മാൾട്ടാ വാർത്തകൾ

വൈദ്യുതി ശൃംഖല ശക്തിപ്പെടുത്താൻ എനിമാൾട്ട 140 മില്യൺ യൂറോ നിക്ഷേപിച്ചു : ഊർജ മന്ത്രി

2023-നും 2025-നുമിടയിൽ വൈദ്യുതി വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനായി എനെമൽറ്റ (Enemalta) 140 ദശലക്ഷം യൂറോ (ഏകദേശം 1,400 കോടിയോളം രൂപ) നിക്ഷേപിച്ചതായി ഊർജ്ജ മന്ത്രി മിറിയം ഡാലി പാർലമെന്റിനെ അറിയിച്ചു. എന്നാൽ, ഈ തുക ഏതെല്ലാം പദ്ധതികൾക്കായി എങ്ങനെയൊക്കെ ചെലവഴിച്ചു എന്നതിന്റെ വിശദമായ കണക്കുകൾ നൽകാൻ മന്ത്രി തയ്യാറായില്ല.

പ്രതിപക്ഷ എം.പി മാർക്ക് ആന്റണി സാമുട്ട് ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. കേബിളുകൾ വാങ്ങുന്നതിനും അവ സ്ഥാപിക്കുന്നതിനുമുള്ള ചെലവ്, റോഡുകൾ വെട്ടിപ്പൊളിച്ചതും പൂർവ്വസ്ഥിതിയിലാക്കിയതുമായ സിവിൽ ജോലികൾക്കുള്ള തുക എന്നിവയുടെ വേർതിരിച്ചുള്ള വിവരങ്ങളാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാൽ, നിർദ്ദിഷ്ട വർഷങ്ങളിൽ 140 ദശലക്ഷം യൂറോ നിക്ഷേപിച്ചു എന്ന ഒറ്റവരി മറുപടിയിലൊതുക്കി മന്ത്രി ചോദ്യത്തിന്റെ ബാക്കി ഭാഗങ്ങൾ ഒഴിവാക്കുകയായിരുന്നു.

വൻതുക വിതരണ ശൃംഖലയിൽ നിക്ഷേപിച്ചിട്ടുണ്ടെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും, കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തുടനീളം ഹൈ വോൾട്ടേജ് കേബിളുകൾ തകരാറിലായി ആയിരക്കണക്കിന് കുടുംബങ്ങൾ മണിക്കൂറുകളോളം ഇരുട്ടിലായിരുന്നു. ചിലയിടങ്ങളിൽ 12 മണിക്കൂറിലധികം നീളുന്ന വൈദ്യുതി തടസ്സമാണ് നേരിടേണ്ടി വന്നത്.

നഷ്ടപരിഹാരം വേണമെന്ന് നാഷണലിസ്റ്റ് പാർട്ടി

തുടർച്ചയായ വൈദ്യുതി മുടക്കം മൂലം ബുദ്ധിമുട്ടുന്ന കുടുംബങ്ങൾക്കും ബിസിനസുകൾക്കും യാന്ത്രികമായി (Automatic) നഷ്ടപരിഹാരം ലഭ്യമാക്കുന്ന സംവിധാനം കൊണ്ടുവരണമെന്ന് പ്രതിപക്ഷമായ നാഷണലിസ്റ്റ് പാർട്ടി (PN) വീണ്ടും ആവശ്യപ്പെട്ടു.

വൈദ്യുതി മുടങ്ങിയ സമയം, ഉപഭോക്താക്കളുടെ ഉപകരണങ്ങൾക്കുണ്ടായ കേടുപാടുകൾ, വ്യവസായങ്ങൾക്കുണ്ടായ ഉൽപ്പന്ന നാശം, ബിസിനസ് അടച്ചിടേണ്ടി വന്നതുമൂലമുള്ള സാമ്പത്തിക നഷ്ടം എന്നിവ കണക്കിലെടുത്ത് സുതാര്യമായ രീതിയിൽ നഷ്ടപരിഹാരം നൽകണമെന്ന് പി.എൻ വക്താക്കളായ മൈക്കൽ പിക്കിനിനോയും ഡാരൻ കരാബോട്ടും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഈ നടപടിക്രമങ്ങൾ ഉദ്യോഗസ്ഥരുടേയോ ഭരണസംവിധാനത്തിന്റെയോ തടസ്സങ്ങളില്ലാതെ ലളിതവും വേഗത്തിലുള്ളതുമായിരിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button