമ്പോൾ “നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും” : മേയർ മംദാനി

ന്യൂയോർക്ക് : യുണൈറ്റഡ് നേഷൻസ് ജനറൽ അസംബ്ലിയുടെ 81-ാമത് സമ്മേളനത്തിൽ പങ്കെടുക്കാൻ ഈ സെപ്റ്റംബറിൽ ന്യൂയോർക്കിലെത്തുന്ന ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തൻ്റെ ഭരണകൂടം നിയമോപദേശം തേടുന്നതായി ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി. ‘ന്യൂയോർക്ക് ടൈംസ്’ മാധ്യമ പരിപാടിയായ ‘ദി ഇൻ്റർവ്യൂ’-വിൽ സംസാരിക്കവെയാണ് മേയർ ഇക്കാര്യം വ്യക്തമാക്കിയത്.

അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ള നെതന്യാഹു ഹേഗിലെ അന്താരാഷ്ട്ര കോടതിയിലാണ് യാഥാര്‍ഥത്തിൽ എത്തേണ്ടത്, മാത്രമല്ല അദ്ദേഹം ഒരു യുദ്ധക്കുറ്റവാളിയാണെന്നും മംദാനി ആവർത്തിച്ചു. കഴിഞ്ഞ വർഷം നടന്ന മേയർ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നെതന്യാഹു ന്യൂയോർക്കിലെത്തിയാൽ നഗരത്തിലെ പോലീസ് വകുപ്പിനോട് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെടുമെന്ന് മംദാനി പ്രഖ്യാപിച്ചിരുന്നു. ഇസ്രായേൽ ഗാസയിൽ നടത്തിയ ‘വംശഹത്യ’യെ നിരന്തരം വിമർശിക്കുന്ന നേതാവാണ് മംദാനി.

ഗാസ യുദ്ധത്തിൽ സ്ത്രീകളെയും കുട്ടികളെയും കൊന്നൊടുക്കിയതിന് പുറമെ വംശഹത്യാ കുറ്റവും കണ്ടെത്തിയതിന് പിന്നാലെയാണ് നെതന്യാഹു ഉൾപ്പെടെയുള്ള ഇസ്രായേലി നേതാക്കൾക്കെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

സൊഹ്‌റാൻ മംദാനിയുടെ നിലപാടും സമീപനവും നിലവിലെ അമേരിക്കൻ ഭരണകൂടം അംഗീകരിക്കുന്നില്ല. നിലപാടുകൾ എതിര്‍ ദിശയിലാണ്. ഐസിസി വാറണ്ടുകൾ നടപ്പിലാക്കാൻ ബാധ്യതയുള്ള ‘റോം ചട്ടത്തിൽ’ അമേരിക്ക ഇതുവരെ ഒപ്പുവെച്ചിട്ടില്ല. നിലവിലെ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഭരണകൂടം അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കെതിരെ നിലപാട് കടുപ്പിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര നിയമങ്ങളുടെ പേരിൽ അമേരിക്കയെ ലക്ഷ്യമിടാൻ ശ്രമിക്കുന്ന ഐസിസി എന്ന സ്ഥാപനത്തെ “തകർക്കുമെന്ന്” യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ അടുത്തിടെ പരസ്യമയായി പറഞ്ഞിരുന്നു.

ഈ സാഹചര്യത്തിൽ, ഐസിസി വാറണ്ട് നിലനിൽക്കുന്ന നെതന്യാഹുവിനെതിരെ ന്യൂയോർക്ക് മേയർ എന്ത് നടപടിയ സ്വീകരിക്കുമെന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ കൗതുകമാവുന്നു.

അതേസമയം, ഒരു വിദേശ രാജ്യത്തിൻ്റെ ഭരണത്തലവനെ കസ്റ്റഡിയിലെടുക്കാൻ ന്യൂയോർക്ക് പോലീസിന് നിയമപരമായ അധികാരമുണ്ടോ എന്ന കാര്യത്തിൽ തനിക്ക് ഇപ്പോഴും ഉറപ്പില്ലെന്ന് മേയർ മംദാനി സമ്മതിച്ചു.

യുഎൻ പൊതുസഭയിൽ പങ്കെടുക്കാനെത്തുന്ന പ്രതിനിധികൾക്ക് അന്താരാഷ്ട്ര തലത്തിൽ നയതന്ത്ര പരിരക്ഷയും നിയമപരമായ സുരക്ഷയും ലഭിക്കാറുണ്ട്. ഇതും ന്യൂയോർക്ക് സിറ്റിയുടെ നിയമപരമായ ബാധ്യതകളും കണക്കിലെടുത്ത്, വിഷയത്തിൽ വ്യക്തത വരുത്താൻ നഗരത്തിലെ ലോ ഡിപ്പാർട്ട്‌മെൻ്റിലെ വിദഗ്ധരുമായി സജീവമായ ചർച്ചകൾ നടത്തിവരികയാണെന്ന് കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button