ബിഗ് ടിക്കറ്റില്‍ ഇത്തവണ കോളടിച്ചത് മലയാളി വിദ്യാര്‍ഥിക്ക്

അബുദാബി : ബിഗ് ടിക്കറ്റിന്റെ ജൂണിലെ രണ്ടാമത്തെ വീക്കിലി ഡ്രോയില്‍ ഇന്ത്യക്കാര്‍ക്കും ബംഗ്ലാദേശികള്‍ക്കും ഭാഗ്യം. ഇത്തവണ നാല് പേരാണ് വിജയികളായത്. മലയാളി വിദ്യാര്‍ഥി ഉള്‍പ്പെടെയുള്ള ഈ പ്രവാസികള്‍ക്ക് 25,000 ദിര്‍ഹം (ഏകദേശം ആറര ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ) വീതമാണ് സമ്മാനമായി ലഭിച്ചത്.
മലയാളി എംബിഎ വിദ്യാര്‍ഥി അദ്വൈത് സുരേഷ് നായര്‍ ആണ് ഒരു വിജയി. കഴിഞ്ഞ സെപ്റ്റംബറില്‍ ഉപരിപഠനത്തിനായി ദുബൈയില്‍ എത്തിയതാണ് 21കാരനായത്. ദുബൈയിലാണ് അദ്വൈതുള്ളത്. ആദ്യമായി പങ്കെടുത്ത ബിഗ് ടിക്കറ്റിലാണ് അദ്വൈതിന് സമ്മാനം ലഭിച്ചത്.
രണ്ട് ബിഗ് ടിക്കറ്റുകള്‍ വാങ്ങിയപ്പോള്‍ ലഭിച്ച നാല് കോംപ്ലിമെന്ററി ടിക്കറ്റുകളിലൊന്നിലൂടെയാണ് സമ്മാനം. ജീവിതത്തില്‍ ആദ്യമായാണ് അദ്വൈത് ബിഗ് ടിക്കറ്റ് എടുത്തു ഭാഗ്യം പരീക്ഷിക്കുന്നത്. രണ്ട് ടിക്കറ്റുകള്‍ എടുത്തപ്പോള്‍ പ്രമോഷന് ആനുകൂല്യമായി ലഭിച്ച നാല് സൗജന്യ ടിക്കറ്റുകളിലൊന്നാണ് ഈ വിദ്യാര്‍ഥിയെ ഭാഗ്യവാനാക്കിയത്. സര്‍വകലാശാലയിലെ പഠന പ്രോജക്റ്റില്‍ മുഴുകിയിരിക്കുമ്പോഴാണ് അദ്വൈതിനെ തേടി സമ്മാനവിവരം അറിയിച്ചുകൊണ്ടുള്ള ഫോണ്‍ കോള്‍ എത്തുന്നത്. മാതാപിതാക്കള്‍ ബഹ്റൈനിലുള്ള അദ്വൈത് ഈ സമ്മാനത്തുക തന്റെ ബാക്കി പഠനച്ചെലവുകള്‍ക്കായി ഉപയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ദുബൈ ഇസ്ലാമിക് ബാങ്കില്‍ ജീവനക്കാരനായ കര്‍ണാടക മംഗളൂരു സ്വദേശി വിജയ് മെനെസെസാണ് സമ്മാനം നേടിയ മറ്റൊരാള്‍. 1998 മുതല്‍ കുടുംബത്തോടൊപ്പം ദുബായില്‍ കഴിയുന്ന ഇദ്ദേഹം കഴിഞ്ഞ മൂന്ന് വര്‍ഷമായി സ്ഥിരമായി ടിക്കറ്റുകള്‍ എടുക്കാറുണ്ട്.
ഹരിയാന സ്വദേശിയായ വരുണ്‍ ഭരദ്വാജാ(28)ണ് സമ്മാനാര്‍ഹനായ മറ്റൊരു ഇന്ത്യക്കാരന്. ദുബൈയില്‍ കമ്യൂണിക്കേഷന്‍സ് അസിസ്റ്റന്റായി ജോലി ചെയ്യുന്ന വരുണ്‍ ഒരു വര്‍ഷം മുന്‍പാണ് യുഎഇയില്‍ എത്തിയത്. ജോലിത്തിരക്കുകള്‍ക്കിടയിലാണ് സമ്മാനവിവരം വരുണിനെ തേടിയെത്തുന്നത്.
2007 മുതല്‍ യുഎഇയില്‍ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്ന ബംഗ്ലാദേശി സ്വദേശി മുഹമ്മദ് നസീം ജലാലാണ് നാലാമത്തെ വിജയി. വര്‍ഷങ്ങളായി ഒറ്റയ്ക്ക് ടിക്കറ്റെടുക്കുന്ന നസീം ഇത്തവണ നേരിട്ട് കൗണ്ടറില്‍ പോയാണ് ഭാഗ്യക്കുറി വാങ്ങിയത്. ലഭിച്ച തുക കൂടുതല്‍ ബിസിനസ്സ് വളര്‍ച്ചയ്ക്കായി നിക്ഷേപിക്കും.
ജൂലൈ മൂന്നിന് നടക്കുന്ന മഹാ നറുക്കെടുപ്പില്‍ 25 ദശലക്ഷം ദിര്‍ഹത്തിന്റെ (ഏകദേശം 64 കോടിയിലേറെ ഇന്ത്യന്‍ രൂപ) ഒന്നാം സമ്മാനമാണ് ബിഗ് ടിക്കറ്റ് കാത്തിരിക്കുന്നവരെ വരവേല്‍ക്കുന്നത്. ഇതിനുപുറമേ അഞ്ച് പേര്‍ക്ക് 10 ലക്ഷം ദിര്‍ഹം വീതം ആശ്വാസ സമ്മാനവും ലഭിക്കും.



