യുഎസിൽ വിമാനാപകടം; അഞ്ച് പേർ കൊല്ലപ്പെട്ടു

വാഷിംഗ്ടൺ ഡിസി : അമേരിക്കയിലെ ടെക്സാസിൽ ചെറുവിമാനം തകർന്നു വീണ് അഞ്ച് പേർ മരിച്ചു. വ്യാഴാഴ്ച രാത്രി ടെക്സാസിലെ വിംബർലിക്ക് സമീപമുണ്ടായ അപകടത്തിൽ അമറില്ലോ പിക്കിൾബോൾ ക്ലബിലെ താരങ്ങളാണ് കൊല്ലപ്പെട്ടത്.
ഒരു ടൂർണമെന്റിൽ പങ്കെടുക്കാൻ പോകുമ്പോഴാണ് അപകടം സംഭവിച്ചത്. സെസ്ന 421സി എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഓസ്റ്റിനിൽ നിന്ന് 40 മൈൽ അകലെയുള്ള വിംബർലിയിലെ വനമേഖലയിലാണ് വിമാനം തകർന്നുവീണത്. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.
എന്നാൽ ബ്ലാക് ബോക്സ് അടക്കം കണ്ടെത്തിയാലേ അപകടത്തിന്റെ യഥാർത്ഥ കാരണം സംബന്ധിച്ച് വ്യക്തതവരൂ. സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും അന്വേഷണം ആരംഭിച്ചു.



